Wednesday, 14 April 2021

വിഷു ആഘോഷങ്ങള്‍ക്കിടെ ഒരു കുടുംബത്തിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചു


വെള്ളരിക്കുണ്ട്:  ഒരു കുടുംബത്തിലെ രണ്ട് വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചു. വെസ്റ്റ് എളേരി പഞ്ചായത്തിലെ കാവുന്തല സ്വദേശികളായ ശ്രാകത്തില്‍ റെജിയുടെയും സെലിന്റെയും മകന്‍ ആല്‍ബിന്‍ റെജി (15), ശ്രാകത്തില്‍ തോമസിന്റെയും ജയിനിയുടെയും മകന്‍ ബ്ലസന്‍ തോമസ് (20) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പരപ്പച്ചാല്‍ പുഴയില്‍ കുളിക്കുന്നതിനിടെയാണ് അപകടം നടന്നത്. രണ്ട് പേരും സഹോദരന്മാരുടെ മക്കളാണ്. ആല്‍ബിന്‍ റെജി വരക്കാട് സെന്റ് അലക്‌സീയ ഇംഗ്ലീഷ്  മീഡിയം സ്‌കൂളിലെ 10-ാം തരം വിദ്യാര്‍ഥിയാണ്. ബ്ലസന്‍ തോമസ് മംഗളുറു ഡോ. എം വി ഷെട്ടി നഴ്സിംഗ് കോളജിലെ ബി എസ് സി നഴ്സിംഗ് വിദ്യാര്‍ഥിയാണ്.                                                                                     


വിഷു ദിനത്തില്‍ പരപ്പച്ചാലിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയതായിരുന്നു ഇരുവരും. പുഴയില്‍ കുളിക്കവെ വേലിയേറ്റ സമയത്ത് വെള്ളം കയറുകയും ഇരുവരും അടിയൊഴുക്കില്‍ പെടുകയുമായിരുന്നു. കൂടെ ഉണ്ടായിരുന്ന മറ്റൊരു കുട്ടി ഉച്ചത്തില്‍ കരയുന്നത് കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും കരക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിക്ക് വെച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹങ്ങള്‍ പരിയാരത്തുള്ള കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 




SHARE THIS

Author:

0 التعليقات: