Tuesday, 8 June 2021

     സുരേന്ദ്രനെ   ഡല്‍ഹിക്ക് വിളിപ്പിച്ചു:   ഇന്ന് ദേശീയ   നേതൃത്വവുമായി കൂടിക്കാഴ്ച

സുരേന്ദ്രനെ ഡല്‍ഹിക്ക് വിളിപ്പിച്ചു: ഇന്ന് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച



ന്യൂഡല്‍ഹി കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസ് അടക്കം കേരളത്തില്‍ പാര്‍ട്ടി വലിയ ആരോപണങ്ങള്‍ നേരിടുന്നതിനിടെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഡല്‍ഹിയിലെത്തി. കേരളത്തിലെ സംഭവി വികാസങ്ങളെക്കുറിച്ച് ചോദിച്ചറിയുന്നതിനായി ദേശീയ നേതൃത്വം വിളിപ്പിച്ചതിനെ തുടര്‍ന്നാണ് സുരേന്ദ്രന്‍ ഡല്‍ഹിയിലെത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തും.


കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഡല്‍ഹിയിലെത്തിയതെന്നാണ് സുരേന്ദ്രനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ കുഴപ്പണ വിവാദം, തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ഉയര്‍ന്ന പരാതികളുടെ പശ്ചാതലത്തില്‍ സുരേന്ദ്രനെ വിളിപ്പിക്കുകയായിരുന്നുവെന്നാണ് എതിര്‍ ഗ്രൂപ്പുകാര്‍ പറയുന്നത്.



 

അതേസമയം മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറാന്‍ കെ സുന്ദരയെന്ന ബിഎസ്പി സ്ഥാനാര്‍ത്ഥിക്ക് കൈക്കൂലി നല്‍കിയെന്ന കേസില്‍ സുരേന്ദ്രനെതിരായ അന്വേഷണം കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.





     പാക്കിസ്ഥാനിലെ   ട്രെയിനപകടം:   മരണം 65 ആയി

പാക്കിസ്ഥാനിലെ ട്രെയിനപകടം: മരണം 65 ആയി


പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി. 100 ലേറെ പേര്‍ പരുക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്. പലരുടേയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.


അപ്പര്‍ സിന്ധില്‍ റേതി-ധാര്‍കി സ്റ്റേഷനുകള്‍ക്കിടയില്‍ തിങ്കളാഴ്ച വെളുപ്പിനായിരുന്നു ദുരന്തം. കറാച്ചിയില്‍ നിന്നു സര്‍ഗോധയിലേക്കു വന്ന മില്ലത്ത് എക്‌സ്പ്രസ് പാളംതെറ്റി മറ്റൊരു ട്രാക്കിലേക്കു വീണപ്പോള്‍ ആ പാളത്തിലൂടെ റാവല്‍പിണ്ടിയില്‍ നിന്നു കറാച്ചിയിലേക്കു പോകുകയായിരുന്നു സര്‍ സയിദ് എക്‌സ്പ്രസിലിടിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം അവസാനിച്ചതായും അപകടത്തില്‍പ്പെട്ട 17 കോച്ചുകളും ട്രെയിനിന്റെ എഞ്ചിനും നീക്കം ചെയ്ത് റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചതായും ഡിവിഷണല്‍ സൂപ്രണ്ട് അറിയിച്ചു.



 

 





     കെ എസ് ആര്‍ ടി സി   ദീര്‍ഘദൂര സര്‍വ്വീസ്

കെ എസ് ആര്‍ ടി സി ദീര്‍ഘദൂര സര്‍വ്വീസ്



  ലോക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തോളമായി നിര്‍ത്തിവെച്ചിരുന്ന കെ എസ് ആര്‍ ടി സിയുടെ ദീര്‍ഘദൂര സര്‍വ്വീസ് ഇന്ന് രാവിലെയോടെ പുനരാരംഭിച്ചു. കൊവിഡ് പ്രോട്ടോകോളുകളെല്ലാം പാലിച്ചാണ് സര്‍വ്വീസ് തുടങ്ങിയിരിക്കുന്നത്. തെക്കന്‍ ജില്ലകളില്‍ നിന്ന് മാത്രം 75ഓളം ദീര്‍ഘദൂര സര്‍വ്വീസുകളാണ് തുടങ്ങിയത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് പലയിടത്തും കുടുങ്ങിക്കിടന്ന യാത്രക്കാര്‍ക്ക് വലിയ ആശ്വാസമേകുന്നതാണ് പുതിയ സര്‍വ്വീസുകള്‍.

സര്‍വീസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ 'എന്റെ കെ എസ് ആര്‍ ടി സി'മൊബൈല്‍ ആപ്, ംംം.സലൃ മഹമൃരേ.രീാ എന്ന വെബ്സൈറ്റിലും ലഭിക്കും. ടിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെ റിസര്‍വ് ചെയ്യാം.


നാഷണല്‍ ഹൈവേ, എം സി റോഡ് , മറ്റുപ്രധാന സ്റ്റേറ്റ് ഹൈവേകള്‍ എന്നിവിടങ്ങളിലൂടെയാണു സര്‍വീസുകള്‍ നടത്തുന്നത്. ഓര്‍ഡിനറി, ബോണ്ട് തുടങ്ങിയ ഇപ്പോഴത്തെ സര്‍വീസുകള്‍ നിലവിലുള്ളതുപോലെ തുടരും. കര്‍ശന നിയന്ത്രണമുള്ള 12, 13 തീയതികളില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ഉണ്ടാകില്ല.


യാത്രക്കാര്‍ ആവശ്യമുള്ള രേഖകള്‍ കരുതണം. ബസുകളില്‍ ഇരുന്നുമാത്രമേ യാത്ര അനുവദിക്കൂ. ലോക്ഡൗണ്‍ പിന്‍വലിക്കുന്ന 17 ന് ദീര്‍ഘദൂര സര്‍വീസുകള്‍ പൂര്‍ണമായും പുനരാരംഭിക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.





 ബ്ലാക്ക് ഫംഗസ് ചികിത്സയിലായിരുന്ന   ഹരിയാന മുന്‍മന്ത്രി അന്തരിച്ചു

ബ്ലാക്ക് ഫംഗസ് ചികിത്സയിലായിരുന്ന ഹരിയാന മുന്‍മന്ത്രി അന്തരിച്ചു



ചണ്ഡിഖഡ് -  ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഹരിയാന മുന്‍ മന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായിരുന്ന കമല വര്‍മ (93) അന്തരിച്ചു. കൊവിഡ് മുക്തയായ ശേഷമാണ് കമല വര്‍മക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചത്. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മരണം. കമല വര്‍മയുടെ മരണത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഖേദം രേഖപ്പെടുത്തി.








 രാജ്യത്ത് ഇന്ധന   വില കുതിക്കുന്നു;   37 ദിവസത്തിനുള്ളില്‍   കൂട്ടിയത് 22 തവണ

രാജ്യത്ത് ഇന്ധന വില കുതിക്കുന്നു; 37 ദിവസത്തിനുള്ളില്‍ കൂട്ടിയത് 22 തവണ


ന്യൂഡല്‍ഹി - രാജ്യത്ത് ഇന്ധന വില ദിനേന വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന നടപടി എണ്ണക്കമ്പനികള്‍ തുടരുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടെ 22 തവണയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്.


കൊച്ചി പെട്രോള്‍ ലിറ്ററിന് 95.66 രൂപയും ഡീസലിന് 91.13 രൂപയുമാണ് പുതിയ ഇന്ധനവില. തിരുവനന്തപുരം പെട്രോളിന് 97.54 രൂപയും ഡീസലിന് 92.90 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 95.95 രൂപയും ഡീസല്‍ 91.31 രൂപയുമാണ് ഇന്നത്തെ വില. രാജ്യത്തിന്റെ പല ഭാഗത്തും ഇന്ധന വില ഇതിനോടകം നൂറ് കവിഞ്ഞു. പ്രീമിയം പെട്രോളിന് കേരളത്തിലും പലയിടത്തും നൂറിന് മുകളിലാണ് വില.



 

 



     കാണ്‍പൂരില്‍   ബസും ട്രക്കും   കൂട്ടിയിടിച്ച്   15 മരണം

കാണ്‍പൂരില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 15 മരണം




കാണ്‍പൂര്‍ - ഉത്തര്‍പ്രദേശില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. 24 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ നിരവധി പേരുടെ നില അതീവ ഗുരുതരമാണ്.


ഇന്ന് രാത്രി കാണ്‍പൂരിലാണ് അപകടം ഉണ്ടായത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ശതാബ്ദി എ സി ബസാണ് അപകടത്തില്‍പ്പെട്ടത്. ലക്‌നൗവില്‍ നിന്നും ഡല്‍ഹിയിലേക്ക് വരികയായിരുന്നു ബസ്. പരുക്കേറ്റവരെ ലാല ലജ്പത് റായ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.





 യൂസുഫലിയുടെ ഇടപെടലില്‍   വധശിക്ഷ ഒഴിവായി;   ബെക്സ് കൃഷ്ണന്‍   നാട്ടിലെത്തി

യൂസുഫലിയുടെ ഇടപെടലില്‍ വധശിക്ഷ ഒഴിവായി; ബെക്സ് കൃഷ്ണന്‍ നാട്ടിലെത്തി



വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സര്‍വ്വ പ്രതീക്ഷകളും അസ്തമിച്ച യുവാവിന് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയുടെ കാരുണ്യത്തില്‍ ലഭിച്ചത് പുതുജന്മം

 വധശിക്ഷക്ക് വിധിക്കപ്പെട്ട് യുഎഇയില്‍ ജയിലിലടയ്ക്കപ്പെടുകയും വ്യവസായി എംഎ യൂസുഫലിയുടെ ഇടപെടലിനെ തുടര്‍ന്ന് ജയില്‍ മോചിതനാകുകയും ചെയ്ത തൃശൂര്‍ നടവരമ്പ് സ്വദേശി ബെക്സ് കൃഷ്ണന്‍ ജന്മനാട്ടിലണഞ്ഞു. ചൊവ്വാഴ്ച രാത്രി 8.20 ന് അബുദാബിയില്‍ നിന്നും പുറപ്പെട്ട ഇത്തിഹാദ് വിമാനത്തില്‍ യാത്രതിരിച്ച ബെക്സ്, ഇന്ന് പുലര്‍ച്ചെ 1.45 നാണ് കൊച്ചിയിലെത്തിയത്. കുടുംബാംഗങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനാണ് ഇതോടെ അവസാനമാകുന്നത്. ഭാര്യ വീണയും മകന്‍ അദ്വൈതും ബെക്സിനെ സ്വീകരിക്കാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയിരുന്നു.


വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സര്‍വ്വ പ്രതീക്ഷകളും അസ്തമിച്ച യുവാവിന് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയുടെ കാരുണ്യത്തില്‍ ലഭിച്ചത് പുതുജന്മാമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അബുദാബി മുസഫയില്‍ വെച്ച് താന്‍ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന്‍ ബാലന്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ബെക്സ് കൃഷ്ണന്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടത്. ബെക്സ് കൃഷ്ണന്റെ കുടുംബം ബന്ധപ്പെട്ടതിനെ തുടര്‍ന്ന് അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചര്‍ച്ചകളുടെയും ദിയാധനമായി 5 ലക്ഷം ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ) നല്‍കിയതിന്റെയും അടിസ്ഥാനത്തില്‍ ശിക്ഷ റദ്ദ് ചെയ്യാന്‍ സാധിച്ചതാണ് നിര്‍ണായകമായത്.



 

2012 സെപ്തംബര്‍ 7-നായിരുന്നു അബുദാബിയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ബെക്സിന്റെ ജീവിതം മാറ്റിമറിച്ച സംഭവം നടന്നത്. ജോലി സംബന്ധമായി മുസഫയിലേക്ക് പോകവെ സംഭവിച്ച കാറപടത്തില്‍ സുഡാന്‍ പൗരനായ കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ നരഹത്യക്ക് കേസെടുത്ത അബുദാബി പോലീസ് ബെക്സ് കൃഷ്ണനെതിരായി കുറ്റപത്രം സമര്‍പ്പിച്ചു. സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാര്‍ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാലാണ് മാസങ്ങള്‍ നീണ്ട വിചാരണകള്‍ക്ക് ശേഷം യു.എ.ഇ. സുപ്രീം കോടതി 2013-ല്‍ ബെക്സിനെ വധശിക്ഷക്ക് വിധിച്ചത്.


അബുദാബി അല്‍ വത്ബ ജയിലില്‍ കഴിഞ്ഞിരുന്ന ബെക്സിന്റെ മോചനത്തിനായി കുടുംബം നടത്തിയ ശ്രമങ്ങള്‍ ഒന്നും ഫലവത്താകാതെ സര്‍വ്വപ്രതീക്ഷകളും തകര്‍ന്ന സമയത്താണ് ബന്ധു സേതു വഴി എം.എ.യൂസഫലിയോട് മോചനത്തിനായി ഇടപെടാന്‍ കുടുംബം അഭ്യര്‍ത്ഥിച്ചത്.


കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ കുടുംബവുമായി യൂസഫലി നിരവധി തവണ ചര്‍ച്ചകള്‍ നടത്തുകയും കാര്യങ്ങള്‍ പറഞ്ഞ് അവരെ ബോധ്യപ്പെടുത്താനായതുമാണ് മോചനത്തിലേക്കുള്ള വഴി തെളിഞ്ഞത്. ഒരവസരത്തില്‍ ഇതിനായി സുഡാനില്‍ നിന്നും കുടുംബാംഗങ്ങളെ അബുദാബിയില്‍ കൊണ്ട് വന്ന് താമസിപ്പിക്കുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്.


വര്‍ഷങ്ങള്‍ നീണ്ട നിരന്തര ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കു ശേഷം മാപ്പ് നല്‍കാമെന്ന് ബാലന്റെ കുടുംബം കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ബെക്സിന്റെ കാരഗ്രഹ വാസത്തിന് വിരാമമാകുന്നത്. നഷ്ടപരിഹാരമായി കോടതി 5 ലക്ഷം ദിര്‍ഹം ആവശ്യപ്പെട്ടപ്പോള്‍ യൂസഫലി തന്നെ അത് കഴിഞ്ഞ ജനുവരിയില്‍ കോടതിയില്‍ കെട്ടിവെക്കുകയാണുണ്ടായത്.