Saturday, 17 April 2021

ഡല്‍ഹിയില്‍ 24 മണിക്കൂറിനകം കൊവിഡ് പരിശോധന റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ നടപടി : അരവിന്ദ് കെജ്രിവാള്‍

 



ഡല്‍ഹിയിലെ ലാബുകളില്‍ കൊവിഡ് പരിശോധനാ ഫലം വൈകുന്ന വിഷയത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റ ഇടപെടല്‍. 24 മണിക്കൂറിനകം കൊവിഡ് പരിശോധന റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ ലാബുകള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കെജ്രിവാള്‍ അറിയിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ലാബുകളില്‍ പരിശോധനാ ഫലം ലഭിക്കാന്‍ 3 ദിവസത്തോളം സമയമെടുക്കുന്നതായി 24 വാര്‍ത്ത നല്‍കിയിരുന്നു.



കൊവിഡ് വ്യാപനം അതീവ രൂക്ഷമായ ഡല്‍ഹിയില്‍ സ്വകാര്യ ലാബുകള്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി ഫലം നല്‍കാന്‍ 3 ദിവസത്തോളം സമയമാണ് ആവശ്യപ്പെട്ടിരുന്നത്. ഡല്‍ഹിയില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് പല സംസ്ഥാനങ്ങളും നിര്‍ബന്ധമാക്കിയിരിക്കെ, രോഗികള്‍ക്കൊപ്പം യാത്രക്കാര്‍ക്കും ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ വിഷയത്തിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടപെടല്‍.


ലാബുകള്‍ കൂടുതല്‍ സാമ്പിളുകള്‍ എടുക്കുന്നത് കൊണ്ടാണ് റിപ്പോര്‍ട്ടുകള്‍ വൈകുന്നതെന്നും, ഇത് അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഡല്‍ഹിയില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍, ഐസിയു ബെഡുകള്‍ എന്നിവയ്ക്ക് ക്ഷാമം നേരിടുന്നെന്നും മരുന്നുകള്‍ പൂഴ്ത്തി വയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കെജ്രിവാള്‍ അറിയിച്ചു.



SHARE THIS

Author:

0 التعليقات: