Friday, 23 April 2021

35 വര്‍ഷത്തിന്​ ശേഷം പിറന്ന കണ്‍മണി; വീട്ടിലെത്തിക്കാന്‍ ഹെലികോപ്​ടര്‍ വാടകക്കെടുത്ത്​ കുടുംബം



നാഗ്​പുര്‍: രാജസ്​ഥാനിലെ നാഗ്​പുരില്‍ 35 വര്‍ഷത്തിന്​ ശേഷം പിറന്ന പെണ്‍കുഞ്ഞിനെ വീട്ടിലെത്തിക്കാന്‍ ഹെലികോപ്​ടര്‍ വാട​കക്കെടുത്ത്​ കുടുംബം. മാര്‍ച്ച്‌​ മൂന്നിനാണ്​ ഹനുമാന്‍ പ്രജാപതിനും ഭാര്യ ചുകി ദേവിക്കും പെണ്‍കുഞ്ഞ്​ പിറന്നത്​. കുഞ്ഞിന്​ ഇരുവരും റിയ എന്ന്​ പേരിടുകയും ചെയ്​തു.

നാഗ്​പുരിലെ ആശുപത്രിയില്‍നിന്ന്​ പ്രസാവാനന്തര ശുശ്രൂഷകള്‍ക്കായി അമ്മയെയും കുഞ്ഞിനെയും ചുകിയുടെ വീട്ടിലേക്ക്​ കൊണ്ടുപോകുകയായിരുന്നു. ഹര്‍സോലവ്​ ഗ്രാമത്തിലാണ്​ ചുകിയുടെ വീട്​.

'എന്‍റെ മകളുടെ വരവ്​ സന്തോഷകരമാക്കാന്‍ എന്തും ചെയ്യുമായിരുന്നു. അതിനാല്‍ കുഞ്ഞിനെ ഗ്രാമത്തിലെത്തിക്കാന്‍ ഹെലികോപ്​ടര്‍ യാത്ര തെരഞ്ഞെടുക്കുകയായിരുന്നു' ഹനുമാന്‍ പറഞ്ഞു.

നിംബ്​ഡി ചന്ദവാദ ഗ്രാമത്തിലാണ്​ ഹനുമാന്‍റെ താമസം. അവിടെനിന്ന്​ ചുകിയുടെ ഗ്രാമമായ ഹര്‍സോലവിലേക്ക്​ 40 കിലോമീറ്ററാണ്​ ദൂരം. ഹെലികോപ്​ടറില്‍ 10 മിനിറ്റുകൊണ്ട്​ അവിടെയെത്താനാകും.

ഹനുമാനും ബന്ധുക്കളായ മൂന്നുപേരും ഹെലികോപ്​ടറില്‍ ആദ്യം ചുകിയുടെ ഗ്രാമത്തിലെത്തുകയായിരുന്നു. അവിടെനിന്ന്​ ഭാര്യയെയും മകളെയും കൂട്ടി നിംബ്​ഡി ഗ്രാമത്തിലേക്ക്​ തിരിച്ചു.

കുടുംബത്തില്‍ 35 വര്‍ഷത്തിന്​ ശേഷം പെണ്‍കുഞ്ഞ്​ ജനിച്ചത്​ ആഘോഷമാക്കുന്നതിന്​ പിതാവ്​ മദന്‍ലാല്‍ കുംഹാറാണ്​ ഈ ഐഡിയ പറഞ്ഞതെന്ന്​ ഹനുമാന്‍ പ്രജാപത്​ പറഞ്ഞു.

'സാധാരണ പെണ്‍കുട്ടികളുടെ ജനനം ആരും ആഘോഷിച്ച്‌​ കാണാറില്ല. എന്നാല്‍ ഞങ്ങള്‍ക്ക്​ പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ഞാന്‍ മകളെ പഠിപ്പിക്കുകയും അവളുടെ സ്വപ്​നങ്ങള്‍ സാക്ഷാത്​കരിക്കുകയും ചെയ്യും' -പ്രജാപത്​ പറഞ്ഞു.



SHARE THIS

Author:

0 التعليقات: