മുഗു: 'നമുക്കൊരു മരം നാളേക്കൊരു ഫലം' എന്ന ശീര്‍ഷകത്തില്‍ ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനത്തില്‍ എസ് വൈ എസ് നടത്തി വരുന്ന തൈ നടല്‍ പദ്ധതിക്ക് പുത്തിഗെ സൗത്ത് സര്‍ക്കിളില്‍ തുടക്കമായി.
സര്‍ക്കിള്‍ തല ഉല്‍ഘാടനം കേരള മുസ്ലിം ജമാഅത്ത് കുമ്പള സോണ്‍ വൈസ് പ്രസിഡന്റ് ഇബ്രാഹീം സഅദി മളി സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി ഫാറൂഖ് സഖാഫിക്ക് തൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
മഴക്കാലത്തിന്റെ തുടക്കത്തില്‍ പരിസ്ഥിതി സംരക്ഷണ പാഠവും പ്രയോഗവും ലക്ഷ്യം വെച്ച് എസ് വൈ എസ് സംസ്ഥാന വ്യാപകമായി മൂന്ന് ലക്ഷം ഹരിതമുറ്റം ഒരുക്കുന്നു. പ്രവര്‍ത്തകരുടെ വീടും പറമ്പും ചെടികളും മരങ്ങളും വെച്ചുപിടിപ്പിച്ചു ഹരിതാഭമാക്കുകയും അടുക്കളത്തോട്ടം നിര്‍മിക്കുകയുമാണ് ലക്ഷ്യം.
ജൂണ്‍ ഒന്നിന് മണ്ണിലിറങ്ങാം എന്ന പേരില്‍ കൃഷിയാരംഭത്തിന് തുടക്കം കുറിച്ചിരുന്നു. സംസ്ഥാന കമ്മറ്റി നല്‍കുന്ന വീഡിയോ സന്ദേശം വഴി ഓരോ വീട്ടിലും ലളിതമായ രീതിയില്‍ കൃഷി ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. അടുക്കളത്തോട്ടങ്ങള്‍ക്ക് അന്ന് തന്നെ തുടങ്ങിയിരുന്നു.
ജൂണ്‍ ഏഴ് വരെ കുടുംബ സമേതം വിവിധതരം തൈകള്‍ നട്ടുവളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന പ്രവൃത്തികളില്‍ പങ്കാളികളാകും. കോവിഡ് പ്രതിസന്ധിയുടെ അതിജീവനമായി വ്യാപകമായി അടുക്കളത്തോട്ടമൊരുക്കും. ജൈവ വളം ഉണ്ടാക്കുന്നതിനുള്ള സംവിധാനം മഴ വെള്ളം ശേഖരിക്കല്‍, കിണര്‍ റീചാര്‍ജിംഗ് തുടങ്ങിയ പദ്ധതികളും നടക്കും.

0 التعليقات: