Saturday, 29 May 2021

 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ഇന്ത്യന്‍ ടീം ജൂണ്‍ മൂന്നിന് ഇംഗ്ലണ്ടിലെത്തും

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ഇന്ത്യന്‍ ടീം ജൂണ്‍ മൂന്നിന് ഇംഗ്ലണ്ടിലെത്തും

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ഇന്ത്യന്‍ ടീം അംഗങ്ങള്‍ ജൂണ്‍ മൂന്നിന് ഇംഗ്ലണ്ടിലെത്തും. താരങ്ങളൊക്കെ കൊവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് ടെസ്റ്റ് കയ്യില്‍ കരുതണം. 14 ദിവസത്തെ ക്വാറന്റീനു ശേഷമാവും ഇന്ത്യ ഇംഗ്ലണ്ടിലെത്തുക. ജൂണ്‍ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുക.


ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് കളി നടക്കുക. ജൂണ്‍ 23 റിസര്‍വ് ഡേ ആയിരിക്കും. കളി സമനിലയില്‍ പിരിഞ്ഞാല്‍ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും. ഗ്രേഡ് 1 ഡ്യൂക്ക് ബോളാണ് മത്സരത്തിന് ഉപയോഗിക്കുക.


നിലവില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും പിന്നാലെ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുമുള്ള താരങ്ങള്‍ നിലവില്‍ മുംബൈയില്‍ ക്വാറന്റീനിലാണ്. ജൂണ്‍ രണ്ടിന് മുംബൈയില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കും. ഇതേ വിമാനത്തില്‍ തന്നെ ഇംഗ്ലണ്ട് പര്യടനത്തിനു പോകുന്ന വനിതാ ടീമും ഉണ്ടാവും.


അതേസമയം, ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളി കാണാന്‍ വന്‍ ഡിമാന്‍ഡ് ആണ്. ഒരു ടിക്കറ്റിന് രണ്ട് ലക്ഷം രൂപ വരെയാണ് മൂല്യം. ഏജന്റുമാരില്‍ നിന്ന് രണ്ട് ലക്ഷം രൂപയ്ക്ക് വരെ ടിക്കറ്റ് വാങ്ങാന്‍ ആളുകള്‍ തയ്യാറാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 4000 പേര്‍ക്കാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് പ്രവേശനമുള്ളത്.


ഐസിസിയുടെ ഒഫീഷ്യല്‍ ടിക്കറ്റ്‌സ് ആന്‍ഡ് ട്രാവല്‍ ഏജന്റ്‌സ് വഴിയാണ് ടിക്കറ്റ് വില്‍പ്പന നടക്കുന്നത്. ഇതില്‍ നിന്ന് രണ്ട് ലക്ഷം രൂപയ്ക്ക് വരെ ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. 4000 ടിക്കറ്റില്‍ 50 ശതമാനം ഐസിസിക്ക് നല്‍കും. ബാക്കിയുള്ള 2000 സീറ്റുകളാണ് വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്.


കാസര്‍കോട്ട് മെഡി. കോളേജ് പൂര്‍ണ സജ്ജമാക്കണം, മലയോര ഹൈവേ പൂര്‍ത്തീകരിക്കണം; മന്ത്രി അഹ്മദ് ദേവര്‍കോവിലിന് മുമ്പാകെ വിവിധ ആവശ്യങ്ങളുമായി കേരള മുസ്ലിം ജമാഅത്ത്

കാസര്‍കോട്ട് മെഡി. കോളേജ് പൂര്‍ണ സജ്ജമാക്കണം, മലയോര ഹൈവേ പൂര്‍ത്തീകരിക്കണം; മന്ത്രി അഹ്മദ് ദേവര്‍കോവിലിന് മുമ്പാകെ വിവിധ ആവശ്യങ്ങളുമായി കേരള മുസ്ലിം ജമാഅത്ത്


കാസര്‍കോട്: ജില്ലയുടെ പ്രത്യേക ചുമതലയുള്ള തുറമുഖം മന്ത്രി അഹ്മദ് ദേവര്‍കോവിലിനു മുമ്പാകെ ജില്ലയുടെ സമഗ്ര പുരോഗതിക്കാവശ്യമായ നിവേദനവുമായി കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ കമ്മിറ്റി. ജാമിഅ സഅദിയ്യയിലെത്തിയ മന്ത്രിക്കു മുമ്പാകെ കേരള മുസ്ലിം ജമാഅത്ത് സാരഥികളായി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സുലൈമാന്‍ കരിവെള്ളൂര്‍, കന്തല്‍ സൂപ്പി മദനി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ബഷീര്‍ പുളിക്കൂര്‍, ജില്ലാ ജന. സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ,ശാഫി സഅദി തുടങ്ങിയവരാണ് നിവേദനം കൈമാറിയത്.


കാസര്‍കോട് മെഡിക്കല്‍ കോളേജ് പൂര്‍ണ പ്രവര്‍ത്തനസജ്ജമാക്കണമെന്നും മറ്റ് സര്‍ക്കാര്‍ ആശുപത്രികള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലയിലെ സര്‍ക്കാര്‍ കോളജുകളില്‍ ആധുനിക കോഴ്സുകള്‍ ഉള്‍പ്പെടുത്തുക, സീറ്റുകള്‍ വര്‍ധിപ്പിക്കുക, നിയമ സാങ്കേതിക മേഖലകളില്‍ പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.


മഞ്ചേശ്വരം ഹാര്‍ബര്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയും മറ്റു ഹാര്‍ബറുകള്‍ നവീകരിച്ച് മത്സ്യബന്ധനം, ജല ഗതാഗതം എന്നിവക്ക് കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്നും തീരദേശ ഹൈവേ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടു. കടലാക്രമണം, ട്രോളിംഗ്, ലോക്ഡൗണ്‍ നിയന്ത്രണം തുടങ്ങിയവ മൂലം കഷ്ടപ്പെടുന്നവര്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ നല്‍കണം. അടച്ചിടല്‍ മൂലം തൊഴിലാളികള്‍ പട്ടിണിയിലായ ബെല്‍ വ്യവസായ കേന്ദ്രം തുറന്നു പ്രവര്‍ത്തിക്കാന്‍ അടിയന്തിര ഇടപെടല്‍ ആവശ്യമാണ്.


അഗ്രികള്‍ച്ചറല്‍ കോളേജ്, നാളികേര തോട്ടവിള ഗവേഷണ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങള്‍ ജില്ലയുടെ കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന നിലയില്‍ പദ്ധതി തയ്യാറാക്കണം. ദേശീയ പാത വികസനം ത്വരിതപ്പെടുത്താന്‍ നടപടി വേണം. മലയോര ഹൈവേ പല ഭാഗത്തും നിര്‍മ്മാണം പൂര്‍ത്തിയാക്കാനുണ്ട്. പല ട്രെയിനുകള്‍ക്കും ആവശ്യമായ സ്റ്റേഷനുകളിലും സ്റ്റോപ്പില്ലാത്തത്, രാത്രി കാലങ്ങളില്‍ കാസര്‍കോട് ഭാഗത്തേക്ക് ആവശ്യമായ ട്രെയിനുകളില്ലാത്തതും തെക്ക് ഭാഗത്ത് നിന്നും രാത്രിയില്‍ കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന കാര്യവും മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. ആവശ്യങ്ങളില്‍ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് എല്ലാ വിധ ഇടപെടലുകളും ഉണ്ടാകുമെന്ന് കേരളാ മുസ്ലിം ജമാഅത്ത് നേതാക്കള്‍ക്ക് മന്ത്രി ഉറപ്പ് നല്‍കി.



പന്ത് തിരികെ ചോദിക്കാന്‍ ചെന്ന യുവാവിന് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റു; അയല്‍വാസി കസ്റ്റഡിയില്‍

പന്ത് തിരികെ ചോദിക്കാന്‍ ചെന്ന യുവാവിന് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റു; അയല്‍വാസി കസ്റ്റഡിയില്‍


ബദിയടുക്ക: യുവാവിന് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റു. നീര്‍ച്ചാല്‍ കടമ്പളയിലെ അബ്ദുല്‍ കരീം (35) ആണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ അയല്‍വാസി രാമകൃഷ്ണ ഷെട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

                                                                     

വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം നടന്നത്. കുട്ടികള്‍ കളിക്കുന്നതിനിടയില്‍ അയല്‍വാസിയുടെ വീട്ടുപരിസരത്ത് വീണ പന്ത് വീട്ടുടമ തിരിച്ചു കൊടുക്കാത്തതിന് തുടര്‍ന്ന് അന്വേഷിക്കാന്‍ ചെന്ന അബ്ദുല്‍ കരീമിനെ അയല്‍വാസി വാള്‍ കൊണ്ട് വെട്ടുകയായിരുന്നുവെന്നാണ് പരാതി.


കൈപ്പത്തി വെട്ടേറ്റ് തൂങ്ങിയ നിലയിലായിരുന്നു. ഇ കെ നായനാര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ് അബ്ദുല്‍ കരീം.



 എസ് വൈ എസ് മൂന്ന് ലക്ഷം ഹരിതമുറ്റം ഒരുക്കുന്നു; ഉദ്ഘാനം 31ന്, വിത്തൊരുമ ജനകീയമായി

എസ് വൈ എസ് മൂന്ന് ലക്ഷം ഹരിതമുറ്റം ഒരുക്കുന്നു; ഉദ്ഘാനം 31ന്, വിത്തൊരുമ ജനകീയമായി


കോഴിക്കോട്: മഴക്കാലത്തിന്റെ തുടക്കത്തില്‍  പരിസ്ഥിതി സംരക്ഷണ പാഠവും പ്രയോഗവും ലക്ഷ്യം വെച്ച് എസ് വൈ എസ്  സംസ്ഥാന വ്യാപകമായി മൂന്ന് ലക്ഷം ഹരിതമുറ്റം ഒരുക്കുന്നു.  പ്രവര്‍ത്തകരുടെ വീടും പറമ്പും ചെടികളും മരങ്ങളും വെച്ചുപിടിപ്പിച്ചു ഹരിതാഭമാക്കുകയും അടുക്കളത്തോട്ടം നിര്‍മിക്കുകയുമാണ് ലക്ഷ്യം.  ജൂണ്‍ ഒന്ന്  മുതല്‍ ഏഴ് വരെ നടക്കുന്ന ക്യാമ്പയിന്റെ ഉദ്ഘാടനം ഈ മാസം 31 ന് വൈകിട്ട് 4.30ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വ്വഹിക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന വെബിനാറില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി അധ്യക്ഷത വഹിക്കും.ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, എന്‍ . എം സ്വാദിഖ് സഖാഫി. ഡോ. മുസ്തഫ, ചന്ദ്രന്‍ മാസ്റ്റര്‍   പ്രസംഗിക്കും. 


ക്യാമ്പയിന്‍ മുന്നോടിയായി  പ്രവര്‍ത്തകര്‍ പരസ്പരം വിത്തും തൈകളും കൈമാറ്റം ചെയ്യുന്ന  വിത്തൊരുമ ജനകീയമായി. വിത്തൊരുമ മന്ത്രി അഹ്മദ് ദേവര്‍കോവില്‍   കാസര്‍കോട് വെച്ച് ഉദ്ഘാനം ചെയ്തു. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി തൈ ഏറ്റു വാങ്ങി. കേരള മുസ്ലിം ജമാ ന്നത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അഡ്വ. സി. എച്ച് കുഞ്ഞമ്പു എം എല്‍ എ, കാസിം ഇരിക്കൂര്‍ .  സംബന്ധിച്ചു.      

 

ജൂണ്‍ ഒന്നിന്  മണ്ണിലിറങ്ങാം എന്ന പേരില്‍ കൃഷിയാരംഭം കുറിക്കും. സംസ്ഥാന കമ്മറ്റി നല്‍കുന്ന വീഡിയോ സന്ദേശം വഴി ഓരോ വീട്ടിലും ലളിതമായ രീതിയില്‍ കൃഷി ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍  നല്‍കും. അടുക്കളത്തോട്ടങ്ങള്‍ക്ക് അന്ന് തുടക്കം കുറിക്കും.

ജൂണ്‍ അഞ്ചിന്  ലോക പരിസ്ഥിതി ദിനത്തില്‍ നമുക്കൊരു മരം നാളേക്കൊരു ഫലം എന്ന പേരില്‍ വരും തലമുറക്കു കൂടി ഉപകാരപ്പെടുന്ന ഫലവൃക്ഷം സ്വന്തം പറമ്പില്‍ നട്ട് പിടിപ്പിക്കും. 

ജൂണ്‍ ഏഴ് വരെ കുടുംബ സമേതം വിവിധതരം തൈകള്‍ നട്ടുവളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന പ്രവൃത്തികളില്‍ പങ്കാളികളാകും. കോ വിഡ് പ്രതിസന്ധിയുടെ  അതിജീവനമായി വ്യാപകമായി അടുക്കളത്തോട്ടമൊരുക്കും.   ജൈവ വളം ഉണ്ടാക്കുന്നതിനുള്ള സംവിധാനം  മഴ വെള്ളം ശേഖരിക്കല്‍, കിണര്‍ റീചാര്‍ജിംഗ് തുടങ്ങിയ പദ്ധതികളും നടക്കും.

ഹരിതമുറ്റം പദ്ധതി  മികച്ച രീതിയില്‍ നടപ്പിലാക്കിയ മൂന്നു യൂനിറ്റുകള്‍ക്ക് സംസ്ഥാനതലത്തില്‍ അവാര്‍ഡ് നല്‍കും.

ലക്ഷദ്വീപ് ജനതയ്ക്ക് എൈക്യദാര്‍ഢ്യം; രാഷ്ട്രപതിക്ക് ഇ മെയില്‍ സന്ദേശവുമായി എസ് വൈ എസ്

ലക്ഷദ്വീപ് ജനതയ്ക്ക് എൈക്യദാര്‍ഢ്യം; രാഷ്ട്രപതിക്ക് ഇ മെയില്‍ സന്ദേശവുമായി എസ് വൈ എസ്


കുമ്പള: സാംസ്‌കാരിക അധിനിവേശനത്തിനെതിരെ ജാഗ്രത്താവുക എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ രാഷ്ട്രപതിക്ക് അയക്കുന്ന ഇ മെയില്‍ സന്ദേശത്തില്‍ ഭാഗമായി കുമ്പള സോണില്‍ വ്യാപകമായി പ്രവര്‍ത്തകര്‍ ഇ മെയില്‍ സന്ദേശം അയച്ച് പ്രതിഷേധിച്ചു. 



ലക്ഷദ്വീപ് വിഷയത്തില്‍ അടിയന്തിരമായി ഇടപെടുക, അഡ്മിനിസ്ട്രറ്ററെ തിരിച്ച് വിളിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രവര്‍ത്തകര്‍ രാഷ്ട്രപതിക്ക് സന്ദേശം അയച്ചത്. കുമ്പള സോണ്‍ തല ഉദ്ഘാടനം സോണ്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ നിര്‍വ്വഹിച്ചു. 


സോണ്‍ നേതാക്കളായ സലാം സഖാഫി പാടലടുക്ക, സിദ്ദീഖ് മാസ്റ്റര്‍ പി കെ നഗര്‍, സഹീദ് മാസ്റ്റര്‍ പെര്‍ളാടം, ഹനീഫ് സഅദി കുമ്പോല്‍, ലത്തീഫ് മാസ്റ്റര്‍ കളത്തൂര്‍, മൊയ്തു ഹിമമി ചേരൂര്‍, മുഹമ്മദ് സഖാഫി കുറ്റിയാളം, അസീസ് സഅദി മുളിയടുക്കം, അഷ്‌റഫ് സഖാഫി എ കെ ജി നഗര്‍,  തുടങ്ങിയവര്‍ നേതൃത്വം നല്‍കു.


 സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച ഹൈക്കോടതി വിധി വേദനാജനകം: കാന്തപുരം

സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച ഹൈക്കോടതി വിധി വേദനാജനകം: കാന്തപുരം


കോഴിക്കോട്: കേരളത്തിലെ മുസ്ലിം സമുദായത്തെ സംബന്ധിച്ച് വേദനാജനകവും നിരാശയുളവാക്കുന്നതുമായ ഒന്നാണ് സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച ഹൈക്കോടതി വിധിയെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. വിദ്യാഭ്യാസ തൊഴില്‍ പ്രാതിനിധ്യ രംഗത്തെ മുസ്ലിം പിന്നോക്കാവസ്ഥ ഇന്ന് വാദിച്ചുറപ്പിക്കേണ്ട ഒരു വിഷയമല്ല. കണ്‍മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്ന യാഥാര്‍ഥ്യമാണെന്ന് കാന്തപുരം പറഞ്ഞു.


ചരിത്രപരവും അല്ലാത്തതുമായ പല കാരണങ്ങളാലാണ് മുസ്ലിം സമൂഹം ഈ രംഗങ്ങളില്‍ പിന്നോക്കമായത്. സച്ചാര്‍ സമിതി റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ളവ ഈ പിന്നോക്കാവസ്ഥയുടെ നടുക്കുന്ന ആഴം വെളിവാക്കിയിരുന്നു. ഉദ്യോഗസ്ഥ പ്രാതിനിധ്യത്തില്‍ ഭീമമായ കുറവാണ് മുസ്ലിം സമുദായത്തിന് ഉള്ളത്. വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയാണ് അതിന്റെ പ്രധാന കാരണം. ആ അവസ്ഥക്കുള്ള പലവിധ പരിഹാരങ്ങളില്‍ ഒന്നാണ് സ്‌കോളര്‍ഷിപ്പുകള്‍. മുസ്ലിം ജനതയുടെ പുരോഗതിക്കും അവസര സമത്വത്തിനും അത് അത്യാവശ്യവുമാണ്. അക്കാര്യം പരിഗണിച്ചാണ് സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയതും. മിക്ക ന്യൂനപക്ഷങ്ങളും പിന്നോക്കാവസ്ഥയിലാണ് എന്നതില്‍ തര്‍ക്കമില്ല. അതിന് സര്‍ക്കാര്‍ സഹായങ്ങളും പദ്ധതികളും ആവിഷ്‌കരിക്കണം. എന്നാല്‍ ഇപ്പോള്‍ ഹൈക്കോടതി റദ്ദാക്കിയ സ്‌കോളര്‍ഷിപ്പിന്റെ ഉന്നം വിവിധ റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തിയ മുസ്ലിം വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കലാണ്. ആയതിനാല്‍ പലതരം പ്രതിസന്ധികള്‍ നേരിടുന്ന ഈ സമുദായത്തിന്റെ അതിജീവനത്തിനുള്ള പിടിവള്ളികളില്‍ ഒന്നായ സ്‌കോളര്‍ഷിപ്പിനെ സാങ്കേതികമായ കാരണങ്ങള്‍ പറഞ്ഞ് റദ്ദാക്കിക്കൂട. സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വേണ്ട രീതിയില്‍ പഠിക്കുകയും മുസ്ലിം സമുദായ ക്ഷേമത്തിനുള്ള നടപടികള്‍ കൈക്കൊള്ളുകയും വേണം.


 

കോടതി മുന്‍പാകെ മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട നയതീരുമാനമായി ഇക്കാര്യം വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ല എങ്കില്‍ ആ വീഴ്ച പരിഹരിക്കാനും തിരുത്താനുമുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ തേടണം. അപ്പീല്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിഗണിക്കണം. ഇക്കാര്യത്തില്‍ ഉയരുന്ന തര്‍ക്കങ്ങളിലും ചേരിതിരിഞ്ഞുള്ള വാദപ്രതിവാദങ്ങളിലും മുസ്ലിം സമൂഹത്തിന് ആശങ്കയുണ്ട്. ചേരിതിരിവ് ഉണ്ടാകേണ്ട ഒരു സാഹചര്യവും ഇല്ല. കാരണം അര്‍ഹതപ്പെട്ട അവകാശത്തിന്ന് വേണ്ടിയുള്ള സമുദായത്തിന്റെ അപേക്ഷയാണിത്.


അതോടൊപ്പം ഈ സാഹചര്യം മുതലെടുക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ കക്ഷികളുടെ ശ്രമങ്ങള്‍ നിരുല്‍സാഹപ്പെടുത്തണം. ക്രിസ്ത്യന്‍-മുസ്ലിം പ്രശ്‌നമായി ഇതിനെ മാറ്റുകയും ഞങ്ങളുടെ സഹോദരങ്ങളായ കൃസ്തുമത വിശ്വസികള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുകയും ചെയ്യാനുള്ള നീക്കങ്ങളെ ചെറുക്കണം. സാമൂഹിക യാഥാര്‍ഥ്യം തുറന്നുകാട്ടി, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കണക്കുകള്‍ സഹിതം നിരത്തി സര്‍ക്കാരിനോട് അപേക്ഷിക്കുക മാത്രമാണ് മുസ്ലിം സമൂഹം ചെയ്യുന്നത്. ആ അപേക്ഷ കാണാന്‍ സമൂഹം തയ്യാറാവണം എന്ന് കാന്തപുരം അഭ്യര്‍ഥിച്ചു.



  11 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പെടുത്തിയ യാത്രാ വിലക്ക് സഊദി പിന്‍വലിച്ചു

11 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പെടുത്തിയ യാത്രാ വിലക്ക് സഊദി പിന്‍വലിച്ചു


ജിദ്ദ: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് 11 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പെടുത്തിയ യാത്രാവിലക്ക് സൗദി അറേബ്യ പിന്‍വലിച്ചു. എന്നാല്‍ ക്വാറന്റൈന്‍ നടപടിക്രമങ്ങള്‍ തുടരുമെന്നും സഊധി വ്യക്തമാക്കി.

യുഎഇ, ജര്‍മ്മനി, യുഎസ്, അയര്‍ലന്‍ഡ്, ഇറ്റലി, പോര്‍ച്ചുഗല്‍, യുകെ, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഞായറാഴ്ച മുതല്‍ പ്രവേശനം അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ ഉറവിടത്തെ ഉദ്ധരിച്ച് സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഇന്ത്യ ഉള്‍പ്പെടെ ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള വിലക്ക് തുടരും. 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് സഊദി നേരത്തെ വിലക്കേര്‍പ്പെടുത്തിയത്.