Thursday, 3 June 2021

പിന്നാക്ക ന്യൂനപക്ഷ ക്ഷേമത്തിനു നിയമ നിര്‍മ്മാണം നടത്തണം: കാന്തപുരം


കോഴിക്കോട്: പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷ സാമൂഹ്യ വിഭാഗങ്ങളെ തരംതിരിച്ച് പരിഹാരക്രിയകളും ക്ഷേമ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുന്നതിന് എക്‌സിക്യു്ട്ടീവ് ഓര്‍ഡറുകള്‍ മാത്രം മതിയാകില്ലെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇതിനാവശ്യമായ സമഗ്രമായ നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ഭരണഘടനയുടെ അന്തസത്ത ഉയര്‍ത്തിപ്പിടിച്ചുക്കൊണ്ടു പല വിഷയങ്ങളിലും രാജ്യത്തിനു മാതൃക കാട്ടിയ കേരള നിയമ സഭ, പിന്നാക്ക ന്യൂനപക്ഷ സമുദായങ്ങളുടെ ക്ഷേമവും പ്രാതിനിധ്യവും ഉറപ്പുവരുത്തുന്ന പുതിയ മാതൃകകള്‍ ഉണ്ടാക്കാനും മുന്നോട്ടു വരണമെന്നും കാന്തപുരം പറഞ്ഞു.


ന്യൂനപക്ഷങ്ങളിലെ വ്യത്യസ്തമായ ആറ് നോട്ടിഫൈഡ് വിഭാഗങ്ങളെയും ഒരുമിച്ചു പരിഗണിക്കുന്ന രീതി സാമൂഹിക നീതി ഉറപ്പുവരുത്താന്‍ സഹായിക്കില്ല. പകരം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങളെയും അല്ലാത്തവരെയും വെവ്വേറെ വിഭാഗങ്ങളാക്കി വേര്‍തിരിച്ചു കൊണ്ടുള്ള പരിഹാരക്രിയകളും ക്ഷേമ പദ്ധതികളും ജനസംഖ്യാനുപാതികമായി നടപ്പിലാക്കണം. മറ്റുപല സംസ്ഥാനങ്ങളും ഇത്തരത്തിലുള്ള നിയമ നിര്‍മ്മാണങ്ങള്‍ നടത്തിയിട്ടുണ്ട്.


നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, പാലോളി കമ്മറ്റി റിപ്പോര്‍ട്ട് എന്നിങ്ങനെ മുസ്ലിംകളുടെ പിന്നാക്കാവസ്ഥയും വിദ്യാഭ്യാസ-തൊഴില്‍ മേഖലകളിലെ പ്രാതിനിധ്യക്കുറവും വിശദമായി പ്രതിപാദിക്കുന്ന രണ്ടു പഠന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ തന്നെ സര്‍ക്കാരിനു മുന്നില്‍ ഉണ്ട്. അതിലെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കണം.


തുല്യാവസാരവകാശ കമ്മീഷനെ നിയമിച്ചുകൊണ്ടു പിന്നാക്ക ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പടെയുള്ള സംവരണ വിഭാഗങ്ങള്‍ക്കവകാശപ്പെട്ട പ്രാതിനിധ്യവും മറ്റു അവകാശങ്ങളും എല്ലാ മേഖലകളിലും ലഭിക്കുന്നുണ്ട് എന്നുറപ്പുവരുത്താനുള്ള വ്യവസ്ഥാപിതമായ സ്ഥിരം സംവിധാനം ഒരുക്കുകയും വേണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.


SHARE THIS

Author:

0 التعليقات: