ദോഹ :ഇനി ക്വാറന്റീന്‍ ഇളവുകളില്ല. ഇന്ത്യ ഉള്‍പ്പെടെ ആറു രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയതായി പൊതുജനാരോഗ്യ മന്ത്രാലയം. പുതിയ വ്യവസ്ഥകള്‍ ഈ മാസം 29 മുതല്‍ പ്രാബല്യത്തിലാകും
ഇന്ത്യയിലും കോവിഡിന്റെ പുതിയ വകഭേദം ശക്തമാകുന്ന സാഹചര്യത്തിലാണ് കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ ഉള്‍പ്പെടെ ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ് എന്നീ ആറു രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കു ഹോം ക്വാറന്റീന്‍ അനുവദിക്കില്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ഖത്തറിലേക്ക് നേരിട്ടോ ട്രാന്‍സിറ്റ് മുഖേനയോ എത്തിയാലും വ്യവസ്ഥ ബാധകമാണ്. രാജ്യങ്ങളിലെ കോവിഡ് സാഹചര്യങ്ങള്‍ യഥാസമയം വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പുതുക്കിയ പ്രവേശന വ്യവസ്ഥകള്‍
.കോവിഡ് വാക്സീന്‍ എടുത്തവര്‍, ആറു മാസത്തിനുള്ളില്‍ കോവിഡ് വന്നു ഭേദമായവര്‍ എന്നിവരുള്‍പ്പെടെ എല്ലാവര്‍ക്കും വ്യവസ്ഥ ബാധകം. ഹോം ക്വാറന്റീന്‍ അനുവദിക്കില്ല.
.യാത്രയ്ക്ക് 48 മണിക്കൂര്‍ മുന്‍പ് പുറപ്പെടുന്ന രാജ്യത്തെ സര്‍ക്കാര്‍ അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രങ്ങളില്‍ നടത്തിയ കോവിഡ് പിസിആര്‍ നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. അംഗീകൃത കോവിഡ് നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് വിമാനങ്ങളില്‍ പ്രവേശനം അനുവദിക്കില്ല.
.ഇന്ത്യ ഉള്‍പ്പെടെയുള്ള ആറു രാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 10 ദിവസം ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധം. മികെയ്ന്‍സ് ക്വാറന്റീന്‍ കേന്ദ്രത്തിലാണെങ്കില്‍ 14 ദിവസം. ഡിസ്‌കവര്‍ ഖത്തര്‍ മുഖേന വേണം ക്വാറന്റീന്‍ ബുക്ക് ചെയ്യാന്‍.
.ദോഹയിലെത്തി ഒരു ദിവസത്തിനുള്ളില്‍ തന്നെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ വീണ്ടും കോവിഡ് പിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കും. ക്വാറന്റീന്‍ കാലാവധിക്കിടയിലും അവസാനിക്കുമ്പോഴും വീണ്ടും പരിശോധന നടത്തും.
.ഖത്തര്‍ വഴിയുള്ള എല്ലാ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും യാത്രയ്ക്ക് മുന്‍പെടുത്ത കോവിഡ് പിസിആര്‍ നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. പോകുന്ന സ്ഥലത്ത് പിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെങ്കില്‍ 300 റിയാല്‍ നല്‍കിയാല്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും പരിശോധന നടത്താം.

0 التعليقات: