Sunday, 2 May 2021

11 വനിതാ പ്രതിനിധികള്‍ നിയമസഭയിലേക്ക്


പുതുമുഖങ്ങള്‍ അടക്കം 15 വനിതാ സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ ചരിത്ര വിജയം കരസ്ഥമാക്കിയ ഇടതു മുന്നണി പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ 11 പേരാണ് വിജയം നേടിയത്. യു.ഡി.എഫിന്റെ പത്ത് വനിതാ സ്ഥാനാര്‍ത്ഥികളില്‍ വിജയിച്ചത് ഒരാള്‍ മാത്രമാണ്.

ജയിച്ചവരില്‍ ഏറ്റവും ശ്രദ്ധേയം വന്‍ഭൂരിപക്ഷത്തില്‍ ജയിച്ച കെ.കെ. ശൈലജ ആണ്. മട്ടന്നൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഇല്ലിക്കല്‍ അഗസ്തിയെക്കാള്‍ 60963 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ശൈലജ ജയിച്ചത്.


ആറന്മുളയില്‍ വീണ ജോര്‍ജ് 13,853 വോട്ടിന് ഇത്തവണയും വിജയം കരസ്ഥമാക്കി. വടകരയില്‍ ആര്‍.എം.പി. എം.എല്‍.എ. കെ.കെ. രമ 7461 ഭൂരിപക്ഷത്തോടെ ജയിച്ചു. സ്ത്രീ സ്ഥാനാര്‍ത്ഥികളുടെ ത്രികോണ മത്സരം നടന്ന വൈക്കത്തു ഇത്തവണയും സി. കെ. ആശ സ്വന്തം സീറ്റ് നിലനിര്‍ത്തി. ഇരിങ്ങാലക്കുടയില്‍ ഇടതു സ്ഥാനാര്‍ത്ഥി ആര്‍. ബിന്ദു 5,949 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.


കോങ്ങാട് മണ്ഡലത്തില്‍ പുതുമുഖമായ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ. ശാന്തകുമാരിയാണ് 3,214 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചത്. കൊല്ലം ചടയമംഗലത്ത് നിന്ന 10923 വോട്ടുകള്‍ക്കാണ് ചിഞ്ചുറാണി വിജയിച്ചത്. അരനൂറ്റാണ്ടിനുശേഷം അരൂര്‍ മണ്ഡലത്തില്‍ രണ്ടു സ്ത്രീകള്‍ നേര്‍ക്കുനേര്‍ നിന്നുള്ള പോരാട്ടമായിരുന്നു. ഇവിടെ യു.ഡി.എഫിന്റെ എം.എല്‍.എ. ആയിരുന്ന ഷാനിമോള്‍ ഉസ്മാനെ പരാജയപ്പെടുത്തിയാണ് ദലീമ ജോജോ വിജയിച്ചത്.


31,636 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫ്. പ്രതിനിധിയായ ഒ. എസ്. അംബിക വിജയിച്ചത്. കായംകുളത്തു യു. പ്രതിഭയും (എല്‍.ഡി.എഫ്.), കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീലയുമാണ് (എല്‍.ഡി.എഫ്.) വിജയിച്ചത്.



SHARE THIS

Author:

0 التعليقات: