എന്റെ ചെറുപ്പകാലം... ഉപ്പാന്റെ പീടികയില്‍ നില്‍ക്കുന്ന സമയം.
ളുഹര്‍ നിസ്‌കാരത്തിനായി ബാങ്ക് കൊടുക്കുന്നതിന് മുമ്പ് തന്നെ പക്കര്‍ച്ച പീടികയില്‍ വന്നിരിക്കും. ബാങ്ക് കൊടുക്കുന്നതുവരെ ഉപ്പാന്റെ കൂടെ പലതും സംസാരിച്ചിരിക്കും. കുടുംബകാര്യങ്ങള്‍, നാട്ടുകാര്യങ്ങള്‍, ഒന്നിച്ച് ഒരുപാട് കാലം കൂലിപ്പണി എടുത്തത്.. ചെറുപ്പകാലത്തെ ഒന്നിച്ചുള്ള ഒരുപാട് നല്ല ഓര്‍മ്മകള്‍...
സ്‌കൂള്‍ പഠന കാലത്ത് നമ്മളെ കൂടെ ഒന്നിച്ചു പഠിച്ചവര്‍ കണ്ടുമുട്ടിയാല്‍ എങ്ങനെയാണോ, ഓരോന്നും ഓര്‍ത്തെടുത്ത് പോയ കാലത്തെക്കുറിച്ച് ഓര്‍ക്കുന്നത്... അതു പോലെ പലതും... അപ്പോള്‍ അവര്‍ക്ക് ഇടയിലേക്ക് കൂട്ടുകാര്‍ പലരും വന്നു ചേരും... പിന്നെയത് ചിരി തമാശകളുടെ, നര്‍മവും മര്‍മവും കൊണ്ടുള്ള ഡയലോഗുകളുടെ മാലപടക്കം ആയിരിക്കും....
അവരുടെ ആ സ്‌നേഹബന്ധത്തിന് മുമ്പില്‍ ആരും അത്ഭുതപ്പെട്ടു നിന്ന്‌പോകും...
അങ്ങനെ കണ്ടും കേട്ടും പരിചയപ്പെട്ട പക്രുച്ചയുടെ നിഷ്‌ക്കളങ്കമായ സ്‌നേഹം അനുഭവത്തിലൂടെ അടുത്തറിഞ്ഞു...
സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കാണുമ്പോഴൊക്കെ
'പാങ്ങലെ പഠിക്കണം,
പഠിച്ചിട്ട് ഉസാറാനും ഞാന്‍ എപ്പോഴും പടച്ചോനോട് ദുവര്‍ക്‌ന് '
എന്ന് സ്‌നേഹത്തോടെയുള്ള ആ വാക്ക്...
എനിക്കിഷ്ടപ്പെട്ട ഒരു മോട്ടിവേഷന്‍ പോലെ ഇന്നും ഓര്‍ക്കുന്നു...
പരസ്പരം കാണുമ്പോള്‍ സലാം പറഞ്ഞു , കുടുംബ വിശേഷം ചോദിച്ചറിഞ്ഞ്, ദുആ വസിയത്തോടെ അല്ലാതെ പ്രിയപ്പെട്ട പക്കര്‍ച്ച പിരിഞ്ഞു പോകാറില്ല...
അദ്ധ്യാപകജോലി ലഭിച്ചതിനുശേഷം ജോലി കിട്ടിയ വിവരം പങ്കുവെക്കുമ്പോള്‍ എന്റെ ഉപ്പ സന്തോഷിച്ചത് പോലെ തന്നെ പക്രുച്ചയും സന്തോഷിക്കുകയും ചേര്‍ത്തുപിടിച്ച് അനുമോദിക്കുകയും ചെയ്തു.
നമ്മുടെ സ്‌നേഹബന്ധത്തില്‍ ഇടയില്‍ നിന്ന് പ്രിയപ്പെട്ട ഉപ്പ മണ്‍മറഞ്ഞു പോയതിനു ശേഷം ഉപ്പാനെ കുറിച്ചുള്ള ഒരുപാട് കാര്യങ്ങള്‍, ഓര്‍മ്മകള്‍ പക്രുച്ചക്ക് പറയാതിരിക്കാനാവില്ലയിരുന്നു...
കുട്ടികളോടും പ്രത്യേകിച്ചു നാട്ടിലെ യുവാക്കളോടും നര്‍മ്മമാര്‍ന്ന തമാശ കൊണ്ടുള്ള സംസാരം അദ്ദേഹത്തെ നാട്ടുകാരുടെ പ്രിയപ്പെട്ട പക്കര്‍ച്ചയാക്കി മാറ്റി.
നീളംകൂടിയ ശരീര പ്രകൃതവു, തലയിലൊരു വെള്ള തലപ്പാവും, കൈയ്യിലൊരു നീളമുള്ള കുടയും നിഷ്‌ക്കളങ്കമായ സംസാരവും, അതിരുകളില്ലാത്ത ആ വലിയ മനുഷ്യ സ്‌നേഹത്തിന്റെ സാന്നിധ്യം ഇനി ഇല്ലെന്ന് ഓര്‍ക്കുമ്പോഴാണ് മനസ്സ് കൂടുതല്‍ സങ്കടപ്പെടുന്നത്...
നിഷ്‌കളങ്കത കൊണ്ടും, ജീവിത സൂക്ഷ്മത കൊണ്ടും നമ്മുക്കിടയില്‍ നടന്നുപോയ ആ മനുഷ്യ സ്‌നേഹി, രൂപഭാവത്തില്‍ ഉയരം എന്നതിനെക്കാള്‍ നമ്മളെക്കാളും വലിയ മനസ്സിന് ഉടമ എന്നതാണു ശരി. അല്ലാഹുവിന്റെ പള്ളിയെ, തങ്ങന്‍മാരെ, ആലിമീങ്ങളെ, ഉസ്താദുമാരെ, മുതഅല്ലിമീങ്ങളെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുകയും ബഹുമാനിക്കുകയും സഹായിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ സംശുദ്ധ മനസ്സ് നമ്മളെക്കാള്‍ എത്രയോ വലിയ ഉയരങ്ങളില്‍ നില്‍ക്കുന്നു. വെള്ളിയാഴ്ചകളില്‍ മര്‍ത്യാ പള്ളിയിലെ സദാ സാന്നിദ്ധ്യമായിരുന്ന പക്കര്‍ച്ച നോക്കി പ്രസംഗത്തിനിടയില്‍ നമ്മുടെ പ്രിയപ്പെട്ട റഫീഖ് സഹദി ഉസ്താദ് ഉദാഹരണമായി എടുത്ത് പറയുമ്പോള്‍, സദസ്സിലുള്ള ഓരോരുത്തരുടെയും മുഖം തട്ടാര്‍വളപ്പ് പക്കര്‍ച്ചയിലേക്ക് തിരയുമ്പോള്‍ നിഷ്‌കളങ്കമായി ആ മുഖത്ത് വിരിയുന്ന ചിരി നമുക്കെങ്ങിനെയാണ് മറക്കാന്‍ സാധിക്കുക!
നമ്മുടെ ഉപ്പമാരുടെ തലപ്പാവില്‍ നിന്ന് തൊപ്പിയിലേക്ക് തലമുറ മാറ്റം സംഭവിക്കുന്ന പുതിയകാലത്ത് തലയില്‍ നല്ലൊരു തലപ്പാവും കെട്ടിയുള്ള പക്കര്‍ച്ചയുടെ സാന്നിധ്യം പഴയ കാലത്തിന്റെ, അതിരുകള്‍ ഇല്ലാത്ത മനുഷ്യ സ്‌നേഹത്തിന്റെ നേര്‍കാഴ്ചകള്‍ ആയി നാം അനുഭവിച്ചു... വലിയ മനസ്സിന്റെ ആ വലിയ മനുഷ്യന്‍ നാഥന്റെ വിളിക്കുത്തരം നല്‍കി യാത്രയായിരിക്കുന്നു...
മര്‍ത്യ പള്ളിയിലെ ഖബറിസ്ഥാനില്‍ അവര്‍ അന്തിയുറങ്ങുന്നു...
സ്‌നേഹനിധിയായ ഉപ്പയും പ്രിയപ്പെട്ട പക്കര്‍ച്ചയും.... ഇരുവര്‍ക്കും നീ സ്വര്‍ഗം നല്‍കി അനുഗ്രഹിക്കണേ റബ്ബേ....ആമീന്‍.
???അഷ്റഫ് മര്‍ത്യ

0 التعليقات: