Saturday 29 May 2021

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ഇന്ത്യന്‍ ടീം ജൂണ്‍ മൂന്നിന് ഇംഗ്ലണ്ടിലെത്തും

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ഇന്ത്യന്‍ ടീം അംഗങ്ങള്‍ ജൂണ്‍ മൂന്നിന് ഇംഗ്ലണ്ടിലെത്തും. താരങ്ങളൊക്കെ കൊവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് ടെസ്റ്റ് കയ്യില്‍ കരുതണം. 14 ദിവസത്തെ ക്വാറന്റീനു ശേഷമാവും ഇന്ത്യ ഇംഗ്ലണ്ടിലെത്തുക. ജൂണ്‍ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുക.


ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് കളി നടക്കുക. ജൂണ്‍ 23 റിസര്‍വ് ഡേ ആയിരിക്കും. കളി സമനിലയില്‍ പിരിഞ്ഞാല്‍ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും. ഗ്രേഡ് 1 ഡ്യൂക്ക് ബോളാണ് മത്സരത്തിന് ഉപയോഗിക്കുക.


നിലവില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും പിന്നാലെ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുമുള്ള താരങ്ങള്‍ നിലവില്‍ മുംബൈയില്‍ ക്വാറന്റീനിലാണ്. ജൂണ്‍ രണ്ടിന് മുംബൈയില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കും. ഇതേ വിമാനത്തില്‍ തന്നെ ഇംഗ്ലണ്ട് പര്യടനത്തിനു പോകുന്ന വനിതാ ടീമും ഉണ്ടാവും.


അതേസമയം, ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളി കാണാന്‍ വന്‍ ഡിമാന്‍ഡ് ആണ്. ഒരു ടിക്കറ്റിന് രണ്ട് ലക്ഷം രൂപ വരെയാണ് മൂല്യം. ഏജന്റുമാരില്‍ നിന്ന് രണ്ട് ലക്ഷം രൂപയ്ക്ക് വരെ ടിക്കറ്റ് വാങ്ങാന്‍ ആളുകള്‍ തയ്യാറാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 4000 പേര്‍ക്കാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് പ്രവേശനമുള്ളത്.


ഐസിസിയുടെ ഒഫീഷ്യല്‍ ടിക്കറ്റ്‌സ് ആന്‍ഡ് ട്രാവല്‍ ഏജന്റ്‌സ് വഴിയാണ് ടിക്കറ്റ് വില്‍പ്പന നടക്കുന്നത്. ഇതില്‍ നിന്ന് രണ്ട് ലക്ഷം രൂപയ്ക്ക് വരെ ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. 4000 ടിക്കറ്റില്‍ 50 ശതമാനം ഐസിസിക്ക് നല്‍കും. ബാക്കിയുള്ള 2000 സീറ്റുകളാണ് വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്.



SHARE THIS

Author:

0 التعليقات: