Friday, 26 March 2021

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം


ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. 6 വിക്കറ്റിന്റെ കൂറ്റന്‍ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഇന്ത്യ മുന്നോട്ടുവച്ച 337 റണ്‍സ് വിജയലക്ഷ്യം വെറും ഓവറില്‍ 43.3 ഓവറില്‍ ഇംഗ്ലണ്ട് മറികടന്നു. ഇംഗ്ലണ്ടിനായി ജോണി ബെയര്‍‌സ്റ്റോ സെഞ്ചുറി നേടി. ബെന്‍ സ്റ്റോക്‌സ് 99 റണ്‍സ് നേടി പുറത്തായി. ജേസണ്‍ റോയും (55) ഇംഗ്ലണ്ടിനായി തിളങ്ങി. ജയത്തോടെ മൂന്ന് മത്സരങ്ങള്‍ അടങ്ങിയ ഏകദിന പരമ്പരയില്‍ ഇരു ടീമുകളും ഒപ്പമെത്തി.

മെല്ലെയാണ് ഇംഗ്ലണ്ട് ആരംഭിച്ചത്. ഭുവനേശ്വര്‍ കുമാറും പ്രസിദ്ധ് കൃഷ്ണയും നന്നായി പന്തെറിഞ്ഞപ്പോള്‍ ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ ജാഗ്രതയിലായി. എന്നാല്‍, സാവധാനം ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മേല്‍ ഇരുവരും ആധിപത്യം നേടാന്‍ ആരംഭിച്ചു. ബൗണ്ടറികള്‍ യഥേഷ്ടം പ്രവഹിക്കാന്‍ തുടങ്ങി. 100ഉം കടന്ന് കൂട്ടുകെട്ട് കുതിച്ചു. ഓപ്പണര്‍മാര്‍ ഇരുവരും ഫിഫ്റ്റി തികച്ചു. പന്തെറിഞ്ഞ് തളര്‍ന്നതല്ലാതെ ഒരു വിക്കറ്റ് വീഴ്ത്താന്‍ ബൗളര്‍മാര്‍ക്കായില്ല. ഒടുവില്‍ ഒരു ഗംഭീര ഫീല്‍ഡിങ്ങിലൂടെ രോഹിത് ശര്‍മ്മയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്. റോയ് പുറത്തായതിനു പിന്നാലെ സ്റ്റോക്‌സ് എത്തി, കഥ കഴിഞ്ഞു.

നേരിട്ട ആദ്യ പന്ത് മുതല്‍ ആക്രമണ ത്വര കാണിച്ച സ്റ്റോക്‌സ് ഹൈ സ്‌കൂള്‍ നിലവാരത്തിലുള്ള ബൗളര്‍മാരെന്ന പോലെയാണ് ഇന്ത്യന്‍ ബൗളര്‍മാരെ നേരിട്ടത്. യഥേഷ്ടം ബൗണ്ടറികള്‍ സ്‌കോര്‍ ചെയ്ത ഇരുവരും അതിവേഗം സ്‌കോര്‍ ചെയ്തു. സ്റ്റോക്‌സ് ആയിരുന്നു കൂടുതല്‍ അപകടകാരി. ഒരു ഓവറില്‍ മൂന്നും നാലും സിക്‌സര്‍ വെച്ച് അടിച്ച സ്റ്റോക്‌സ് ഇന്ത്യയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി. ഇതിനിടെ ബെയര്‍‌സ്റ്റോ സെഞ്ചുറി തികച്ചു. എന്നാല്‍, അനായാസം സെഞ്ചുറിയിലേക്ക് കുതിച്ച സ്റ്റോക്‌സിന് ഒരു റണ്‍ അകലെ പിഴച്ചു. 52 പന്തില്‍ 10 സിക്‌സര്‍ അടക്കം 99 റണ്‍സെടുത്ത സ്റ്റോക്‌സിനെ ഭുവനേശ്വര്‍ കുമാര്‍ ഋഷഭ് പന്തിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു. 175 റണ്‍സ് നീണ്ട രണ്ടാം വിക്കറ്റ് കൂട്ടുകെട്ടും ഇതോടെ അവസാനിച്ചു.


പിന്നീട് രണ്ട് വിക്കറ്റുകള്‍ വേഗം വീണു. ജോണി ബെയര്‍‌സ്റ്റോയെയും ജോസ് ബട്ലറെയും ഒരു ഓവറില്‍ പുറത്താക്കിയ പ്രസിദ്ധ് കൃഷ്ണ ഇന്ത്യക്ക് വീണ്ടും പ്രതീക്ഷ നല്‍കി. 112 പന്തില്‍ 124 റണ്‍സ് നേടിയ ബെയര്‍‌സ്റ്റോയെ കോലി പിടികൂടിയപ്പോള്‍ ബട്ലര്‍ (0) ക്ലീന്‍ ബൗള്‍ഡായി. ആറാം നമ്പരിലെത്തിയ ലിയാം ലിവിങ്സ്റ്റണും സ്‌കോറിംഗ് വേഗത കുറച്ചില്ല. ഭുവനേശ്വറിനെതിരെ തുടര്‍ച്ചയായി നേടിയ രണ്ട് സിക്‌സറുകള്‍ സഹിതം ലിയാം തകര്‍ത്തടിച്ചപ്പോള്‍ ഇംഗ്ലണ്ടിന്റെ ജയം വേഗത്തിലായി. 44ആം ഓവറില്‍ 39 പന്തുകളും 6 വിക്കറ്റും ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി. ലിയാം ലിവിങ്സ്റ്റണ്‍ (27), ഡേവിഡ് മലാന്‍ (16) എന്നിവര്‍ പുറത്താവാതെ നിന്നു. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ അപരാജിതമായ 49 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്.



SHARE THIS

Author:

0 التعليقات: