Friday 30 April 2021


രാജ്യത്തെ കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസില്‍ സുപ്രിംകോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ കോടതി എത്രത്തോളം ഇടപെടുമെന്നതാണ് നിര്‍ണായകം. വാക്സിന്‍ നയത്തെ അടക്കം ഇന്നലെ രൂക്ഷമായ ഭാഷയില്‍ സുപ്രിംകോടതി വിമര്‍ശിച്ചു.


ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എല്‍. നാഗേശ്വര റാവു, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് തയാറാക്കുന്ന ഇടക്കാല ഉത്തരവ് രാവിലെ സുപ്രിംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യും. ഓക്സിജന്‍ ക്ഷാമം അടക്കം പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍ കോടതി ഉത്തരവിട്ടേക്കും.


അടുത്ത പത്ത് ദിവസത്തേക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇടക്കാല ഉത്തരവിലുണ്ടാകുമെന്നാണ് സൂചന. ആധാര്‍ തുടങ്ങിയ തിരിച്ചറിയല്‍ രേഖയില്ല എന്നതിന്റെ പേരില്‍ ആശുപത്രികളില്‍ പ്രവേശനം നിഷേധിക്കാന്‍ പാടില്ലെന്ന് നിര്‍ദേശം നല്‍കിയേക്കും.


വാക്സിന്‍ സൗജന്യമായി നല്‍കുന്നത് പരിഗണിക്കണമെന്ന് ഇന്നലെ കോടതി നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്. നൂറ് ശതമാനം വാക്സിന്‍ ഡോസുകളും കേന്ദ്ര സര്‍ക്കാര്‍ വാങ്ങാത്തതിനെയും കോടതി ചോദ്യം ചെയ്തിരുന്നു. ഡല്‍ഹിയിലെ ഓക്സിജന്‍ ക്ഷാമം, രാജ്യത്തെ ലാബുകളുടെ പ്രവര്‍ത്തനം, അവശ്യ മരുന്നുകളുടെ ഉറപ്പാക്കല്‍, കിടക്കകളുടെ ലഭ്യത തുടങ്ങിയവയിലും ഇടക്കാല നിര്‍ദേശങ്ങള്‍ ഉണ്ടായേക്കും.



SHARE THIS

Author:

0 التعليقات: