Sunday, 30 May 2021

കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയത്തില്‍ സുപ്രിംകോടതി ഇന്ന് ഹര്‍ജി പരിഗണിക്കും



കേന്ദ്രസര്‍ക്കാരിന്റെ വാക്സിന്‍ നയവും അവശ്യ മരുന്നുകളുടെ ക്ഷാമവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. രാജ്യത്തെ കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ എടുത്ത കേസിലും പൊതുതാത്പര്യ ഹര്‍ജികളിലുമാണ് ഇന്ന് വാദം കേള്‍ക്കുന്നത്. പിഎം കെയേഴ്സ് ഫണ്ട് ഉപയോഗിച്ച് വാക്സിന്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജിയും കോടതിക്ക് മുന്നിലെത്തുന്നുണ്ട്. വാക്സിന്‍ നയത്തില്‍ സുപ്രിംകോടതി ഇടപെടരുതെന്ന് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.


ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് മാറ്റിവെച്ച വാദം കേള്‍ക്കലാണ് ഇന്ന് പുനരാരംഭിക്കുന്നത്. വാക്സിന്‍ നയം പ്രഥമ ദൃഷ്ട്യാ തന്നെ പൗരന്മാരുടെ ആരോഗ്യത്തിനുള്ള മൗലികാവകാശത്തെ ഹനിക്കുന്നതാണെന്ന് സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. തുല്യത, ജീവിക്കാനുള്ള അവകാശം എന്നിവയുമായി ബന്ധപ്പെട്ടതാണെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ ഒട്ടേറെ കൂടിയാലോചനകള്‍ക്ക് ശേഷമാണ് വാക്സിന്‍ നയം രൂപീകരിച്ചതെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.


വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വാക്സിന്‍ വില ജനങ്ങളെ ബാധിക്കില്ല. വാക്സിനുകളുടെ ലഭ്യതക്കുറവും അതിതീവ്ര രോഗവ്യാപനവും കാരണം എല്ലാവര്‍ക്കും ഒറ്റയടിക്ക് നല്‍കാന്‍ കഴിയില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. പി എം കെയേഴ്സ് ഫണ്ട് ഉപയോഗിച്ച് വാക്സിന്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് അഡ്വ. വിപ്ലവ് ശര്‍മയുടെ ഹര്‍ജിയും വ്യാജവാക്സിനുകള്‍ തടയണമെന്ന അഡ്വ. വിശാല്‍ തിവാരി സമര്‍പ്പിച്ച ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.



SHARE THIS

Author:

0 التعليقات: