ഡല്‍ഹി :രാജ്യത്തെ കൊറോണ വൈറസ് വ്യാപനവും ലോക്ക് ഡൗണും പരിഗണിച്ച് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ മാറ്റിവെക്കുന്നതായി ബിസിസിഐ പ്രഖ്യാപിച്ചു. ബിസിസിഐയുടെ ഐപിഎല്‍ ഗവേണിങ് കൗണ്‍സിലാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.
രാജ്യത്തെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് സുരക്ഷിതമായ സാഹചര്യത്തില്‍ നടത്താന്‍ പറ്റിയാല്‍ മാത്രമേ ഐപിഎല്‍ നടത്തുകയുള്ളൂവെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന. മത്സരങ്ങളുമായി ബന്ധപ്പെട്ടുള്ള എല്ലാവരുടെയും ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണെന്നും ബിസിസിഐ അറിയിച്ചു.
ഫ്രാഞ്ചൈസി ഉടമകള്‍, ബ്രോഡ്കാസ്റ്റേഴ്‌സ്, സ്‌പോണ്‍സര്‍മാര്‍ എന്നിവരെല്ലാം ബിസിസിഐ തീരുമാനത്തോട് യോജിച്ചു. രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ക് ഡൗണ്‍ തുടരുമെന്ന പ്രഖ്യാപനം വന്നതോടെ തന്നെ ഐപിഎല്‍ വീണ്ടും മാറ്റിവെച്ചുവെന്ന് വ്യക്തമായിരുന്നു. എന്നാല്‍ ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനം ഇപ്പോഴാണ് വരുന്നത്.

0 التعليقات: