Thursday 29 April 2021

കൊവിഡ് പോരാട്ടത്തിനു പിന്തുണ; ഏഴരക്കോടി രൂപ സംഭാവന നല്‍കി രാജസ്ഥാന്‍ റോയല്‍സ്


കൊവിഡ് പോരാട്ടത്തിനു ഇന്ത്യയ്ക്ക് പിന്തുണയായി ഏഴരക്കോടി രൂപ സംഭാവന നല്‍കി ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സ്. ഏകദേശം ഒരു മില്ല്യണ്‍ ഡോളറിനു മുകളിലാണ് ഫ്രാഞ്ചൈസി നല്‍കിയ സംഭാവന. താരങ്ങളും മാനേജ്‌മെന്റും ഉടമകളും മറ്റ് സപ്പോര്‍ട്ട് സ്റ്റാഫുകളുമൊക്കെച്ചേര്‍ന്നാണ് പണം നല്‍കിയിരിക്കുന്നത്. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ രാജസ്ഥാന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

https://twitter.com/rajasthanroyals/status/1387703407444590593?s=20

അതേസമയം, 'മിഷന്‍ ഓക്‌സിജന്‍'പദ്ധതിയിലേക്ക് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒരു കോടി രൂപ സംഭാവന നല്‍കി. രാജ്യത്തെ ആശുപത്രികളില്‍ ഓക്‌സിജന്‍ സൗകര്യം ഒരുക്കുന്നതിനായി ഒരു കോടി രൂപ സംഭാവന നല്‍കുകയാണെന്ന് അദ്ദേഹം അറിയിച്ചു. പൗരന്മാരോട് ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് സംഭാവന നല്‍കിയ വിവരം അദ്ദേഹം അറിയിച്ചത്.


രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 3,79,257 പേര്‍ക്കാണ്. 3,645 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 2,69,507 പേര്‍ രോഗമുക്തി നേടി.


ഇന്ത്യയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കൊവിഡ് കണക്കാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 3,60,960 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെങ്കില്‍ ഇന്നത് 3.79 ലക്ഷം കടന്നു. മരണ നിരക്കും ഉയര്‍ന്നു തന്നെയാണ്.




SHARE THIS

Author:

0 التعليقات: