Wednesday, 21 April 2021

കേരള പ്രീമിയര്‍ ലീഗ് കിരീടം ഗോകുലം കേരള എഫ്സിക്ക്


കേരള പ്രീമിയര്‍ ലീഗ് കിരീടം ഗോകുലം കേരള എഫ്സിക്ക്. ഫൈനലില്‍ കെഎസ്ഇബിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഗോകുലം ചാമ്പ്യന്‍മാരായത്. നിലവിലെ ഐ ലീഗ് ചാമ്പ്യന്‍മാരായ ഗോകുലത്തിന്റെ രണ്ടാം കെപിഎല്‍ കിരിടമാണിത്.



രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ഗോകുലം കേരള എഫ്സിയും കെഎസ്ഇബിയും എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ കലാശ പോരാട്ടത്തിനിറങ്ങിയത്. കളിയുടെ തുടക്കത്തില്‍ സാലിയോ ഗ്വിന്റോയിലൂടെ ഗോകുലം മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആദ്യപകുതിയില്‍ ഇരുടീമിനും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. രണ്ടാം പകുതിയുടെ 54ാം മിനുറ്റില്‍ ത്രോബോളിലൂടെയുള്ള നീക്കത്തിനൊടുവില്‍ എം വിഗ്നേഷ് കെഎസ്ഇബിയുടെ അക്കൗണ്ട് തുറന്നു. 79-ാം മിനുറ്റില്‍ ഗോകുലം തിരിച്ചടിച്ചു. ഇടത് വിങിലൂടെയുള്ള നീക്കത്തിനൊടുവില്‍ നിംഷാദ് റോഷന്റെ ലോങ്റേഞ്ചര്‍. ഇരുടീമും ഒപ്പത്തിനൊപ്പം.


ഇഞ്ചുറി ടൈമിലും ഇരുടീമുകള്‍ സമനില തുടര്‍ന്നതോടെ കളി അധിക സമയത്തേക്ക്. എക്സ്ട്രാ ടൈമിന്റെ 30ാം സെക്കന്‍ഡില്‍ തന്നെ ഗോകുലം ലീഡെടുത്തു. നിംഷാദ് റോഷന്റെ ഫ്രീകിക്ക് കെഎസ്ഇബി ഗോളി ഷൈന്‍ ഖാന്‍ തടഞ്ഞിട്ടതോടെ ഗോള്‍ പോസ്റ്റിന് മുന്നില്‍ സ്വതന്ത്രനായി നിന്ന ഗണേശന്റെ ക്ലോസ് റേഞ്ചര്‍.


സീസണില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഗോകുലം കേരളയുടെ രണ്ടാം കിരീട നേട്ടം. ചാമ്പ്യന്‍ നേട്ടത്തോടെ രണ്ടു തവണ കെപിഎല്‍ കിരീടം നേടുന്ന ടീമെന്ന എസ്ബിഐയുടെ നേട്ടത്തിനൊപ്പമെത്താനും ഗോകുലത്തിന് കഴിഞ്ഞു. ഇനി ഏഷ്യന്‍ ചാമ്പ്യന്‍ പട്ടമാണ് ലക്ഷ്യമെന്ന് ടീം ഉടമ ഗോകുലം ഗോപാലന്‍ പറഞ്ഞു. ഐലീഗിന് പുറമേ കേരളാ ചാമ്പ്യന്മാരായതോടെ സ്വപ്നതുല്യമായ നേട്ടമാണ് ഗോകുലം സ്വന്തമാക്കിയിരിക്കുന്നത്.



SHARE THIS

Author:

0 التعليقات: