Saturday, 24 April 2021

ഓക്‌സിജന്‍ പ്രതിസന്ധിയില്‍ കാലിടറാതെ കേരളം


കൊവിഡ് രണ്ടാം തരംഗത്തെ നേരിടാന്‍ കേരളത്തില്‍ പ്രാദേശികമായി സര്‍വസജ്ജമായ സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഒരുങ്ങുന്നു. ആവശ്യമായവര്‍ക്കെല്ലാം ഓക്സിജന്‍ നല്‍കുന്നതിനും മരുന്നുകള്‍ ലഭ്യമാക്കുന്നതിനും കഴിയുന്ന വിധം ഇത്തരം കേന്ദ്രങ്ങള്‍ സജ്ജമാക്കാന്‍ നടപടികള്‍ ആരംഭിച്ചു. ഒന്നാം തരംഗത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളായി ഏറ്റെടുത്ത പല കേന്ദ്രങ്ങളും രോഗവ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ തിരിച്ചേല്‍പ്പിച്ചിരുന്നു. ഇത്തരം കേന്ദ്രങ്ങള്‍ വീണ്ടും ഏറ്റെടുക്കാനും സജ്ജീകരണങ്ങള്‍ ഒരുക്കാനുമാണ് സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചിരിക്കുന്നത്.


രാജ്യത്ത് വന്‍തോതില്‍ ഓക്സിജന്‍ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ താഴെ തട്ടില്‍ വരെ ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തുകയാണ് ഈ കേന്ദ്രങ്ങളുടെ പ്രധാന ചുമതല. രോഗം തിരിച്ചറിഞ്ഞ് വീട്ടില്‍ കഴിയുന്നവരില്‍ ശ്വസന വൈഷമ്യം നേരിടുന്നവരെയെല്ലാം സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ എത്തിക്കുന്നതിനുള്ള പദ്ധതിയാണ് ഒരുങ്ങുന്നത്. ഒരു വര്‍ഷം മുമ്പേ ആരംഭിച്ച തയ്യാറെടുപ്പുകളാണ് ഓക്സിജന്‍ പ്രതിസന്ധി ഇല്ലാത്ത അവസ്ഥയിലേക്ക് കേരളത്തെ എത്തിച്ചത്. സംസ്ഥാനത്ത് 204 മെട്രിക് ടണ്‍ ഓക്സിജന്‍ പ്രതിദിനം ഉത്പാദിപ്പിക്കുന്നുണ്ട്. നാല് ഉത്പാദന കമ്പനികളും അന്തരീക്ഷ വായുവില്‍ നിന്ന് ഓക്സിജന്‍ വേര്‍തിരിച്ചെടുക്കുന്ന 11 എയര്‍ സെപറേഷന്‍ യൂനിറ്റും (എ എസ് യു) ഇതിനായുണ്ട്. നാല് മെട്രിക് ടണ്‍ ശേഷിയുള്ള എ എസ് യു ഉടനെ പാലക്കാട് പ്രവര്‍ത്തനം തുടങ്ങും. 23 ഓക്സിജന്‍ ഫില്ലിംഗ് സ്റ്റേഷനുകളും സജ്ജമാണ്. ചെറിയ സമയത്തിനുള്ളില്‍ ഓക്സിജന്‍ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള സംവിധാനവുമുണ്ട്. ഇവിടങ്ങളില്‍ നിന്ന് ഓക്സിജന്‍ സിലിന്‍ഡറുകള്‍ പ്രാദേശികമായി എത്തിക്കാനുള്ള ഗതാഗത പ്രശ്നങ്ങള്‍ കൂടി മുന്നില്‍ കണ്ടാണ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ ഓക്സിജന്‍ അടക്കമുള്ള സംവിധാനങ്ങള്‍ സജ്ജമാക്കുന്നത്.

കേരളത്തില്‍ ദിവസേന കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോഴും ആവശ്യമായ ഓക്‌സിജന്റെ രണ്ടിരട്ടിയോളം നിലവില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ 66 മെട്രിക് ടണ്ണില്‍ നിന്ന് 73 മെട്രിക് ടണ്ണാക്കി കേരളം ഉത്പാദനം വര്‍ധിപ്പിച്ചു.



 

നിലവില്‍ സ്വകാര്യ മേഖലയിലേത് അല്ലാതെ മുഖ്യമന്ത്രിയുടെ നൂറ് ദിന പദ്ധതികളുടെ ഭാഗമായി കഴിഞ്ഞ ഓക്ടോബറില്‍ 58 കോടി രൂപ ചെലവഴിച്ച് കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (കെ എം എം എല്‍) ഓക്സിജന്‍ പ്ലാന്റ് സ്ഥാപിച്ചിരുന്നു. കൊവിഡിന്റെ തുടക്കകാലത്ത് തന്നെ കെ എം എം എല്‍ വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന ഓക്‌സിജന്റെ ശേഷിപ്പ് ദ്രവരൂപത്തിലേക്ക് മാറ്റി ആശുപത്രികളിലേക്ക് നല്‍കുന്ന പദ്ധതി തുടങ്ങിയിരുന്നു.


63 ടണ്‍ വാതക രൂപത്തിലുള്ള വ്യാവസായിക ഓക്‌സിജനും 70 ടണ്‍ നൈട്രജനും ഉത്പാദിപ്പിക്കുന്നതിന്റെ ഉപോത്പന്നമായി പ്രതിദിനം ഏഴ് ടണ്‍ ഓക്‌സിജനും ഉത്പാദിപ്പിച്ചു. പാഴായി പോകുമായിരുന്ന ഈ ഓക്‌സിജനെ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ തീരുമാനിച്ചത് വലിയ ആശ്വാസമായി.


കൊവിഡിന്റെ ഒന്നാം തരംഗ സമയത്ത് കേരളം ഐ സി യു കിടക്കകളുടെയും വെന്റിലേറ്ററുകളുടെയും എണ്ണം വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ 9,735 ഐ സി യു കിടക്കകളാണ് കേരളത്തിലുള്ളത്. ഇവയില്‍ ആയിരത്തോളം മാത്രമാണ് നിലവില്‍ ഉപയോഗിക്കുന്നത്. 3,776 വെന്റിലേറ്ററില്‍ 277 എണ്ണമാണ് നിലവില്‍ ഉപയോഗിക്കുന്നത്. ഇതിന് സമാനമായാണ് വരാന്‍ പോകുന്ന ദുരന്തത്തെ മുന്നില്‍ കണ്ടുകൊണ്ട് കേരളം ഓക്സിജന്‍ ഉത്പാദനവും ഉയര്‍ത്തിയത്.


കഴിഞ്ഞ ദിവസങ്ങളില്‍ ഗോവ, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് കേരളം ഓക്‌സിജന്‍ എത്തിച്ചുകൊടുത്തിരുന്നു. രാജ്യതലസ്ഥാനമായ ഡല്‍ഹി, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം രോഗികള്‍ മരിക്കുമ്പോഴാണ് കേരളം വേറിട്ട് നില്‍ക്കുന്നത്. കേരളത്തില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലയിലുള്ള 30 ആശുപത്രികളിലേ കേന്ദ്രീകൃത ഓക്സിജന്‍ പ്ലാന്റ് ഉള്ളൂ. ബാക്കിയുള്ളിടത്ത് രോഗികള്‍ക്ക് അരികില്‍ സിലിന്‍ഡര്‍ സ്ഥാപിച്ചാണ് ഓക്സിജന്‍ നല്‍കുന്നത്.






SHARE THIS

Author:

0 التعليقات: