Wednesday, 21 April 2021

വളാഞ്ചേരി സുബീറ വധക്കേസ്: സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്താന്‍ പൊലീസ്; തെളിവെടുപ്പ് തുടരുന്നു


വളാഞ്ചേരി സുബീറ വധക്കേസില്‍ പ്രതി അന്‍വറിന്റെ തെളിവെടുപ്പ് വ്യാഴാഴ്ചയും തുടരും. ബുധനാഴ്ച നടത്തിയ തെളിവെടുപ്പില്‍ സുബീറയുടെ ഹെയര്‍ ബണ്‍, മാസ്‌ക്, ചെരിപ്പ് എന്നിവ കണ്ടെത്തിയിരുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ പരിശോധനക്കായി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.


അഴുകി തുടങ്ങിയ ശരീര അവശിഷ്ടങ്ങളില്‍ നിന്ന് മണ്ണ് നീക്കം ചെയ്തു വേണം പോസ്റ്റ് മോര്‍ട്ടവും ഡിഎന്‍എ പരിശോധന അടക്കമുള്ള മറ്റ് ശാസ്ത്രീയ പരിശോധനകളും പൂര്‍ത്തിയാക്കാന്‍. ഇതിന് രണ്ട് ദിവസത്തോളം സമയമെടുക്കും. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ഏറെ നിര്‍ണായകമാണ് എന്നത് കൊണ്ട് ഏറെ സമയമെടുത്ത് തന്നെ ആകും ഇവ പൂര്‍ത്തിയാക്കുക. ബന്ധുക്കള്‍ക്ക് സുബീറയുടെ ശരീരാവശിഷ്ടങ്ങള്‍ വിട്ട് കൊടുക്കാന്‍ രണ്ട് ദിവസം കൂടി എടുത്തേക്കും. കസ്റ്റഡിയില്‍ വാങ്ങിയപ്രതി അന്‍വറിനെ കൊണ്ട് ഇന്ന് വീണ്ടും തെളിവെടുപ്പ് നടത്തും. സുബീറയുടെ സ്വര്‍ണാഭരണങ്ങള്‍, ബാഗ്, മൊബൈല്‍ തുടങ്ങി കേസില്‍ ഏറെ നിര്‍ണായകം ആയ സാമഗ്രികള്‍ പോലീസിന് കണ്ടെത്തേണ്ടത് ഉണ്ട്. മോഷണം ആയിരുന്നു കൊലപാതകത്തിന്റെ ലക്ഷ്യം എന്ന് പ്രതി ഇതിനോടകം സമ്മതിച്ച സാഹചര്യത്തില്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തുക എന്നത് ആണ് പോലീസിന് മുന്‍പിലെ ആദ്യ ലക്ഷ്യം.



സുബീറയുടെ മൊബൈല്‍ഫോണ്‍ കുഴല്‍ക്കിണറില്‍ എറിഞ്ഞു എന്നാണ് പ്രതി പറഞ്ഞത്. ഇത് കണ്ടെത്താനും പോലീസിന് ഏറെ പ്രയാസപ്പെടേണ്ടി വരും. ഇന്നലെ നടത്തിയ തെളിവെടുപ്പില്‍ സുബീറയുടെ ചെരുപ്പ്, ഹെയര്‍ ബണ്‍, മാസ്‌ക് എന്നിവ പുല്‍ക്കാട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. കൃത്യം നടത്തിയത് എങ്ങനെ എന്ന് തെളിവെടുപ്പിന് ഇടയില്‍ പ്രതി പോലീസിനോട് വിശദമാക്കിയിരുന്നു. എതിര്‍ദിശയില്‍ നിന്ന് നടന്നു വന്ന പെണ്‍കുട്ടിയെ മാസ്‌ക്ക് ഉള്‍പ്പടെ മുഖം പൊത്തിപ്പിടിക്കുക ആയിരുന്നു. നിലത്ത് വീണ സൂബീറയെ മുഖം പൊത്തിപ്പിടിച്ച് തന്നെ സമീപത്തെ പുല്‍ക്കാട്ടിലേക്ക് കൊണ്ട് കിടത്തി. പിന്നീട് വീട്ടില്‍ പോയി മടങ്ങി വന്നപ്പോഴും അവള് അനക്കം ഇല്ലാതെ കിടക്കുക ആയിരുന്നു. തുടര്‍ന്ന് ചാക്കില്‍ കെട്ടി ഒളിപ്പിച്ച് പിന്നീട് കുഴിച്ചിടുക ആയിരുന്നു. ഇപ്രകാരം ആയിരുന്നു പ്രതി കൃത്യം നടന്നത് തെളിവെടുപ്പിനിടെ വിവരിച്ചത്.


മാര്‍ച്ച് 10 നാണ് സുബീറയെ കാണാതായത്. വീട്ടില്‍ നിന്നും ജോലി ചെയ്യുന്ന വെട്ടിച്ചിറയിലെ ദന്താശുപത്രിയിലേക്ക് പോകുമ്‌ബോഴാണ് സുബീറയെ കാണാതായത്. പ്രദേശത്ത് സിസിടിവി കളും മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും കാര്യമായ തെളിവുകളൊന്നും തന്നെ കണ്ടെത്തിയിരുന്നില്ല. സംഭവം നടന്ന് ഒരു മാസത്തിനു ശേഷമാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുകളാണ് ഉണ്ടാക്കുന്നതും അന്വേഷണം പ്രതിയിലേക്ക് എത്തുന്നതും. അന്വേഷണസംഘത്തെ വഴിതെറ്റിക്കാനും പ്രതി ശ്രമിച്ചുവെന്നും പൊലീസ് പറയുന്നുണ്ട്. തിരൂര്‍ ഡിവൈഎസ്പി കെ എ സുരേഷ് ബാബു, വളാഞ്ചേരി സി ഐ പി എം ഷമീര്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.



SHARE THIS

Author:

0 التعليقات: