Monday 29 March 2021

പൊലീസിലെ കുറ്റക്കാരുടെ വിവരങ്ങള്‍ ഒരുമാസത്തിനകം പ്രസിദ്ധപ്പെടുത്തണം; ഹൈക്കോടതിയുടെ നിര്‍ണായക വിധി

പൊലീസിലെ കുറ്റക്കാരുടെ വിവരങ്ങള്‍ ഒരു മാസത്തിനകം പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി. അഴിമതിയുടേയും മനുഷ്യാവകാശ ലംഘനങ്ങളുടേയും പേരില്‍ കോടതി കുറ്റക്കാരെന്ന് കണ്ടതോ, സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതോ ആയ പൊലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ കേരളാ പൊലീസിന്റെ വെബ്സൈറ്റില്‍ ഒരു മാസത്തിനകം പ്രസിദ്ധപ്പെടുത്തണമെന്നാണ് ഹൈക്കോടതി ഉത്തരവ്.

ട്വന്റിഫോര്‍ ഡല്‍ഹി റീജ്യണല്‍ മേധാവി ആര്‍.രാധാകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. 20-09-2018 ലാണ് മാധ്യമപ്രവര്‍ത്തകനായ രാധാകൃഷ്ണന്‍ പൊലീസ് സേനയിലെ കുറ്റക്കാരുടെ വിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് വിവരാവകാശ നിയമപ്രകാരം പൊലീസില്‍ അപേക്ഷ നല്‍കുന്നത്. അപേക്ഷയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ :



സംസ്ഥാന പൊലീസ് സേനയിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ ആരെല്ലാം ?

അവര്‍ക്കെതിരെ രേഖകള്‍ പ്രകാരമുള്ള ആക്ഷേപങ്ങള്‍ എന്തെല്ലാം ?

ഇപ്പോള്‍ ഇവര്‍ വഹിക്കുന്ന ഔദ്യോഗിക സ്ഥാനങ്ങള്‍ എന്ത് ? സമ്പൂര്‍ണ വിവരങ്ങള്‍ ?

പൊലീസിന്റെ അന്വേഷണത്തിലിരുന്ന എത്ര ക്രിമിനല്‍ കേസുകള്‍ 2016 മെയ് 21ന് ശേഷം പിന്‍വലിച്ചു ? ആരുടെ നിര്‍ബന്ധപ്രകാരം പിന്‍വലിച്ചു ?

സംസ്ഥാന പൊലീസ് സേനയുടെ ഭാഗമായ എത്ര ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ? അവരുടെ പേരുകള്‍, റാങ്ക്, ഇപ്പോള്‍ വഹിക്കുന്ന തസ്തിക, കേസിന്റെ സംശുദ്ധ സൂചന എന്നീ വിവരങ്ങള്‍.

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ ആക്ഷേപ വിധേയരായ സംസ്ഥാന പൊലീസ് സേനയിലെ ഉദ്യോഗസ്ഥരെ സംബന്ധിച്ച് വിവരങ്ങള്‍. അവരുടെ പേരുകള്‍, റാങ്ക്, ഇപ്പോള്‍ വഹിക്കുന്ന തസ്തിക, കേസിന്റെ സംശുദ്ധ സൂചന എന്നീ വിവരങ്ങള്‍.

സംസ്ഥാന പൊലീസിന്റെ രേഖകള്‍ പ്രകാരം പിടികിട്ടാപ്പുള്ളികളായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ എത്രപേരാണ് സംസ്ഥാനത്തുള്ളത് ? അവരുടെ പേര്, മേല്‍വിലാസം, തുടങ്ങി സമ്പൂര്‍ണ വിവരങ്ങള്‍.

ഈ അപേക്ഷ പൊലീസിന്റെ വിവരാവകാശ ഉദ്യോഗസ്ഥന്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലേക്ക് കൈമാറി. എന്നാല്‍ വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് പറഞ്ഞ് ക്രൈംറെക്കോര്‍ഡ്സ് ബ്യൂറോ അപേക്ഷ തള്ളുകയായിരുന്നു. ഈ അപേക്ഷ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നായിരുന്നു വിശദീകരണം. തുടര്‍ന്ന് രാധാകൃഷ്ണന്‍ പൊലീസിന് അപ്പീല്‍ നല്‍കി. അപ്പീലും സമാന കാരണം പറഞ്ഞ് തള്ളി. തുടര്‍ന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന് ഹര്‍ജി നല്‍കി. എന്നാല്‍ അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പൊതുതാത്പര്യത്തിന്റെ ഭാഗമാണെന്ന് കണ്ടെത്തുകയും, അപേക്ഷയ്ക്ക് മറുപടി നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. അപ്പോഴും പൊലീസ് അധികൃതര്‍ മറുപടി നല്‍കാന്‍ കൂട്ടാക്കാതെ ഹൈക്കോടതിയെ സമീപിച്ച് ഉത്തരവിന് സ്റ്റേ വാങ്ങി. ഇതിന്റെ ഒന്നാം എതിര്‍ കക്ഷി സംസ്ഥാന വിവരാവകാശ കമ്മീഷ്ണറും, രണ്ടാം എതിര്‍ കക്ഷി ആര്‍.രാധാകൃഷ്ണനുമായിരുന്നു. രാധാകൃഷ്ണന്‍ അഭിഭാഷകന്റെ സഹായം കൂടാതെ സ്വന്തമായാണ് കേസ് വാദിച്ചത്.


ക്രൈം റെക്കോര്‍ഡ്സിനെ എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയെന്നായിരുന്നു പൊലീസിന്റെ ഭാഗം. എന്നാല്‍ അത്തരത്തിലൊരു എക്സിക്യൂട്ടിവ് ഉത്തരവ് വരികയാണെങ്കില്‍ വിവരാവകാശ നിയമത്തിന്റെ വകുപ്പ് 24/4 പ്രകാരം ഈ ഉത്തരവ് നിയമസഭാ അംഗീകരിച്ചിരിക്കണമെന്ന് രാധാകൃഷ്ണന്‍ വാദിച്ചു. പൊലീസിന്റെ വാദം പ്രകാരം ഈ ഉത്തരവ് വന്നത് 2013 ലാണ്. എന്നാല്‍ 2013ന് ശേഷം ഈ എക്സിക്യൂട്ടിവ് ഉത്തരവ് നിയമസഭയുടെ മുന്നില്‍ വയ്ക്കുകയോ അതില്‍ വ്യക്തത വരുത്തുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഈ ഉത്തരവ് നിലനില്‍ക്കില്ലെന്നും കാലാഹരണപ്പെട്ടുവെന്നും രാധാകൃഷ്ണന്‍ വാദിച്ചു.


ഹര്‍ജിയിലെ വിവിരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയാല്‍ അത് പൊലീസ് സേനയുടെ മനോവീര്യം കെടുത്തുന്നതിന് കാരണമാകുമെന്നും പൊലീസ് വാദിച്ചു. എന്നാല്‍ ക്രിമിനല്‍ പ്രവൃത്തി ചെയ്താല്‍ പൊലീസ് ആയാലും സാധാരണ വ്യക്തിയാണെങ്കിലും അവരെ ക്രിമിനലായി തന്നെ കണക്കാക്കണമെന്നാിരുന്നു രാധാകൃഷ്ണന്റെ വാദം. ഈ വാദം കോടതി ശരിവയ്ക്കുകയായിരുന്നു. ഈ വിവരങ്ങള്‍ പൊതുജനം അറിയണമെന്നും, ഇതെല്ലാം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് കൂടി മാധ്യമപ്രവര്‍ത്തകന്‍ വാദിച്ചു. തുടര്‍ന്ന് ഒരു മാസത്തിനകം ഈ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തണമെന്ന് ജസ്റ്റിസ് രാജ വിജയരാഘവന്‍ ഉത്തരവിട്ടു.


ഈ വിവരങ്ങള്‍ മറച്ചുവയ്ക്കുന്നത് ന്യായമല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അതേസമയം, അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടാലും കോടതിയുടെ തീരുമാനം വന്നിട്ടില്ലാത്ത ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ പേര് പുറത്തുവിടാനോ പ്രസിദ്ധപ്പെടുത്താനോ ബാധ്യതയില്ലെന്നും കോടതി വ്യക്തമാക്കി.



SHARE THIS

Author:

0 التعليقات: