Sunday, 18 April 2021

മന്ത്രി ജി. സുധാകരന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം; കേസെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിയെ സമീപിച്ച് പരാതിക്കാരി


മന്ത്രി ജി. സുധാകരനെതിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി പരാതിക്കാരി. മന്ത്രിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവതി ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.

ആദ്യ പരാതിയില്‍ നടപടി സ്വീകരിക്കാത്തതിനാലാണ് ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചതെന്ന് യുവതി പറഞ്ഞു. നടപടിയെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി വ്യക്തമാക്കി.

ആലപ്പുഴയില്‍ വച്ച് നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തില്‍ ജി. സുധാകരന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ഇതിനെതിരെയാണ് മന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ പൊലീസ് അന്വേഷണം മരവിച്ച അവസ്ഥയിലാണ്. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസിന്റെ മെല്ലെപ്പോക്ക്. വസ്തുതാ അന്വേഷണം നടത്തിയ ആലപ്പുഴ സൗത്ത് പൊലീസ് പരാതി അമ്പലപ്പുഴയിലേക്ക് തിരികെ കൈമാറി.

അതേസമയം, ജി. സുധാകരനെതിരായ പരാതിക്ക് പിന്നില്‍ വിഭാഗീയതയെന്നാണ് സിപിഐഎം നേതൃത്വത്തിന്റെ വിലയിരുത്തല്‍. വിവാദം കൈവിട്ടതോടെ പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന നേതൃത്വം ജില്ലാ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. പാര്‍ട്ടി തലത്തില്‍ അനുനയ നീക്കങ്ങള്‍ നടത്തിയെങ്കിലും ഈ ശ്രമം വഴിമുട്ടിയിരിക്കുകയാണ്.



SHARE THIS

Author:

0 التعليقات: