കോഴിക്കോട് - മികച്ച ഭൂരിപക്ഷം നേടി രണ്ടാമൂഴം ഉറപ്പാക്കിയ ഇടതുപക്ഷ സര്‍ക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദനവുമായി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍.
വിവിധതരം പ്രതിസന്ധികളിലൂടെ മലയാളികള്‍ കടന്നുപോയ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്ത്, ജനങ്ങള്‍ക്ക് ആവശ്യമുള്ള എല്ലാ സേവനങ്ങളും ലഭ്യമാക്കുകയും പ്രതിസന്ധികളെ ഒന്നിച്ചുനിന്ന് നേരിടുന്നതിന് നേതൃത്വം നല്‍കുകയും ചെയ്ത സര്‍ക്കാറിന്റെ നിലപാടിന് ലഭിച്ച അംഗീകാരമാണിത്. പൗരത്വ വിഷയത്തില്‍ പ്രശ്‌നത്തെ ഭരണഘടനാപരമായി സമീപിക്കുകയും അത് മുസ്ലീംകളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല; മറിച്ച് ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ തകര്‍ക്കുന്ന വിഷയമാണ് എന്ന നിലയില്‍ ബോധവത്കരണം നടത്താനും വലിയ പ്രതിഷേധങ്ങള്‍ നടത്താനും മുഖ്യമന്ത്രി മുന്നിലുണ്ടായിരുന്നു. സമുദായവമുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കും വിദ്യാഭ്യാസ സാമൂഹിക വിഷയങ്ങള്‍ക്കും വേണ്ടി സംസാരിക്കുമ്പോഴെല്ലാം ഓരോ വിഷയത്തെയും സൂക്ഷ്മതയില്‍ കാണുകയും, മാതൃകാപരമായ തീരുമാനം കൈക്കൊള്ളുകയും ചെയ്യുന്ന സമീപനമായിരുന്നു മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും.
പ്രളയവും കൊവിഡും മലയാളികളുടെ ജീവിതത്തെ ആകമാനം ബാധിച്ച കഴിഞ്ഞ ഒരു വര്‍ഷക്കാലം എല്ലാവര്‍ക്കും സഹായവും സാന്ത്വനവും നല്‍കുന്ന നിലപാടായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്. മുസ്ലീംകളുടെ ആരാധനകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനം എടുക്കാനൊക്കെ ഓരോ സമയവും ആവശ്യമായ കൂടിയാലോചനകള്‍ നടത്തുകയും സമുദായ നേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുമായിരുന്നു. മദ്റസാധ്യാപക ക്ഷേമനിധി, പള്ളികളുടെ നിര്‍മാണ അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലേക്ക് മാറ്റിയത് വളരെ പ്രശംസനീയമായ തീരുമാനങ്ങളായിരുന്നു. മറ്റ് മതവിശ്വാസികളുമായി ബന്ധപ്പെട്ടും ഇത്തരം നിലപാട് തന്നെയാണ് കാണാന്‍ കഴിഞ്ഞതും. മതേതരത്വ മൂല്യങ്ങള്‍ സമൂഹത്തിലേക്ക് ആഴത്തില്‍ പടര്‍ത്തി, അടുത്ത അഞ്ച് വര്‍ഷങ്ങളിലും ഇതിനേക്കാള്‍ മികച്ച നിലയില്‍ ഭരണം നടത്താന്‍ പിണറായുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു-കാന്തപുരം സന്ദേശത്തില്‍ പറഞ്ഞു.

0 التعليقات: