Wednesday, 21 April 2021

കൊവിഡ് വാക്‌സിനേഷന് മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്


സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷന്റെ ആസൂത്രണത്തിനും നടത്തിപ്പിനുമായി ആരോഗ്യ വകുപ്പ് ആറ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പുതിയ കേസുകള്‍ ആശങ്കാജനകമായി കൂടി വരുന്ന സാഹചര്യത്തില്‍ പല വാക്സിനേഷന്‍ കേന്ദ്രങ്ങളിലും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണിത്. പൊതുജനങ്ങള്‍ക്കിടയില്‍ വാക്‌സിനേഷന്‍ ലഭ്യതയെക്കുറിച്ചുള്ള ആശങ്കയും ശക്തമാണ്. ഇതൊഴിവാക്കാനാണ് വാക്സിനേഷന്‍ സെഷനുകള്‍ നടത്തുന്നതിന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.


1. ഏപ്രില്‍ 22 മുതല്‍ ഒന്നാമത്തേയും രണ്ടാമത്തേയും ഡോസുകള്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വഴി മാത്രമായിരിക്കും ലഭ്യമാകുക. സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടാവുകയില്ല. ക്യൂ ഒഴിവാക്കാനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ കൊവിഡ് വാക്സിനേഷന്‍ സെന്ററുകളില്‍ ടോക്കണ്‍ വിതരണം ചെയ്യുകയുള്ളൂ.


2. കൊവിഡ് വാക്സിനേഷനുള്ള മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകള്‍, അക്ഷയ കേന്ദ്രങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ മുഖേന രജിസ്ട്രേഷന്‍ നടത്തുന്നതിന് ജില്ലകള്‍ മുന്‍കൈയെടുക്കേണ്ടതാണ്.


3. സര്‍ക്കാര്‍, സ്വകാര്യ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്സിന്‍ ലഭ്യതയെ അടിസ്ഥാനമാക്കി കൊവിന്‍ വെബ്സൈറ്റില്‍ സെഷനുകള്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യുന്നുവെന്ന് ജില്ലകള്‍ ഉറപ്പുവരുത്തേണ്ടതാണ്.


4. വാക്സിനേഷന്‍ സെഷനുകളില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണം. വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കേണ്ടതാണ്. സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. കൈകള്‍ ശുചിയാക്കാന്‍ സാനിറ്റൈസര്‍ എല്ലാ കേന്ദ്രങ്ങളിലും ലഭ്യമാക്കണം.


5. അതാത് വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ കൊവിഷീല്‍ഡിന്റേയും കൊവാക്സിന്റേയും ലഭ്യതയനുസരിച്ച് ആസൂത്രണം ചെയ്യുകയും ആ വിവരം പൊതുജനങ്ങളെ അറിയിക്കുകയും വേണം.


6. 45 വയസിന് മുകളിലുള്ള പൗരന്‍മാര്‍ക്ക് ഒന്നാമത്തേയും രണ്ടാമത്തേയും കൊവിഡ് വാക്സിന്‍ സമയബന്ധിതമായി നല്‍കണം. ഒന്നാം ഡോസ് സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്നണി പോരാളികള്‍ക്കും രണ്ടാം ഡോസ് നല്‍കണം.



SHARE THIS

Author:

0 التعليقات: