Wednesday 31 March 2021

ഇരട്ടവോട്ട്: തിരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് ചെന്നിത്തല



ഹരിപ്പാട് - ഇരട്ടവോട്ട് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 4,34,000 വ്യാജ വോട്ടുകളുണ്ടെന്നതിന്റെ തെളിവ് താന്‍ കോടതിയില്‍ നല്‍കിയതാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത് 38586 ഇരട്ട വോട്ടുകള്‍ മാത്രമാണെന്നാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് ഞെട്ടിക്കുന്നതാണ്. താന്‍ ഉന്നയിച്ച പരാതികളില്‍ ഉറച്ച് നില്‍ക്കുന്നു. ഇരട്ടവോട്ട് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ നാളെ താന്‍ പുറത്തുവിടുമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


നരേന്ദ്ര മോദിയുടെ അനുസരണയുള്ള കുട്ടിയെ പോലെയാണ് പിണറായി വിജയന്‍ കഴിഞ്ഞ അഞ്ച് വര്‍ഷം പ്രവര്‍ത്തിച്ചത്. കേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞ അഞ്ച് വര്‍ഷം ഒന്നും നേടിയെടുക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല. അവസരം കിട്ടിയപ്പോഴെയെല്ലാം പിണറായി മോദിയെ പുകഴ്ത്തുകയായിരുന്നു. മോദി സര്‍ക്കാര്‍ അഞ്ച് വര്‍ഷവും കേരളത്തെ അവഗണിച്ചു. മോദിയും പിണറായിയും ഭായ് ഭായ് കളിക്കുകയാണ്. ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് വിശ്വാസ്യതയില്ല. ആഴക്കടല്‍ മത്സ്യ ബന്ധനം സംബന്ധിച്ച് ഇ എം സി സിയുമായി ഒപ്പിട്ട കരാര്‍ സര്‍ക്കാര്‍ ഇതുവരെ റദ്ദാക്കിയിട്ടില്ല. എല്‍ ഡി എഫും ബി ജെ പിയും തമ്മിലാണ് തിരഞ്ഞെടുപ്പ് ധാരണയെന്നും അദ്ദേഹം പറഞ്ഞു. ചാനല്‍ സര്‍വേകള്‍ തടയണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. എല്‍ ഡി എഫില്‍ നിന്നും പണം വാങ്ങിയാണ് ചാനലുകള്‍ സര്‍വേ നടത്തുന്നതെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.



 

 




SHARE THIS

Author:

0 التعليقات: