Sunday, 25 April 2021

ഓക്‌സിജന്‍ ക്ഷാമം; ഡല്‍ഹിക്ക് സഹായം വാഗ്ദാനം ചെയ്ത് കേരള സര്‍ക്കാര്‍.


തിരുവനന്തപുരം:ഓക്‌സിജന്‍ ക്ഷാമം അനുഭവപ്പെടുന്ന രാജ്യതലസ്ഥാനമായ ഡല്‍ഹിക്ക് സഹായം വാഗ്ദാനം ചെയ്ത് കേരള സര്‍ക്കാര്‍. ഡല്‍ഹിക്ക് ഓക്‌സിജന്‍ നല്‍കാന്‍ സന്നദ്ധമാണെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി വി.പി ജോയ് വ്യക്തമാക്കി. എന്നാല്‍, കേരളത്തില്‍ നിന്ന് ഓക്‌സിജന്‍ ഡല്‍ഹിയില്‍ എത്തിക്കുന്നതിനുള്ള മാര്‍ഗമാണ് വെല്ലുവിളി നേരിടുന്നതെന്നും ചീഫ് സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.


ഓക്‌സിജന്‍ എത്തുന്നതിനുള്ള മാര്‍ഗം സംബന്ധിച്ച് ഡല്‍ഹി-കേരള ചീഫ് സെക്രട്ടറിമാര്‍ തമ്മിലുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കേരളാ മുഖ്യമന്ത്രിയുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെട്ടു വരികയാണ്. ഡല്‍ഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക കത്ത് ലഭിച്ചാലുടന്‍ ഓക്‌സിജന്‍ അയക്കാനുള്ള നീക്കം തുടങ്ങാനുള്ള ശ്രമത്തിലാണ് അധികൃതര്‍.


 


ഓക്‌സിജന്‍ നല്‍കണമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെയും വിവിധ മലയാളി സംഘടനകളുടെയും അഭ്യര്‍ഥന മാനിച്ചാണ് കേരള സര്‍ക്കാറിന്റെ തീരുമാനം. കൂടാതെ, ഡല്‍ഹി മലയാളികളുെട ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് ജന സംസ്‌കൃതി, ഡിസ്ട്രസ് മാനേജ്‌മെന്റ് കളക്ടീവ് അടക്കമുള്ള മലയാള കൂട്ടായ്മകള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു.


ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന ഡല്‍ഹിക്ക് കേരളം ഓക്‌സിജന്‍ നല്‍കി സഹായിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഏകദേശം 10 ലക്ഷം മലയാളികള്‍ക്ക് ആശ്രയമരുളുന്ന ഡല്‍ഹി ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത വിഷമഘട്ടത്തില്‍ കൂടെ കടന്നു പോവുകയാണ്. നൂറുകണക്കിന് ആള്‍ക്കാര്‍ ഓക്സിജന്റെ അഭാവംമൂലം പിടഞ്ഞു മരിക്കുന്നു. കേരളത്തില്‍ അധികമുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍ വിമാനമാര്‍ഗം ഡല്‍ഹിയില്‍ എത്തിക്കണമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടിരുന്നു


 




SHARE THIS

Author:

0 التعليقات: