Wednesday, 28 April 2021


മലപ്പുറത്തെ നിലമ്പൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് അന്തരിച്ചു. 56 വയസായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ വളരെ ലളിതമായ ചടങ്ങുകളോടെയായിരിക്കും സംസ്‌കാരം.


മഞ്ചേരിയിലെ മലബാര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മരണകാരണം ഹൃദയാഘാതമാണ്. മലപ്പുറം ഡിസിസി പ്രസിഡന്റ് കൂടിയായിരുന്നു. കെഎസ് യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സംസ്ഥാന തല നേതൃസ്ഥാനങ്ങള്‍ വഹിച്ചിരുന്നു.


മൃതദേഹം രാവിലെ 6.30 മുതല്‍ 7.30 വരെ മലപ്പുറം ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകീട്ട് 3ന് എടക്കരയില്‍ വച്ചായിരിക്കും


വാക്സിന്‍ ചലഞ്ചുമായി എസ് വൈ എസ്

വാക്സിന്‍ ചലഞ്ചുമായി എസ് വൈ എസ്


കോഴിക്കോട്: കൊവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ വാക്സിന്‍ ചലഞ്ചുമായി എസ് വൈ എസ് രംഗത്ത്. എസ് വൈ എസിന്റെ മുഴുവന്‍ യൂണിറ്റുകളിലെയും പ്രവര്‍ത്തകര്‍ നാളെയും മറ്റന്നാളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ നല്‍കും. കൊവിഡിന്റെ രണ്ടാം തരംഗം കേരളത്തില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കക്ഷിരാഷ്ട്രീയ ഭേദമന്യേ സര്‍ക്കാറിന് സര്‍വ പിന്തുണയും നല്‍കേണ്ട നിര്‍ണായക സന്ദര്‍ഭമാണിത്.


ഒരു കോടി വാക്സിന്‍ വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എസ് വൈ എസ് സ്വാഗതം ചെയ്യുന്നു. 1,300 കോടി രൂപ ഇതിനുവേണ്ടി ചെലവ് വരും. നാം കേരളീയര്‍ ഒന്നിച്ചു നിന്നാല്‍ ഈ പ്രതിസന്ധിഘട്ടം സര്‍ക്കാറിന് അതിജീവിക്കാന്‍ കഴിയുമെന്ന് എസ് വൈ എസ് സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. എസ് വൈ എസ് വാക്സിന്‍ ചലഞ്ചിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ സഖാഫി സി എം ഡി ആര്‍ എഫിലേക്ക് സംഭാവന നല്‍കി നിര്‍വഹിച്ചു. പ്രാണവായുവിന് വേണ്ടി മനുഷ്യന്‍ നെട്ടോട്ടമോടുമ്പോള്‍ കൊവിഡ് വാക്സിന്റെ വില നിര്‍ണയമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് വഴങ്ങിക്കൊടുക്കുന്നത് ലജ്ജാകരമാണെന്നും കോടതികളുടെ നിര്‍ണായക ഇടപെടലുകളാണ് രാജ്യത്തിന് പ്രതീക്ഷ നല്‍കുന്നതെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.



എ പി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, എ മുഹമ്മദ് പറവൂര്‍, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, അബ്ദുസലാം മുസ്ലിയാര്‍ ദേവര്‍ശ്ശോല, മുഹമ്മദ് സ്വാദിഖ് സഖാഫി പെരിന്താറ്റിരി, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, റഹ്മതുല്ല സഖാഫി എളമരം, ഇ കെ മുഹമ്മദ് കോയ സഖാഫി, എം പി അബ്ദുല്‍ ജബ്ബാര്‍ സഖാഫി, ബശീര്‍ പുളിക്കൂര്‍, മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, മുഹമ്മദ് ബശീര്‍ പറവന്നൂര്‍, എം എം ഇബ്റാഹീം എരുമപ്പെട്ടി, ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍, സിദ്ദീഖ് സഖാഫി നേമം ചര്‍ച്ചയില്‍ പങ്കെടുത്തു.


മൂന്നാംഘട്ട വാക്സിനേഷന്‍: മൂന്നുമണിക്കൂറിനുളളില്‍ രജിസ്റ്റര്‍ ചെയ്തത് 80 ലക്ഷം പേര്‍

മൂന്നാംഘട്ട വാക്സിനേഷന്‍: മൂന്നുമണിക്കൂറിനുളളില്‍ രജിസ്റ്റര്‍ ചെയ്തത് 80 ലക്ഷം പേര്‍


ന്യൂഡല്‍ഹി :മെയ് ഒന്നുമുതല്‍ ആരംഭിക്കുന്ന മൂന്നാംഘട്ട വാക്‌സിനേഷന് വേണ്ടിയുളള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ച് മൂന്നുമണിക്കൂറിനുളളില്‍ രജിസ്റ്റര്‍ ചെയ്തത് 80 ലക്ഷം പേര്‍. മെയ് ഒന്നുമുതലാണ് പതിനെട്ട് വയസ് മുതല്‍ 44 വയസ് വരെ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യുന്നത്.


ഇന്നു രജിസ്‌ട്രേഷനായി ശ്രമിച്ച 45 വയസ്സിന് താഴെയുളളവര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യുന്ന ആശുപത്രികള്‍ കണ്ടെത്താനായില്ല. സ്ലോട്ടുകള്‍ ലഭിക്കുന്നത് സംസ്ഥാനത്തെയും സ്വകാര്യ ആശുപത്രികളെയും ആശ്രയിച്ചാണിരിക്കുന്നതെന്ന് ദേശീയ ആരോഗ്യ അതോറിറ്റി സിഇഒ ആര്‍.എസ്.ശര്‍മ വ്യക്തമാക്കിയിരുന്നു




 കൊവിഷീല്‍ഡ് വാക്‌സിന്റെ വിലകുറച്ചു

കൊവിഷീല്‍ഡ് വാക്‌സിന്റെ വിലകുറച്ചു




സിറം ഇന്സ്റ്റിറ്റിയൂട്ട് കൊവിഷീല്‍ഡ് വാക്‌സിന്റെ വിലകുറച്ചു. സംസ്ഥാനങ്ങള്‍ നല്‍കുന്ന വില 400 നിന്ന് 300 രൂപയാക്കിയാണ് കുറച്ചിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിലേക്ക് നല്‍കുന്ന വിലയില്‍ മാറ്റമില്ല. സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കാവും വാക്‌സിന്‍ നല്‍കുക. കേന്ദ്ര സര്‍ക്കാരിന് 150 രൂപയ്ക്ക് വാക്‌സിന്‍ നല്‍കും.


രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്‍ നല്‍കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വിലയ്ക്കാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഈടാക്കുന്നതിനേക്കാള്‍ കൂടിയ വിലയ്ക്കാണ് ഇന്ത്യയിലെ സ്വകാര്യ, ആശുപത്രികള്‍ക്കും സര്‍ക്കാരുകള്‍ക്കും നല്‍കുക. എന്നാല്‍ വിപണിയില്‍ ലഭ്യമായതില്‍ വച്ച് ഏറ്റവും താങ്ങാവുന്ന കൊവിഡ് വാക്‌സിന്‍ കൊവിഷീല്‍ഡാണെന്നാണ് സെറം ഇന്‍സിറ്റിയൂട്ട് നല്‍കിയ വിശദീകരണം.


ഒരു ഡോസ് വാക്‌സിനായി 2.15 മുതല്‍ 3.5 ഡോളറാണ് യൂറോപ്യന്‍ യൂണിയന്‍ മുടക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 180 മുതല്‍ 270 രൂപ വരും. യുകെ കോവിഷീല്‍ഡിന്റെ ഒരു ഡോസിനായി മുടക്കുന്നത് മൂന്ന് ഡോളറാണ്. സെറം ഇന്‍സ്റ്റ്യൂട്ട് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത് 6 ഡോളറിനും സ്വകാര്യ ആശുപത്രികള്‍ക്ക് 8 ഡോളറിനും തുല്യമായ വിലക്കാണ്.ബംഗ്ലദേശ്, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഇതിലും കുറഞ്ഞ നിരക്കിലാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി കരാറിലേര്‍പ്പെട്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.


വിലനിര്‍ണയം സംബന്ധിച്ച ആക്ഷേപം ഉയര്‍ന്നതോടെ സെറം ഇന്‍സ്റ്റ്യൂട്ട് വിശദീകരണവുമായി രംഗത്ത് വന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് കുറഞ്ഞ വിലയ്ക്കാണ്. പ്രാരംഭ വിലകള്‍ ആഗോളതലത്തില്‍ കുറക്കാന്‍ കാരണം വാക്‌സിന്‍ നിര്‍മ്മാണത്തിനായി ആ രാജ്യങ്ങള്‍ നല്‍കിയ മുന്‍കൂര്‍ ധനസഹായത്തിന്റെ അടിസ്ഥാനത്തിലാണന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.


സംസ്ഥാനത്ത് 35,013 പേര്‍ക്ക് കൂടി കോവിഡ്

സംസ്ഥാനത്ത് 35,013 പേര്‍ക്ക് കൂടി കോവിഡ്




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 35,013 പേര്‍ക്ക്. 41 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 5,211 ആയി. 1,38,190 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് ഇന്ന് ലഭിച്ചത്. 2,66,646 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

എറണാകുളം 5,287, കോഴിക്കോട് 4,317, തൃശൂര്‍ 4,107, മലപ്പുറം 3,684, തിരുവനന്തപുരം 3,210, കോട്ടയം 2,917, ആലപ്പുഴ 2,235, പാലക്കാട് 1,920, കണ്ണൂര്‍ 1,857, കൊല്ലം 1,422, ഇടുക്കി 1,251, പത്തനംതിട്ട 1,202, കാസര്‍ഗോഡ് 872, വയനാട് 732 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.34 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,54,92,489 സാമ്പിളുകളാണ് പരിശോധിച്ചത്.

യു കെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചില്ല. അടുത്തിടെ യു കെ (108), ദക്ഷിണാഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.


 
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 275 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32,474 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2,167 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 5,204, കോഴിക്കോട് 4,190, തൃശൂര്‍ 4,060, മലപ്പുറം 3,549, തിരുവനന്തപുരം 2,807, കോട്ടയം 2,698, ആലപ്പുഴ 2,226, പാലക്കാട് 835, കണ്ണൂര്‍ 1,667, കൊല്ലം 1,401, ഇടുക്കി 1,170, പത്തനംതിട്ട 1,136, കാസര്‍കോട് 828, വയനാട് 703 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 29, തൃശൂര്‍ 15, പാലക്കാട്, കാസര്‍കോട് 11 വീതം, കൊല്ലം 9, വയനാട് 7, പത്തനംതിട്ട 5, കോട്ടയം 3, തിരുവനന്തപുരം, എറണാകുളം, മലപ്പുറം 2 വീതം ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,505 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1,154, കൊല്ലം 1,741, പത്തനംതിട്ട 688, ആലപ്പുഴ 697, കോട്ടയം 4,285, ഇടുക്കി 210, എറണാകുളം 1,012, തൃശൂര്‍ 1,152, പാലക്കാട് 517, മലപ്പുറം 721, കോഴിക്കോട് 1,487, വയനാട് 278, കണ്ണൂര്‍ 741, കാസര്‍കോട് 822 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. 12,23,185 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.


 സത്യം ജയിക്കും,മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് നന്ദി അറിയിച്ച് സിദ്ദിഖ് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത്

സത്യം ജയിക്കും,മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് നന്ദി അറിയിച്ച് സിദ്ദിഖ് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത്


യുപി ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് വേണ്ടി ഇടപ്പെട്ടവര്‍ക്ക് നന്ദി രേഖപ്പെടുത്തി ഭാര്യ റെയ്ഹാനത്ത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മറ്റു ജനപ്രതിനിധികള്‍, മാധ്യമങ്ങള്‍ എല്ലാവരോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും വിധി ആശ്വാസം നല്‍കുന്നതാണെന്നും സത്യം ജയിക്കുമെന്നും റെയ്ഹാനത്ത് പറഞ്ഞു.


സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം. ചികിത്സയ്ക്ക് ശേഷം കാപ്പന് ജാമ്യത്തിനായി ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു. എന്നാല്‍ കാപ്പന്‍ തടവില്‍ കഴിയുന്ന മഥുരയിലെ ജയിലില്‍ നിന്നും മാറ്റേണ്ട ആവശ്യമില്ലെന്നും ആവശ്യമെങ്കില്‍ കിടക്ക ഉറപ്പാക്കാം എന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. എന്നാല്‍ ഇത് പറ്റില്ലെന്നും കാപ്പന് ചികിത്സ ലഭിക്കണമെന്നും സുപ്രീംകോടതി അറിയിച്ചു.


 18 വയസിന് മുകളില്‍ ഉള്ളവരുടെ വാക്‌സിന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

18 വയസിന് മുകളില്‍ ഉള്ളവരുടെ വാക്‌സിന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു


18 വയസിന് മുകളില്‍ ഉള്ളവരുടെ വാക്‌സിന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. 45 വയസ് വരെയുള്ളവര്‍ക്കാണ് രജിസ്ട്രേഷന്‍. 


കോവിന്‍ വെബ്‌സൈറ്റ്, ആരോഗ്യസേതു ആപ്പ് എന്നിവ വഴിയാണ് രജിസ്ട്രേഷന്‍. എന്നാല്‍ ആദ്യ ഘട്ടത്തില്‍ പലയിടത്തും രജിസ്ട്രേഷന്‍ നടക്കുന്നില്ലായിരുന്നു. കോവിന്‍ വെബ്‌സൈറ്റ് വഴിയുള്ള രജിസ്ട്രേഷന്‍ പലയിടത്തും മുടങ്ങിയിരുന്നു. പിന്നീട് തകരാര്‍ പരിഹരിച്ചു. ഇപ്പോള്‍ രജിസ്‌ട്രേഷന്‍ സാധ്യമാണ്.


എവിടെ രജിസ്റ്റര്‍ ചെയ്യണം ?


കൊവിഡ് വാക്സിന് വേണ്ടി രജിസ്റ്റര്‍ ചെയ്യേണ്ടത് selfregistration.cowin.gov.in എന്ന വെബ്സൈറ്റിലാണ്.


രജിസ്റ്റര്‍ ചെയ്യേണ്ടതെങ്ങനെ ?


selfregistration.cowin.gov.in എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വെബ്സൈറ്റില്‍ പ്രവേശിക്കുക.


-തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ നല്‍കി 'ഗെറ്റ് ഒടിപി' എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക


-നിങ്ങള്‍ നല്‍കിയ മൊബൈല്‍ നമ്പറില്‍ ലഭിച്ച ഒടിപി നമ്പര്‍ രേഖപ്പെടുത്തി 'വേരിഫൈ' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യാം.


-തുടര്‍ന്ന് നിങ്ങളഉടെ ഏതെങ്കിലുമൊരു തിരിച്ചറിയല്‍ കാര്‍ഡിന്റെ വിവരം രേഖപ്പെടുത്തുക.


-ലിംഗം, ജനിച്ച വര്‍ഷം, എന്നിവ നല്‍കണം.


-'ആഡ് മോര്‍ ഓപ്ഷന്‍' നല്‍കി ഒരു മൊബൈല്‍ നമ്പറില്‍ നിന്ന് നാല് പേര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.


-വാക്സിനേഷന്‍ ഷെഡ്യൂള്‍ ചെയ്യാനായി പേരിന് നേരെയുള്ള 'ഷെഡ്യൂള്‍' എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.


-'ഷെഡ്യൂള്‍ നൗ' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം.


-അതില്‍ താമസ സ്ഥലത്തിന്റെ പിന്‍കോഡ് നല്‍കുകയോ, ജില്ല തെരഞ്ഞെടുക്കുകയോ ചെയ്യുമ്പോള്‍ വാക്സിനേഷന്‍ സെന്ററുകളുടെ വിവരം ലഭ്യമാകും.


-തുടര്‍ന്ന് തിയതിയും സമയവും നല്‍കി വാക്സിനേഷന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം.


വാക്സിനേഷന്‍ സെന്ററില്‍ അപ്പോയിന്‍മെന്റ് സ്ലിപ്പിന്റെ പ്രിന്റ് ഔട്ട് കാണിക്കുകയോ, മൊബൈലില്‍ വന്ന മെസേജ് ഹാജരാക്കുകയോ ചെയ്യണം.