Tuesday, 13 April 2021

നിയന്ത്രണംവിട്ട ബൈക്ക് കെ എസ് ആര്‍ ടി സി ബസിലിടിച്ചു; പത്താംക്‌ളാസ് വിദ്യാര്‍ത്ഥി മരിച്ചു, സുഹൃത്തിന് പരിക്ക്


അടൂര്‍: എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥി ബൈക്ക് അപകടത്തില്‍ മരണമടഞ്ഞു. അടൂര്‍ വയലാ നന്ദനം വീട്ടില്‍ രാധാകൃഷ്ണന്‍ ഉണ്ണിത്താന്റെ മകന്‍ യദുകൃഷ്ണന്‍ (16) ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വടക്കടത്തുകാവ് പാറയില്‍ വീട്ടില്‍ അജ്മലിന് (17) പരിക്കേറ്റു. ഇവര്‍ ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് കെ.എസ്.ആര്‍.ടി.സി ബസില്‍ വന്നിടിക്കുകയായിരുന്നു.


അടൂരില്‍ കെ.പി റോഡില്‍ പറക്കോട് എന്‍എസ് യുപി സ്‌കൂളിന്റെ മുന്നിലായിരുന്നു അപകടം. പറക്കോട് അമൃത ബോയ്സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ യദുവും അജ്മലും പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകവെ അടൂരില്‍ നിന്ന് പുനലൂരേക്ക് പോകുകയായിരുന്ന ബസില്‍ ഇടിക്കുകയായിരുന്നുവെന്ന് അടൂര്‍ പൊലീസ് അറിയിച്ചു. ഇടിയുടെ ആഘാതത്തില്‍ അജ്മല്‍ ബസിനടിയിലേക്കും യദുകൃഷ്ണന്‍ റോഡിലേക്കും വീണു. ഗുരുതര പരിക്കേറ്റ യദു അടൂരില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. അപകടത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും ബൈക്ക് ഓടിച്ചതാരെന്ന് വ്യക്തമായിട്ടില്ലെന്നുമാണ് വിവരം. രശ്മിയാണ് യദുകൃഷ്ണന്റെ മാതാവ്. സഹോദരന്‍ നന്ദുകൃഷ്ണന്‍.



SHARE THIS

Author:

0 التعليقات: