Sunday, 6 June 2021

 ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്   അടിയന്തരമായി പുനസ്ഥാപിക്കണം:   മുസ്ലീം ലീഗ്

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അടിയന്തരമായി പുനസ്ഥാപിക്കണം: മുസ്ലീം ലീഗ്


മലപ്പുറം - സംസ്ഥാനത്ത് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അടിയന്തരമായി പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മുസ്ലീം ലീഗ്. വിദഗ്ധ സമിതിയെ നിയമിക്കുന്നത് അപ്രായോഗികമാണെന്നതു കൊണ്ടു തന്നെ ഇത് അംഗീകരിക്കാനാകില്ലെന്ന് പാര്‍ട്ടി നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും പറഞ്ഞു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ക്കായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്താനുള്ള സര്‍വകക്ഷി യോഗ തീരുമാനത്തിന് പിന്നാലെയാണ് പ്രതികരണം. 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ സാമുദായിക സംഘര്‍ഷം ഒഴിവാക്കി സമവായത്തിലൂടെ പ്രശ്നം തീര്‍ക്കണമെന്നാണ് സര്‍വകക്ഷി യോഗത്തിലുണ്ടായ പൊതു ധാരണ.


സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണം. കോടതി വിധിയോടെ പാലോളി കമ്മീഷന്‍ റിപ്പോര്‍ട്ട് അസാധുവായിരിക്കുകയാണ്. മറ്റ് വിഭാഗങ്ങളിലെ അര്‍ഹരായ പിന്നാക്കക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനോട് മുസ്ലീം ലീഗിന് എതിര്‍പ്പില്ല. എന്നാല്‍, അതിനെ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


കോടതി വിധിയോടെ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തന്നെ നടപ്പാക്കാനാവാത്ത അവസ്ഥയാണ്. വിഷയത്തില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകാനാനുള്ള സര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.





 കേന്ദ്ര നേതൃത്വം   ഒഴിയാന്‍ ആവശ്യപ്പെടുന്ന   നിമിഷം രാജി: യെദിയൂരപ്പ

കേന്ദ്ര നേതൃത്വം ഒഴിയാന്‍ ആവശ്യപ്പെടുന്ന നിമിഷം രാജി: യെദിയൂരപ്പ



ബെംഗളൂരു- കര്‍ണാടകയില്‍ നേതൃമാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ, ബി ജെ പി നേതൃത്വത്തിന് തന്നില്‍ വിശ്വാസമുള്ളത്രയും കാലം മുഖ്യമന്ത്രി പദവിയില്‍ തുടരുമെന്ന് വ്യക്തമാക്കി ബി എസ് യെദിയൂരപ്പ. ഇക്കാര്യത്തില്‍ തനിക്കൊരു ആശയക്കുഴപ്പവും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. താന്‍ ഒഴിയണമെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം ആവശ്യപ്പെടുന്ന ആ നിമിഷം രാജിവെക്കുകയും രാവും പകലും സംസ്ഥാനത്തിന്റെ വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്യും. തന്നെ പദവിയില്‍ നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട ചോദ്യത്തോട് പ്രതികരിക്കവേ യെദ്യൂരപ്പ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന വാര്‍ത്തകള്‍ക്കിടെ വിഷയത്തില്‍ ഇതാദ്യമായാണ് യെദിയൂരപ്പ നിലപാട് പറയുന്നത്.


ഉന്നത നേതൃത്വം തനിക്ക് ഒരവസരം തന്നിരിക്കുകയാണ്. ആ അവസരം നല്ലതിനായി ചെലവഴിക്കാന്‍ എന്റെ കഴിവിന്റെ പരമാവധിയിലുമപ്പുറം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ബാക്കി കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് നേതൃത്വമാണ്. ആരെയും വിമര്‍ശിക്കാന്‍ താനില്ല. തനിക്ക് പകരക്കാരന്‍ ഇല്ലെന്ന പ്രചാരണത്തെ അംഗീകരിക്കാനുമാകില്ല. സംസ്ഥാനത്തും രാജ്യത്തും തനിക്ക് പകരക്കാരായി നിരവധി പേരുണ്ട്. എന്നാല്‍, പാര്‍ട്ടിക്ക് തന്നില്‍ വിശ്വാസമുള്ളിടത്തോളം കാലം മുഖ്യമന്ത്രി സ്ഥാനത്ത് തുടരും. ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായി യെദ്യൂരപ്പയും മകന്‍ ബി വൈ വിജയേന്ദ്രയും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് യെദ്യൂരപ്പയുടെ പ്രതികരണം.





 ബിജെപി   കോര്‍ കമ്മിറ്റി യോഗം   വിലക്കി പൊലീസ്

ബിജെപി കോര്‍ കമ്മിറ്റി യോഗം വിലക്കി പൊലീസ്

 


കൊച്ചിയില്‍ ബിജെപി സംഘടിപ്പിക്കുന്ന കോര്‍ കമ്മിറ്റി യോഗം വിലക്കി പൊലീസ്. യോഗം നടത്താനിരുന്ന കൊച്ചിയിലെ ബിടിഎച്ച് ഹോട്ടലിന് നോട്ടിസയച്ചു. ലോക്ക് ഡൗണ്‍ നിയമലംഘനമാകുമോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. യോഗത്തിന് എത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.



ഓഫീസില്‍ യോഗം ചേരുന്നതില്‍ വിലക്കില്ലെന്നും പൊലീസ്. ഹോട്ടല്‍ 12 പേരാണ് യോഗത്തിനെത്തിയത്. ബിജെപി നേതൃത്വവുമായി സംസാരിക്കുകയാണെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. മറ്റൊരു സ്ഥലത്തേക്ക് യോഗം മാറ്റിയേക്കും.


മ്യാന്‍മറില്‍   പട്ടാളവും നാട്ടുകാരും   തമ്മില്‍ ഏറ്റുമുട്ടല്‍ ;   20 ഗ്രാമീണരെ   പട്ടാളം വധിച്ചു

മ്യാന്‍മറില്‍ പട്ടാളവും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടല്‍ ; 20 ഗ്രാമീണരെ പട്ടാളം വധിച്ചു




മ്യാന്‍മറിലെ ഗ്രാമീണ മേഖലയില്‍ പട്ടാളവും നാട്ടുകാരുമായുള്ള ഏറ്റുമുട്ടലില്‍ 20 ഗ്രാമീണരെ സൈന്യം വധിച്ചു. അയേയാര്‍വാഡി നദീതീരത്തുള്ള ക്യേന്‍പേ നഗരത്തിനോടു ചേര്‍ന്നുള്ള പ്രദേശം തലസ്ഥാനമായ യാങ്കൂണില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് അമ്പും വില്ലും തെറ്റാലിയുമായാണ് നാട്ടുകാര്‍ പട്ടാളത്തെ നേരിട്ടത്.



ഓങ്‌സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച ശേഷം പട്ടാളം നടത്തുന്ന ക്രൂരമായ കൂട്ടനരഹത്യയാണിത്. ജനാധിപത്യ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്ന പട്ടാളം ഇതുവരെ 845 പേരെ വകവരുത്തി. ഗ്രാമത്തില്‍ ആയുധം തിരഞ്ഞെത്തിയ സേനയെയാണ് പരമ്പരാഗത ആയുധങ്ങളുമായി ഗ്രാമീണര്‍ നേരിട്ടത്.


 ഭീതിയൊഴിയുന്നു;   രാജ്യത്ത് കൊവിഡ് കേസുകളിലും   മരണനിരക്കിലും കുറവ്

ഭീതിയൊഴിയുന്നു; രാജ്യത്ത് കൊവിഡ് കേസുകളിലും മരണനിരക്കിലും കുറവ്


ന്യൂഡല്‍ഹി - രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്1,14,460 പുതിയ കൊവിഡ് കേസുകള്‍.രണ്ട് മാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ കൊവിഡ് നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 2677 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി


1,89,232 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 14,77,799 സജീവകേസുകളാണ് നിലവിലുളളത്.രാജ്യത്ത് ഇതുവരെ 2,88,09,339 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുളളത്. ഇതില്‍ 2,69,84,781 പേര്‍ കോവിഡ് മുക്തരായപ്പോള്‍ 3,46,759 പേര്‍ മരിച്ചു.




Saturday, 5 June 2021

 ലക്ഷദ്വീപുകാരല്ലാത്തവര്‍   ദ്വീപില്‍നിന്നും മടങ്ങണമെന്ന്;   പോലീസ് നടപടി തുടങ്ങി

ലക്ഷദ്വീപുകാരല്ലാത്തവര്‍ ദ്വീപില്‍നിന്നും മടങ്ങണമെന്ന്; പോലീസ് നടപടി തുടങ്ങി


കവരത്തി - ലക്ഷദ്വീപുകാരല്ലാത്തവരോട് തിരികെ പോകാന്‍ ദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ്. ഇത് സംബന്ധിച്ച് പോലീസ് നടപടി തുടങ്ങി. ഇതോടെ മലയാളികളടക്കം ലക്ഷദ്വീപിലുള്ള ഇതരസംസ്ഥാനക്കാര്‍ക്ക് ഇവിടം വിടേണ്ടി വരും. എഡിഎമ്മിന്റെ അനുമതി ഉണ്ടെങ്കിലെ ഇനി ദ്വീപിലേക്ക് മടങ്ങിയെത്താനാകു.


നിലവില്‍ ദ്വീപിലുള്ള തൊഴിലാളികള്‍ക്ക് ഒരാഴ്ചത്തേക്ക് പെര്‍മിറ്റ് നല്‍കും. ഡെപ്യൂട്ടി കലക്ടറോ ബ്ലോക്ക് ഡവലപ്മെന്റ് ഒഫിസറോ ആകും ഒരാഴ്ചത്തേക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുക. അതിന് ശേഷം ദ്വീപുകാരല്ലാത്തവര്‍ മടങ്ങണമെന്നാണ് ഉത്തരവ്.

ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഭരണപരിഷ്‌കാരങ്ങളുടെ ഭാഗമായാണ് വിവാദ ഉത്തരവ്. മത്സ്യബന്ധ ബോട്ടുകളില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിരീക്ഷണത്തിന് നിയോഗിക്കണമെന്നും ബോട്ടില്‍ സിസിടിവി സ്ഥാപിക്കണമെന്നും ഇന്നലെ ഭരണകൂടം ഉത്തരവിട്ടിരുന്നു





     ബി.ജെ.പി പ്രവര്‍ത്തകര്‍   ഭീഷണിപ്പെടുത്തുന്നുവെന്ന്   കെ. സുന്ദര

ബി.ജെ.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് കെ. സുന്ദര


കാസര്‍കോട്: സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ പണം നല്‍കിയെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകരുടെ ഭീഷണിപ്പെടുത്തുന്നുവെന്ന് മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ഥിയായിരുന്ന കെ.സുന്ദര. ആരുടേയും സമ്മര്‍ദം മൂലമല്ല ആരോപണങ്ങള്‍ ഉന്നയിച്ചത്.


പണം വാങ്ങിയത് അമ്മയോട് പറയരുതെന്ന് ആവശ്യപ്പെട്ടു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ പണം വാങ്ങിയത് തെറ്റാണ്. പണം ചെലവായിപ്പോയതിനാല്‍ തിരികെ നല്‍കാനാവില്ല. പൊലീസിനോട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും സുന്ദര പറഞ്ഞു.


നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്മാറാന്‍ ബി.ജെ.പി പണവും ഫോണും നല്‍കിയതായി കെ.സുന്ദര ഇന്നലെ വെളിപ്പെടുത്തിയിരുന്നു. അതേസമയം, പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കെ. സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരത്തെ എല്‍.ഡി.എഫ് സ്ഥാനാനാര്‍ഥിയായിരുന്ന വി.വി രമേശന്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. പരാതി ബദിയടുക്ക പൊലീസ് കൈമാറി. സംഭവത്തില്‍ ഇന്ന് കെ സുന്ദരയുടെ മൊഴി പൊലീസ് രേഖപ്പെടുത്തുമെന്നാണ് സൂചന.


അതേസമയം കെ. സുന്ദരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പണം നല്‍കി എന്ന് ആരോപിക്കപ്പെടുന്ന ബി.ജെ.പി ജില്ലാ നേതാക്കളില്‍ നിന്നും പൊലീസ് മൊഴി എടുക്കുമെന്നാണ് അറിയുന്നത്. എന്നാല്‍ സുന്ദരക്ക് പണം നല്‍കിയിട്ടില്ലെന്ന് അവകാശപ്പെട്ട് ബി.ജെ.പി ജില്ലാനേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.