കോഴിക്കോട്: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ്.എസ്.എഫ് നടത്തുന്ന പരിസ്ഥിതി സാക്ഷരത സാമയികത്തിന് വെള്ളിയാഴ്ച ആരംഭം കുറിക്കും. പ്രകൃതി ചോദിക്കുന്നു; മനുഷ്യന്‍ ഇപ്പോഴെങ്കിലും വിനയം പഠിക്കുമോ? എന്ന ശീര്‍ഷകത്തില്‍ ക്ലബ് ഹൗസില്‍ നടക്കുന്ന പരിസ്ഥിതി പാഠം പരിപാടിയോടെയാണ് പരിസ്ഥിതി സാക്ഷരത സാമയികത്തിന് തുടക്കമാകുന്നത്. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ സഹദേവന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.
എസ്.എസ്. എഫ് സംസ്ഥാന പ്രസിഡണ്ട് കെ.വൈ നിസാമുദ്ദീന്‍ ഫാളിലി, ജനറല്‍ സെക്രട്ടറി സി.എന്‍ ജാഫര്‍, സെക്രട്ടറിമാരായ, സി.ആര്‍ കുഞ്ഞുമുഹമ്മദ്, കെ.ബി ബശീര്‍, ജാബിര്‍ കോഴിക്കോട്,എം.ജുബൈര്‍ എന്നിവര്‍ സംസാരിക്കും. ഒരു മാസം നീണ്ടു നില്‍ക്കുന്ന കാമ്പയിന്‍ കാലയളവില്‍ വ്യത്യസ്തങ്ങളായ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ നടക്കും.
പാരിസ്ഥിതിക്ക് അവബോധം സൃഷ്ടിക്കുന്ന ഗ്രീന്‍ കഫേ, പരിസ്ഥിതി സൗഹൃദ ആശയങ്ങള്‍ ക്ഷണിച്ചു കൊണ്ടുള്ള ഹരിത ഭാവന മത്സരം, ഇസ് ലാമിന്റെ പരിസ്ഥിതി സങ്കല്‍പങ്ങള്‍ അവതരിപ്പിക്കുന്ന ഗ്രീന്‍ ടോക്ക്, പ്‌ളാസ്റ്റിക്ക് ബോട്ടിലുകളുടെ സംസ്‌കരണം ലക്ഷ്യം വെച്ച് ഗ്രീന്‍ ബൂത്ത്, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി പരിസ്ഥിതി സഭ, വീടും പറമ്പും പ്‌ളാസ്റ്റിക് മാലിന്യമുക്തമാക്കാന്‍ ഗ്രീന്‍ ഡേ, വീടുകളില്‍ മാലിന്യ സംസ്‌കരണ മാര്‍ഗങ്ങള്‍ സ്ഥാപിക്കുന്ന ഗ്രീന്‍ ഡേ ചലഞ്ച്, എന്റെ മരം നാളത്തെ ഫലം എന്ന ശീര്‍ഷകത്തില്‍ വീട്ടില്‍ വിദ്യാര്‍ത്ഥികള്‍ ഫല വൃക്ഷ തൈകള്‍ നടല്‍, പ്രകൃതിവിഭവങ്ങളുടെ ഉപഭോഗം കുറക്കല്‍ ലക്ഷ്യമിട്ട് എനര്‍ജി ഓഡിറ്റ്, പൊതു ഇടങ്ങളില്‍ ഫലവൃക്ഷ തൈകള്‍ നടുന്ന നാളെക്കൊരു തണല്‍ പദ്ധതി തുടങ്ങി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് കാമ്പയിന്‍ കാലയളവില്‍ നടക്കുന്നത്.

0 التعليقات: