കൊച്ചി - വ്യവസായി എം എ യൂസുഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ എറണാകുളത്ത് ഇടിച്ചിറക്കി. എറണാകുളം കുമ്പളം ടോള്‍പ്ലാസക്ക് സമീപം പനങ്ങാട് ചതുപ്പിലാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. യന്ത്രത്തകരാറാണ് കാരണം.വന്‍ ദുരന്തമാണ് തലനാരിഴക്ക് ഒഴിവായത്.
രാവിലെ 8.45ഓടെയാണ് അപകടം സംഭവിച്ചത്. യൂസുഫലിയും ഭാര്യയും അടക്കം അഞ്ച് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. പ്രാഥമിക പരിശോധനകള്‍ക്കായി എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. ഇരുവര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കടവന്ത്രയിലെ വസതിയില്‍ നിന്ന് ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ പേകുകയായിരുന്നു യൂസുഫലിയും ഭാര്യയും. വീട്ടില്‍ നിന്ന് പുറപ്പെട്ട് മിനുട്ടുകള്‍ക്കകം തന്നെ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെടുകയായിരുന്നു. പനങ്ങാടുള്ള ഫിഷറീസ് കോളേജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഹെലികോപ്റ്ററിന് നിയന്ത്രണം വിട്ടത് മൂലം നേരത്തെ നിശ്ചയിച്ച സ്ഥലത്തുനിന്നും 200 മീറ്റര്‍ മാറിയുള്ള ചതുപ്പിലേക്ക് ഇടിച്ചിറക്കുകയായിരുന്നു. ഈ സമയം സ്ഥലത്ത് കനത്ത മഴയും കാറ്റുമുണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. പൈലറ്റിന്റെ മനക്കരുത്താണ് അപകടം ഒഴിവാക്കിയത്.
വീഴ്ചയുടെ ആഘാതത്തില്‍ ഹെലികോപ്റ്ററിന്റെ നല്ലൊരു ഭാഗം ചതുപ്പിലേക്ക് ആഴന്നു. ജനല്‍വഴിയാണ് യൂസുഫലിയെയും കുടുംബത്തേയും പുറത്തിറക്കിയതെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ സമീപവാസിയായ രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം ചെയ്ത പുണ്യപ്രവര്‍ത്തികളുടെ ഫലമായാണ് വന്‍ ദുരന്തം ഒഴിവായതെന്ന് രാജേഷ് പറയുന്നു.
ജനവാസ മേഖലയിലാണ് അപകടം സംഭവിച്ചത്. ഒരല്‍പം തെന്നിയിരുന്നുവെങ്കില്‍ സമീപത്തെ വീടുകളിലോ കെട്ടിടങ്ങളിലോ ഇടിച്ച് വന്‍ ദുരന്തം സംഭവിക്കുമായിരുന്നു. മാത്രവുമല്ല ഹൈവേയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശവുമാണിത്.

0 التعليقات: