Thursday, 22 April 2021


ജക്കാര്‍ത്ത: 53 ജീവനക്കാരുമായി ഇന്തൊനേഷ്യയുടെ മുങ്ങിക്കപ്പല്‍ കാണാതായി. 72 മണിക്കൂറിനുള്ള ഓക്സിജന്‍ മാത്രമാണ് കപ്പലില്‍ ശേഷിക്കുന്നത്. അതിനാല്‍ കപ്പല്‍ കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് ഇന്തൊനേഷ്യന്‍ നാവിക സേന.

കെ.ആര്‍.ഐ നന്‍ഗല-402 എന്ന മുങ്ങിക്കപ്പലാണ് കാണാതായത്. ബാലി തീരത്തുനിന്ന് 100 കിലോമീറ്റര്‍ അകലെയാണ് ബന്ധം നഷ്ടപ്പെട്ടത്.

ആറ് യുദ്ധക്കപ്പലുകളും ഒരു ഹെലികോപ്റ്ററും 400 ആളുകളും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായുണ്ട്.

കൂടാതെ, സിങ്കപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ കപ്പലുകളും പുറപ്പെട്ടിട്ടുണ്ട്. യു.എസ്, ഓസ്ട്രേലിയ, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

ജര്‍മന്‍ നിര്‍മിത മുങ്ങിക്കപ്പല്‍ ഡ്രില്‍ ചെയ്യുകയായിരുന്നു. എന്നാല്‍ തിരിച്ചുവരികയോ ബന്ധം പുന:സ്ഥാപിക്കുകയോ ചെയ്യാനായില്ലെന്നാണ് നാവിക സേന പറയുന്നത്.

കപ്പല്‍ കാണാതായ സ്ഥലം അറിയാമെന്നും എന്നാല്‍ വളരെ ആഴത്തിലാണ് സംഭവമെന്നും അഡ്മിറല്‍ ജൂലിയസ് വിഡ്ജോജോനോ പറഞ്ഞു. ആഴത്തിലേക്ക് ഊളിയിടാന്‍ അനുമതി നല്‍കിയ ശേഷമാണ് കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കാണാതായ സ്ഥലത്തുനിന്ന് എണ്ണയുടെ അംശം കണ്ടെത്തിയിട്ടുണ്ട്. ഇന്ധനടാങ്ക് ചോര്‍ച്ചയോ അല്ലെങ്കില്‍, അപകടത്തിലാണെന്ന് അറിയിക്കാന്‍ ജീവനക്കാര്‍ ചെയ്തതോ ആവാമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.



SHARE THIS

Author:

0 التعليقات: