കൊടകര കുഴല്‍പ്പണ കേസില്‍ നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന്. ധര്‍മ്മരാജന്‍ തൃശൂരില്‍ കൊണ്ടുവന്നത് പത്തു കോടിയോളം രൂപയെന്ന് കണ്ടെത്തി. ഇത് സംബന്ധിച്ച് അന്വേഷണ സംഘം കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ്.
ധര്‍മ്മരാജന്‍ തൃശൂരില്‍ കൊണ്ടുവന്നത് 9.80കോടി രൂപയാണ്. ഇതില്‍ 6.30 കോടി രൂപ തൃശൂര്‍ ജില്ലയില്‍ നല്‍കി. ബാക്കി മൂന്നര കോടി രൂപയുമായി പോകുമ്പോഴാണ് കവര്‍ച്ച നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 2 കോടി രൂപ തൃശൂര്‍ മണ്ഡലത്തിന് വേണ്ടിയാണ് നല്‍കിയതെന്നാണ് വിവരം.
കവര്‍ച്ചചെയ്യപ്പെട്ട പണം ബിജെപിക്ക് വേണ്ടി കൊണ്ടുവന്നതാണെന്ന് ധര്‍മ്മരാജന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കണ്ടെത്തലുകള്‍.
അതേസമയം, കുഴല്‍പ്പണ വിഷയത്തില്‍ കെ.സുരേന്ദ്രന് അശ്രദ്ധ സംഭവിച്ചതായി പാര്‍ട്ടി ദേശീയ നേതൃത്വം വിലയിരുത്തി. ലഭിച്ച പരാതികള്‍ പരിശോധിച്ച ശേഷമാണ് ദേശീയ നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. കുഴല്‍പണ ഇടപാടിലെ വീഴ്ചകള്‍ പാര്‍ട്ടി പ്രത്യേകം ചര്‍ച്ച ചെയ്യും. ഫോണ്‍ രേഖകള്‍ അടക്കം പുറത്ത് വന്നത് രഷ്ട്രീയമായി തിരിച്ചടിയായെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. വിഷയം സര്‍ക്കാരിന്റെ കള്ളപ്പണവിരുദ്ധ പ്രതിഛായയ്ക്ക് മങ്ങല്‍ എല്‍പ്പിക്കുന്നതാണെന്നും കേന്ദ്ര നേതൃത്വം വിലയിരുത്തി.

0 التعليقات: