Wednesday 31 March 2021

അഭിപ്രായ സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെടുന്നു; ഇന്ത്യക്കെതിരെ വീണ്ടും യുഎസ് റിപോര്‍ട്ട്


ഇന്ത്യയില്‍ അഴിമതിയും അസഹിഷ്ണുതയും വര്‍ധിക്കുകയാണെന്നും അഭിപ്രായസ്വാതന്ത്ര്യത്തിനും മാധ്യമപ്രവര്‍ത്തനത്തിനും നിയന്ത്രണമുണ്ടെന്നും മനുഷ്യാവകാശങ്ങളും മതസ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നതായി യു.എസ് സ്റ്റേറ്റ് റിപോര്‍ട്ട്. ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നിയമവിധേയമല്ലാത്ത കൊലപാതകങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ടെന്നും മതസ്വാതന്ത്ര്യം ഹനിക്കുകയാണെന്നും റിപോര്‍ട്ട് വ്യക്തമാക്കി. യു.എസ് കോണ്‍ഗ്രസിന്റെ മനുഷ്യാവകാശ 2020 റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.


നിയമവിരുദ്ധമായ അറസ്റ്റ്, അന്യായ തടവ്, ജയിലിലെ ഭീഷണി ജുഡീഷ്യറിക്ക് പുറത്തുള്ള പൊലീസിന്റെ ഏറ്റുമുട്ടല്‍ കൊലകള്‍, പീഡനം, ജയില്‍ അധികൃതരുടെ ക്രൂരമായ പീഡനം എന്നിവയാണ് പ്രധാന മനുഷ്യാവകാശ ലംഘനങ്ങളായി റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.രാഷ്ട്രീയ നിലപാട് വ്യക്തിമാക്കിയതിന് ചില വ്യക്തികളെ അറസ്റ്റ് ചെയ്യുകയും ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ചതിന് അഡ്വ. പ്രശാന്ത് ഭൂഷണെതിരെ നടപടിയെടുത്തതും റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചു.


യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച ദ വയര്‍ എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജനെതിരെയുള്ള നിയമനടപടിയും റിപ്പോര്‍ട്ട് ഉദ്ധരിച്ചു.

സമൂഹ്യമാധ്യമങ്ങളിലെ ഇടപെടലിനും നിയന്ത്രണമേര്‍പ്പെടുത്തുന്നു. രാജ്യത്ത് മതസ്വാതന്ത്ര്യത്തിന് നേരെയും ആക്രമണം നടക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്കുനേരെ അക്രമവും വിവേചനവും നടക്കുന്നു. നിര്‍ബന്ധിത ബാലവേലയും ബോണ്ട് തൊഴില്‍ സംവിധാനവും നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.


നേരത്തെയും ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നുണ്ടെന്ന് യുഎസ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, ഈ ആരോപണങ്ങള്‍ അന്ന് ഇന്ത്യ തള്ളി. ജമ്മുകശ്മീരിലെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ട് വരുന്നുണ്ടെന്നും ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ച് തുടങ്ങിയെന്നും ആക്ടിവിസ്റ്റുകളെ തടവില്‍ നിന്ന് മോചിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.



SHARE THIS

Author:

0 التعليقات: