Sunday, 30 May 2021

ജൂണില്‍ 10 കോടി ഡോസ് കോവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്


ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്സിന്‍ പത്ത് കോടിക്കടുത്ത് ഡോസ് വരെ അടുത്ത മാസം ഉത്പാദനം നടത്തി വിതരണത്തിന് തയ്യാറാക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. കേന്ദ്ര സര്‍ക്കാരിനയച്ച കത്തിലാണ് കമ്പനിയുടെ അവകാശവാദം. വിവിധ സംസ്ഥാനങ്ങള്‍ വാക്സിന്‍ ക്ഷാമം സംബന്ധിച്ച പരാതി ഉന്നയിക്കുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തില്‍ കമ്പനി ഉത്പാദനം വര്‍ധിപ്പിക്കുന്ന കാര്യം വ്യക്തമാക്കിയത്. ഒന്‍പത് മുതല്‍ 10 കോടി ഡോസുകള്‍ വരെ ജൂണില്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനി സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. 


നിലവിലെ ഉത്പാദന ശേഷിയായ 6.5 കോടിയില്‍ നിന്ന് ഉത്പാദനം 10 കോടി ഡോസുകളായി വര്‍ധിപ്പിക്കുമെന്നാണ് വാഗ്ദാനം. ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് മെയ് മാസത്തില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ക്കാരിനെ അറിയിച്ചിരുന്നു. വാക്സിന്‍ ഉത്പാദനം ജൂണില്‍ 6.5 കോടി ഡോസായി വര്‍ധിപ്പിക്കുമെന്നും ജൂലായില്‍ ഏഴ് കോടി ആക്കുമെന്നും ഓഗസ്റ്റ് - സെപ്റ്റംബര്‍ മാസങ്ങളില്‍ ഉത്പാദനം 10 കോടി ആക്കുമെന്നുമാണ് അന്ന് വ്യക്തമാക്കിയത്. എന്നാല്‍ ജൂണില്‍ തന്നെ ഉത്പാദനം 10 കോടി ഡോസുകളാക്കും എന്നാണ് പുതിയ അവകാശവാദം. കോവിഡ് മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലും ജീവനക്കാര്‍ ദിവസം മുഴുവനും ജോലി ചെയ്യുകയാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.


മെയ് മാസത്തിലെ 6.5 കോടി ഡോസുകള്‍ എന്നതില്‍നിന്ന് വ്യത്യസ്തമായി ജൂണില്‍ ഒന്‍പത് മുതല്‍ പത്ത് കോടിവരെ ഡോസുകള്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് അമിത് ഷായ്ക്ക് അയച്ച കത്തില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ (ഗവണ്‍മെന്റ് ആന്‍ഡ് റെഗുലേറ്ററി അഫയേഴ്സ്) പ്രകാശ് കുമാര്‍ സിങ് അറിയിച്ചു. വാക്സിന്‍ വിഷയത്തില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കിയതിന് അദ്ദേഹം അമിത് ഷായ്ക്ക് നന്ദി പറഞ്ഞു. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിന്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ വിവിധ ഘട്ടങ്ങളില്‍ വലിയ പിന്തുണയാണ് സര്‍ക്കാരില്‍ നിന്ന് ലഭിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.


കോവിഡ് മഹാമാരിയില്‍ നിന്ന് ഇന്ത്യയിലെയും ലോകത്തെ മുഴുവന്‍ ജനങ്ങളെയും സംരക്ഷിക്കണം എന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കരുതുന്നത്. സിഇഒ അഡാര്‍ പൂനവാലയുടെ നേതൃത്വത്തില്‍ സര്‍ക്കാരുമായി തോളോട് തോള്‍ ചേര്‍ന്നുനിന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയും മാര്‍ഗനിര്‍ദ്ദേശവും സ്വീകരിച്ചുകൊണ്ട് വരുന്ന മാസത്തില്‍ വാക്സിന്‍ ഉത്പാദനശേഷി ഇനിയും വര്‍ധിപ്പിക്കുമെന്നും കത്തില്‍ പറയുന്നു. 



SHARE THIS

Author:

0 التعليقات: