കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ബിജെപി തൃശൂര്‍ ജില്ല ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് തൃശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകാന്‍ നിര്‍ദേശം. പണമിടപാടില്‍ ബിജെപി നേതാക്കളുടെ പങ്ക് കണ്ടെത്താനാണ് ചോദ്യം ചെയ്യല്‍. പണവുമായെത്തിയ സംഘത്തിന് തൃശൂരില്‍ ഹോട്ടല്‍ മുറി എടുത്ത് നല്‍കിയത് സതീഷാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്.
പുലര്‍ച്ചയോടെ ആലപ്പുഴയ്ക്ക് പുറപ്പെട്ട സംഘത്തെ കൊടകരയില്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിക്കുകയായിരുന്നു. കോഴിക്കോട് നിന്നും മൂന്നരക്കോടി കുഴല്‍പ്പണവുമായി വന്ന ധര്‍മ്മരാജനും സംഘത്തിനും തൃശൂര്‍ നാഷണല്‍ ഹോട്ടലില്‍ താമസമൊരുക്കിയത് ബിജെപി ജില്ലാ നേതൃത്വമാണെന്നാണ് ഹോട്ടല്‍ ജീവനക്കാരന്‍ വ്യക്തമാക്കിയിരുന്നു.
വൈകിട്ട് ഏഴ് മണിക്ക് ശേഷമായിരുന്നു മുറിയെടുത്തതെന്നും 12 മണിയോടെ രണ്ട് വാഹനങ്ങളിലായെത്തിയ സംഘം 215, 216 നമ്പര്‍ മുറികളില്‍ താമസിച്ചെന്നും ഹോട്ടല്‍ ജീവനക്കാരന്‍ പറയുന്നു. ഹോട്ടല്‍ ജീവനക്കാരന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഹോട്ടല്‍ രേഖകളും സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്.

0 التعليقات: