ജെല്ലി ഫിഷുകള്‍ ഉത്തര മലബാറിലെ കടലില്‍ വില്ലനായി മാറിയിരിക്കുന്നു. കൂട്ടത്തോടെ കാണുന്ന ജെല്ലി ഫിഷുകളുടെ ആക്രമണത്തെ പേടിച്ച് കടലില്‍ പോകാന്‍ കഴിയാതെ പ്രതിസന്ധിയിലാണ് മല്‍സ്യത്തൊഴിലാളികള്‍. വല നശിപ്പിക്കുക മാത്രമല്ല , ഇവയുടെ ആക്രമണം തൊഴിലാളികളുടെ ജീവന്‍ വരെ അപകടത്തിലാക്കും. വെള്ളയും, ചുവപ്പും നിറത്തില്‍ കടലില്‍ ഒറ്റയ്ക്കും കൂട്ടമായും കാണുന്ന ജെല്ലി ഫിഷുകള്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് ഉണ്ടാക്കുന്ന ദുരിതം ചെറുതല്ല. പഞ്ഞിക്കെട്ട് പോലെ ഒഴുകി നടക്കുന്ന ഇവ അപകടകാരികളാണ്.
കാഴ്ചയില്‍ കൗതുകവും ഭംഗിയും തോന്നുമെങ്കിലും വിഷവാഹകരാണ് ഈ ജെല്ലി ഫിഷുകള്‍. മനുഷ്യന്റെ ഹൃദയം, നാഡി വ്യവസ്ഥ കോശങ്ങള്‍ എന്നിവയെ ഒരേ സമയം ആക്രമിക്കാന്‍ ശേഷിയുള്ള വിഷമാണ് ജെല്ലി ഫിഷിന്റെ ശരീരത്തുള്ളത്. വളരെ വേഗത്തില്‍ വ്യാപിക്കുന്ന വിഷമായതിനാല്‍ കടലില്‍ വച്ച് കുത്തേറ്റ വ്യക്തിയെ കരയ്ക്കെത്തിക്കും മുന്‍പ് തന്നെ ഹൃദയാഘാതം സംഭവിക്കാം. രക്ഷപ്പെടുകയാണെങ്കില്‍ ആഴ്ചകളോളം കടുത്ത ശരീര വേദന അനുഭവപ്പെടും.
ഇവ കൂട്ടത്തോടെ വലയില്‍ കയറിയാല്‍ വെള്ളം വാര്‍ന്നു പോകാതെ വല പൊട്ടിപ്പോകും. ഇത്തരത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കടുത്ത ഭീഷണിയാവുകയാണ് ജെല്ലി ഫിഷുകള്‍. ഒന്നരകിലോ വരെയാണ് പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ജെല്ലി ഫിഷിന്റെ ഭാരം. ചെറു മല്‍സ്യങ്ങള്‍ , ചെമ്മീന്‍ ,വിരകള്‍ എന്നിവയാണ് ഭക്ഷണം. പരമാവധി രണ്ടു വര്‍ഷം വരെ ആയുസ്സ്.
സമീപകാലത്തായി ഉത്തരമലബാറിലെ കടലില്‍ ഇവയുടെ സാന്നിധ്യം കൂടുതലായി കണ്ടുവരുന്നു. കടലിലെ കാലാവസ്ഥ മാറ്റമാകാം ഇവയുടെ സാന്നിധ്യത്തിന് കാരണമെന്നാണ് വിദഗ്ദ്ധരുടെ നിഗമനം. പരമ്പരാഗത മോട്ടോര്‍ വള്ളങ്ങളില്‍ മല്‍സ്യബന്ധനം നടത്തുന്നവര്‍ക്ക് ഇവ പ്രതിസന്ധി സൃഷ്ടിക്കുന്നു.

0 التعليقات: