Monday, 19 April 2021

ജില്ലയില്‍ സഞ്ചരിക്കാന്‍ കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് തിരുത്തി കളക്ടര്‍


കാസര്‍കോ


ട്: കാസര്‍കോട് ജില്ലയില്‍ സഞ്ചരിക്കാന്‍ കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റ് വേണമെന്ന വിചിത്ര ഉത്തരവില്‍ ഇടപെട്ട് റവന്യു മന്ത്രി. സംഭവം വിവാദമായതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടല്‍. ഉത്തരവിലെ ആശയകുഴപ്പം തീര്‍ക്കാന്‍ റവന്യു സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. കൊവിഡ് നിയന്ത്രണങ്ങള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നെങ്കില്‍ മാറ്റം വരുത്താനും മന്ത്രി നിര്‍ദേശിച്ചു. മന്ത്രിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെ അങ്ങനെയൊന്നുമല്ല പറഞ്ഞതെന്ന കളക്ടറുടെ തിരുത്തുമെത്തി. പുതിയ പത്രക്കുറുപ്പിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.


 ജില്ലയിലെ പ്രധാന നഗരങ്ങളിലേക്ക് പ്രവേശിക്കാന്‍ ശനിയാഴ്ച്ച മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടായിരുന്നു കളക്ടറുടെ ഉത്തരവ്. ജില്ലക്കകത്ത് സഞ്ചരിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നായിരുന്നു നിര്‍ദേശം. ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. കേരളത്തില്‍ എവിടെയും ഇല്ലാത്ത തീരുമാനമാണ് ഇതെന്നും തുഗ്ലക്ക് പരിഷ്‌ക്കാരമെന്നുമായിരുന്നു വിമര്‍ശനം. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉത്തരവെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ പ്രതികരിച്ചു. ജില്ലാ പൊലീസ് മേധാവിയുമായി ചര്‍ച്ച ചെയ്യുമെന്നും ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയെന്നും എംഎല്‍എ അറിയിച്ചു.

അതേസമയം, ജില്ലയില്‍ രോഗവ്യാപനം ഉയരുകയാണ്. അവസാനം പുറത്തുവന്ന കണക്ക് പ്രകാരം 4062 കൊവിഡ് രോഗികളാണ് ജില്ലയിലുള്ളത്. നാല് ആശുപത്രികളിലായി 176 കിടക്കകള്‍ മാത്രമാണ് ഒഴിവുള്ളത്. ആറ് ഐസിയു ബെഡുകള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. ഇന്ന് 53 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ നടക്കും, വാക്‌സീന്‍ ക്ഷാമം ഇല്ല. നിലവില്‍ ജില്ലയില്‍ എവിടെയും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടില്ല.



SHARE THIS

Author:

0 التعليقات: