Monday, 26 April 2021

കൊവിഡ് വ്യാപനം: വിദേശ സഹായങ്ങള്‍ കൈപ്പറ്റുന്ന കാര്യത്തില്‍ അവ്യക്ത നിലപാട് തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍



അതിതീവ്ര കൊവിഡ് വ്യാപന സാഹചര്യത്തില്‍ വിദേശ സഹായങ്ങള്‍ കൈപ്പറ്റുന്ന കാര്യത്തില്‍ അവ്യക്ത നിലപാട് തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. വിദേശ സഹായം നേരിട്ട് സ്വീകരിക്കരുതെന്ന ഇന്ത്യയുടെ ദീര്‍ഘകാല നയത്തില്‍ മാറ്റം ഇല്ലെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട്. ഈ നിലപാടില്‍ മാറ്റം വരുത്താതെ വിദേശ രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത സഹായങ്ങള്‍ നേരിട്ട് കൈപ്പറ്റാന്‍ സര്‍ക്കാര്‍ എജന്‍സികള്‍ക്ക് സാധിക്കില്ല.


കൊവിഡ് വ്യാപനത്തില്‍ ഇന്ത്യ വിറങ്ങലിക്കുമ്പോള്‍ ലോക രാജ്യങ്ങള്‍ ഒന്നടങ്കം ഇന്ത്യയ്ക്ക് നേരെ സഹായ ഹസ്തം നീട്ടുകയാണ്. ഓക്സിജന്‍, മരുന്നുകള്‍, ആശുപത്രി ഉപകരണങ്ങള്‍ എന്നിവ അടക്കമാണ് വാഗ്ദാനം. അമേരിക്ക, ഫ്രാന്‍സ്, ജപ്പാന്‍, ഓസ്ട്രേലിയ, ചൈന, ജര്‍മനി, റഷ്യ, യുഎഇ, ഇംഗ്ലണ്ട്, തുടങ്ങി 15ഓളം രാജ്യങ്ങള്‍ ഇതുവരെ സഹായ സന്നദ്ധത അറിയിച്ചു. വാഗ്ദാനം ചെയ്യപ്പെട്ട സഹായങ്ങള്‍ നേരിട്ട് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈപ്പറ്റാം എന്നതാണ് അവസ്ഥ. പക്ഷേ ഇക്കര്യത്തില്‍ അവ്യക്ത നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിദേശ സഹായം സ്വീകരിക്കരുതെന്ന ഇന്ത്യയുടെ ദീര്‍ഘകാല നയം ഇപ്പോഴും നിലവിലുണ്ടെന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. ഇന്ത്യ ഇതുവരെയും വിദേശ സഹായം അഭ്യര്‍ത്ഥിച്ചിട്ടില്ലെന്നാണ് വിശദീകരണം. മെഡിക്കല്‍ ഓക്സിജന്‍ അടക്കം വരുന്ന പലതും വാണിജ്യാവശ്യങ്ങളുടെ ഭാഗം എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. മാത്രമല്ല യൂറോപ്യന്‍ യൂണിയനും റഷ്യയും അടക്കമുള്ള രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത സഹായം ഗ്രാന്റ് രൂപത്തില്‍ കൈപ്പറ്റാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. പ്രതിസന്ധി ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ ദുരഭിമാനം ശീലിക്കുന്നു എന്ന വിമര്‍ശനമാണ് ഇതോടെ ശക്തമാകുന്നത്. കേന്ദ്രനയം തിരുത്തിയില്ലെങ്കില്‍ വാഗ്ദാനങ്ങളും സംഭാവനകളും ഇന്ത്യന്‍ റെഡ് ക്രോസ് വഴിയാകും രാജ്യത്ത് എത്തുക. വാക്സിന്‍ നിര്‍മാണ അസംസ്‌കൃത വസ്തുക്കള്‍ അടക്കം സ്വകാര്യ കമ്പനികള്‍ക്ക് ഇന്ത്യയുടെ പേരില്‍ നേരിട്ട് ലഭിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീളും.



SHARE THIS

Author:

0 التعليقات: