Friday, 4 June 2021

കുഴല്‍പ്പണക്കേസ് : സുരേന്ദ്രന്റെ സെക്രട്ടറിയും ഡ്രൈവറും ചോദ്യം ചെയ്യലിന് ഹാജരായി; അന്വേഷണം കോന്നിയിലേക്കും


 തെരഞ്ഞെടുപ്പ് പ്രചാരണത്തിനെന്ന പേരില്‍ ബിജെപി കുഴല്‍പ്പണം കടത്തിയ കേസില്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനും ഡ്രൈവര്‍ ലബീഷും ചോദ്യം ചെയ്യലിന് ഹാജരായി. രാവിലെ 10ന് തൃശൂര്‍ പൊലീസ് ക്ലബിലാണ് ഹാജരായത്.


കുഴല്‍പണം കടത്തിയ. ധര്‍മ്മരാജിനെ ഫോണില്‍ ബന്ധപ്പെട്ടവരില്‍ നിന്നുള്ള തെളിവെടുപ്പുകളാണ് നടക്കുന്നത്. സംഘടനാ സെക്രട്ടറിയടക്കമുള്ളവര്‍ ഒന്നിലേറെ തവണയാണ് ധര്‍മ്മരാജുമായി ബന്ധപ്പെട്ടത്. ചോദ്യം ചെയ്തവരെല്ലാം നല്‍കിയ മൊഴി തെരഞ്ഞെടുപ്പ് സാമഗ്രികളെത്തിച്ചതാണെന്നാണ്. എന്നാല്‍ ഈ മൊഴി അന്വേഷണ സംഘം തള്ളിയിരുന്നു. ധര്‍മ്മരാജിന്റെ മൊഴിയില്‍ നിന്നു തന്നെ പണവുമായാണ് എത്തിയതെന്ന് വ്യക്തമായിരുന്നു. ഇതാണ് നേതാക്കളുടെ വിളികള്‍ കൂടുതല്‍ കുരുക്കിലാക്കുന്നത്.


അതിനിടെ കേസ് അന്വേഷണം കോന്നിയിലേക്കും വ്യാപിപ്പിച്ചു. കെ സുരേന്ദ്രന്‍ മത്സരിച്ച മണ്ഡലമാണിത്. കോന്നിയില്‍ സുരേന്ദ്രനുള്‍പ്പെടെ നേതാക്കള്‍ താമസിച്ച ഹോട്ടലില്‍നിന്ന് അന്വേഷണ സംഘം വിവരം ശേഖരിച്ചു. എത്ര മുറി എടുത്തിരുന്നു. ഇതിന്റെ പണമിടപാട് തുടങ്ങിയ വിവരങ്ങളാണ് ശേഖരിച്ചത്. ധര്‍മരാജന്റെ മൊഴിപ്രകാരം ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്ത, ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള എല്‍ പത്മകുമാര്‍ എന്നിവരെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കോന്നിയിലെ അന്വേഷണം.


കേസില്‍ ധര്‍മരാജന്റെ സഹോദരന്‍ ധനരാജനെയും ചോദ്യംചെയ്തു. തൃശൂര്‍ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയാണ് വെള്ളിയാഴ്ച ചോദ്യംചെയ്തത്. ധര്‍മരാജനൊപ്പം കാറില്‍ ധനരാജും ഉണ്ടായിരുന്നതായി സൂചന ലഭിച്ചു. കാറില്‍ മൂന്നരക്കോടിയുണ്ടായതായി ധര്‍മരാജന്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഇതില്‍ വ്യക്തത വരുത്താനാണ് ധനരാജനെയും വിളിപ്പിച്ചത്. ധര്‍മരാജന്റെ ഡ്രൈവര്‍മാരെയും ചോദ്യംചെയ്തു. ബിജെപി സംസ്ഥാന ഓഫീസ് ജീവനക്കാരന്‍ മിഥുനെയും ചോദ്യം ചെയ്തു.


കുഴല്‍പ്പണം ഹൈക്കോടതി ?ഇഡിയുടെ ?വിശദീകരണം തേടി

ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട കുഴല്‍പ്പണ തട്ടിപ്പുകേസ് അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇഡിയുടെ നിലപാട് തേടി. ഇഡി ഒരാഴ്ച സമയം ആവശ്യപ്പെട്ടു. സലീം മടവൂര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് മേരി ജോസഫ് പരിഗണിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമം ബാധകമായ കുറ്റകൃത്യമായിട്ടും പരാതിയില്‍ ഇഡി നടപടിയെടുക്കുന്നില്ലെന്ന് കാണിച്ചാണ് ഹര്‍ജി.


ഇഡി വിവരം ശേഖരിച്ചു

കൊടകര കുഴല്‍പ്പണക്കേസില്‍ പ്രത്യേക അന്വേഷക സംഘത്തില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിവരം ശേഖരിച്ചു. കേസ് ഇഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പത്തുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. ഇതിനു പിന്നാലെയാണ് ഇഡി അന്വേഷക സംഘത്തില്‍ നിന്ന് വിവരം ശേഖരിച്ചത്. എഫ്ഐആറും ശേഖരിച്ചു.



SHARE THIS

Author:

0 التعليقات: