Tuesday 31 August 2021

സര്‍ക്കാര്‍വാഗ്ദാനം നടപ്പായില്ല: ഡിജിറ്റല്‍ പഠനോപകരണങ്ങളില്ലാതെ ആയിരക്കണക്കിന് ആദിവാസി വിദ്യാര്‍ഥികള്‍

 






സര്‍ക്കാര്‍വാഗ്ദാനം നടപ്പായില്ല: ഡിജിറ്റല്‍ പഠനോപകരണങ്ങളില്ലാതെ ആയിരക്കണക്കിന് ആദിവാസി വിദ്യാര്‍ഥികള്‍


കല്പറ്റ: ഓണ്‍ലൈന്‍ അധ്യയനം തുടങ്ങി മാസങ്ങളായിട്ടും ആയിരക്കണക്കിന് ആദിവാസി വിദ്യാര്‍ഥികള്‍ ഡിജിറ്റല്‍ പഠനോപകരണങ്ങളില്ലാതെ പഠനത്തിന് പ്രയാസപ്പെടുന്നു. ഇവര്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുമെന്ന സര്‍ക്കാര്‍ അറിയിപ്പില്‍ തുടര്‍ നടപടിയില്ലാത്തതാണ് പഠനത്തിന് തിരിച്ചടിയാവുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ ഇതിനായി പദ്ധതി തയാറാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ സ്‌പെസിഫിക്കേഷന്‍ എന്തായിരിക്കണമെന്ന് വ്യക്തമാക്കുന്ന ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് ഇതുവരെ പുറത്തിറക്കിയിട്ടില്ല.അതാണ്, തദ്ദേശസ്ഥാപനങ്ങള്‍ക്ക് തുടര്‍ നടപടികളെടുക്കാനാവാത്തതിന് പ്രധാന കാരണം.

സംസ്ഥാനത്തെ ഒന്നു മുതല്‍ പ്ലസ് ടുവരെയുള്ള ക്ലാസുകളിലെ പട്ടിക വര്‍ഗ-ജാതി വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്യുമെന്ന് മാസങ്ങള്‍ക്ക് മുമ്പാണ് അധികൃതര്‍ അറിയിച്ചത്. കൂടുതല്‍ ആദിവാസികളുള്ള വയനാട്ടില്‍ മാത്രം ഇരുപത്തി രണ്ടായിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് പഠനസഹായികള്‍ നല്‍കേണ്ടതുണ്ട്. ഇവയുടെ അഭാവം വിദ്യാര്‍ഥികളുടെ പഠനത്തെ സാരമായി ബാധിക്കുന്നു.

പൊതുവിഭാഗത്തിലെ ഡിജിറ്റല്‍ പഠനസൗകര്യമില്ലാത്തവര്‍ക്ക് പല പദ്ധതികളിലൂടെയും അധ്യാപകരും സന്നദ്ധ സംഘടനകളുമൊക്കെ മുന്‍കൈയെടുത്തും മൊബൈല്‍ ഫോണുകളും ടാബുകളും വിതരണം ചെയ്ത് ഓണ്‍ലൈന്‍ പഠനത്തിന് പ്രാപ്തരാക്കുന്നുണ്ട്. എന്നാല്, ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ഡിജിറ്റല് ഉപകരണങ്ങള്‍ വിതരണം ചെയ്യുമെന്ന അറിയിപ്പുണ്ടായിരുന്നതിനാല്‍, മറ്റ് പദ്ധതികളിലൂടെയുള്ള ഉപകരണങ്ങള്‍ ഇവര്‍ക്ക് നല്‍കിയിട്ടില്ല.വിദ്യാര്ഥികളുടെ ഭാവി അവതാളത്തിലാകാതിരിക്കാന്‍ എത്രയും പെട്ടെന്ന് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കണമെന്നാണ് ആവശ്യം.







SHARE THIS

Author:

0 التعليقات: