ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നേരെ വര്‍ദ്ധിച്ചുവരുന്ന അക്രമസംഭവങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ശക്തവും ഫലപ്രദവുമായ നിയമം കൊണ്ടുവരണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു.
'ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം വര്‍ദ്ധിക്കുന്നു. ആതുര സേവനത്തിന് തന്നെ ഇത് ഭീഷണിയായിക്കൊണ്ടിരിക്കുന്നു. ഇത് തടയാന്‍ ശക്തവും, ഫലപ്രദവുമായ നിയമം കൊണ്ട് വരണം. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ നമ്മള്‍ അഭിമുഖീകരിക്കുന്ന പ്രശ്നത്തിന്റെ ചെറിയ ഒരു ശതമാനം മാത്രമാണ്. ദയവായി വിഷയത്തില്‍ ഇടപെടണം' -ഐ.എം.എ കത്തില്‍ പറയുന്നു.
അസമില്‍ കൊവിഡ് രോഗി മരിച്ചതിന് ബന്ധുക്കള്‍ ഡോക്ടറെ മര്‍ദിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഐഎംഎ നടപടി. മഹാമാരി കാലത്ത് ജനങ്ങള്‍ക്കായി നിലകൊള്ളുന്നവരാണ് രാജ്യത്തെ ഭൂരിഭാഗം വരുന്ന ആരോഗ്യപ്രവര്‍ത്തകരും. ഈ സമയത്ത് അവര്‍ക്ക് നേരെയുണ്ടാകുന്ന ഗുരുതരഭീഷണികള്‍ അംഗീകരിക്കാന്‍ കഴിയില്ല. രാജ്യത്തിന്റെ പലഭാഗത്തും ഇത്തരം അക്രമങ്ങള്‍ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് -ഐ.എം.എ വ്യക്തമാക്കി.

0 التعليقات: