Friday, 9 April 2021

കേരള മുസ്‌ലിം ജമാഅത്ത്: സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ നാളെ


കോഴിക്കോട് : 'നന്മയുടെ പക്ഷത്ത് ചേര്‍ന്ന് നില്‍ക്കാം' എന്ന പ്രമേയത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് നടത്തിയ മെമ്പര്‍ഷിപ്പ് പുനഃസംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചു കൊണ്ട് സംസ്ഥാന കൗണ്‍സില്‍ നാളെ കോഴിക്കോട് സമസ്ത സെന്ററില്‍ നടക്കും.


15 ജില്ലാ കമ്മിറ്റികളുടെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ഫിനാന്‍സ് സെക്രട്ടറി എന്നിവര്‍ക്ക് പുറമെ രണ്ടായിരം പൊതുമെമ്പര്‍മാര്‍ക്ക് ഒരാള്‍ എന്ന ക്രമത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗങ്ങള്‍, എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, എസ് ജെ എം പ്രതിനിധികളും യോഗത്തില്‍ സംബന്ധിക്കും. കഴിഞ്ഞ രണ്ട് വര്‍ഷത്തെ റിപ്പോര്‍ട്ടും സാമ്പത്തിക രേഖയും യോഗം അംഗീകരിക്കും.


 

പുതിയ കാലത്തെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കും മുസ്‌ലിം ഉമ്മത്തിന്റെ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക സാമ്പത്തിക രാഷ്ട്രീയ തൊഴില്‍ മേഖലകളിലെ മുന്നേറ്റത്തിനുമുള്ള പദ്ധതികള്‍ യോഗം ആസൂത്രണം ചെയ്യും.


സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സി മുഹമ്മദ് ഫൈസി, മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി തുടങ്ങിയവര്‍ സംബന്ധിക്കും.

കൗണ്‍സിലിന്റെ മുന്നോടിയായി ഇന്ന് വൈകീട്ട് ഏഴിന് സംസ്ഥാന ഏക്‌സിക്യുട്ടീവ് മീറ്റിംഗും നാളെ രാവിലെ എസ് വൈ എസ്, എസ് എസ് എഫ് എന്നി സംഘടനകളുടെ ക്യാബിനറ്റ് മീറ്റിംഗും സമസ്ത സെന്ററില്‍ നടക്കും.



SHARE THIS

Author:

0 التعليقات: