തിരുവനന്തപുരം: സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ കേരള ഹൈക്കോടതി വിധിയെ തുടര്‍ന്നുണ്ടായ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷി യോഗം വിളിച്ചു. വെള്ളിയാഴ്ച വൈകിട്ട് 3. 30 ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം.
ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളില്‍ 80-20 അനുപാതം അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി കഴിഞ്ഞ ദിവസം ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളില്‍ 80 ശതമാനം മുസ്ലിങ്ങള്‍ക്കും ബാക്കി 20 ശതമാനം ലത്തീന്‍ കത്തോലിക്ക, പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുമായി നല്‍കിക്കൊണ്ടുള്ള ഉത്തരവുകളാണ് ഹൈക്കോടതി റദ്ദാക്കിയത്.
ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കുള്ള ക്ഷേമപദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ഒരു സമുദായത്തിനു മാത്രമായി മുന്‍ഗണന നല്‍കുന്നെന്നാണ് ആരോപിച്ചുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നാണ് ന്യൂനപക്ഷ വിഭാഗങ്ങള്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ എന്ത് ചെയ്യണമെന്ന് ആലോചിക്കുവാനാണ് മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നത്.
മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ബിരുദ, ബിരുദാനന്തര പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് മെറിറ്റടിസ്ഥാനത്തില്‍ പ്രതിവര്‍ഷം യഥാക്രമം 3000, 4000, 5000 രൂപ നിരക്കില്‍ 5000 സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിന് 2008 ഓഗസ്റ്റ് 16നാണ് ഉത്തരവിറങ്ങിയത്. ഇതിനായി പത്തുകോടി രൂപ നീക്കിവെക്കുകയും ചെയ്തു.
എന്നാല്‍ 2011 ഫെബ്രുവരിയില്‍ വി എസ് മന്ത്രിസഭയുടെ കാലത്ത് മുസ്ലിം വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്-സ്‌റ്റൈപ്പെന്റ് ആനുകൂല്യം ലത്തീന്‍ കത്തോലിക്ക സമുദായത്തിനും മറ്റു പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കും ലഭ്യമാക്കി. 80 ശതമാനം മുസ്ലിംകള്‍ക്കും 20 ശതമാനം ലത്തീന്‍ കത്തോലിക്ക വിഭാഗങ്ങള്‍ക്കും നല്‍കുവാനാണ് തീരുമാനിച്ചത്. മുസ്ലിംകള്‍ക്ക് മാത്രമുള്ള ഒരു സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ മറ്റു വിഭാഗങ്ങളെ കൂടി ചേര്‍ത്തതോടെ ഇത് ഒരു പൊതു പദ്ധതിയെന്ന രീതിയില്‍ വ്യാഖ്യാനിക്കപ്പെടുകയും വിവാദങ്ങള്‍ക്ക് കാരണമാകുകയുമായിരുന്നു.

0 التعليقات: