Wednesday, 2 June 2021

നിര്‍ധന രോഗികള്‍ക്ക് സൗജന്യ കൊവിഡ് ചികിത്സയൊരുക്കി ജാമിഅ സഅദിയ്യയും ദേളി എച്ച് എന്‍ സി ഹോസ്പിറ്റലും


കാസര്‍കോട്: സ്വകാര്യ മേഖലയില്‍ ചികിത്സ ലഭിക്കാതെ പ്രയാസപ്പെടുന്ന നിര്‍ധനരായ കൊവിഡ് രോഗികള്‍ക്ക് സൗജന്യ ചികിത്സയൊരുക്കി ജാമിഅ സഅദിയ്യ. ദേളി എച്ച് എന്‍ സി ഹോസ്പിറ്റലും സൂത്ത് ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ചുകൊണ്ടാണ് സഅദാബാദില്‍ കൊവിഡ് ആശുപത്രി ആരംഭിച്ചത്. 


പ്രസിഡന്റ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. ചാരിറ്റി ട്രസ്റ്റ് സെക്രട്ടറി സി എച്ച് മുഹമ്മദ് അധ്യക്ഷത വഹിച്ചു. കല്ലട്ര മാഹിന്‍ ഹാജി, ഡോ. കായിഞ്ഞി, ശിജാസ് മംഗലത്ത്, ഡോ. ഡാനിഷ് മുനവ്വര്‍ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതം പറഞ്ഞു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ക്യാപ്റ്റന്‍ ശരീഫ് കല്ലട്ര, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, അബ്ദുല്‍ കരീം സഅദി ഏണിയാടി ഹനീഫ് അനീസ്, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ഹനീഫ് പയോട്ട, സുലൈമാന്‍ ഹാജി വയനാട് അഭിലാഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.


പ്രഥമ ഘട്ടത്തില്‍ ഓക്സിജന്‍ സംവിധാനത്തോടെയുള്ള 40 ബെഡുകളാണ് ഒരുക്കിയിട്ടുള്ളത്. സ്വകാര്യ മേഖലയില്‍ ജില്ലയില്‍ ആരംഭിക്കുന്ന പ്രഥമ സൗജന്യ ചികിത്സാ കേന്ദ്രമാണ് സഅദിയ്യയില്‍ ആരംഭിച്ചത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാറുമായി സഹകരിച്ച് 450 ബെഡുകളുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രാഥമികഘട്ടത്തില്‍ ഒരുക്കിയിരുന്നു. സുരക്ഷക്ക് ഏര്‍പ്പെടുത്തിയ 300 പോലീസുകാര്‍ക്കും സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് താമസമൊരുക്കിയിരുന്നത്. കൊവിഡിന്റെ മറവില്‍ സാമ്പത്തിക ലാഭം കൊയ്യുന്ന സാഹചര്യമുണ്ടായപ്പോഴാണ്സഅദിയ്യ പ്രസ്തുത സംരംഭത്തിന് തുടക്കം കുറിച്ചത്. ചാരിറ്റി പ്രവര്‍ത്തനത്തില്‍ സഹകാരികളായി എച്ച് എന്‍ സി ഹോസ്പിറ്റലും സൂത്ത് ചാരിറ്റബിള്‍ ട്രസ്റ്റും സഅദിയ്യക്ക് പിന്തുണ നല്‍കുന്നു.


ലോക്ക് ഡൗണ്‍ കാലത്ത് നിരവധി സാന്ത്വന പ്രവര്‍ത്തനങ്ങളാണ് ജാമിഅ സഅദിയ്യ നടത്തിയതെന്ന് പ്രസിഡന്റ് കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ പറഞ്ഞു. ഇത് പൊതുജനങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുന്നുവെന്ന് പ്രതീക്ഷിക്കുന്നു. കൊവിഡ് വ്യാപനം തടയാനായി നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഭക്ഷണകിറ്റും പെരുന്നാള്‍ കിറ്റും നല്‍കി മാതൃകാ സേവനമാണ് കാഴ്ചവെച്ചതെന്ന് കുമ്പോല്‍ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.



SHARE THIS

Author:

0 التعليقات: