എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി നടത്തുന്ന ഗൂഢാലോചന വിജയിക്കില്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.
യുഡിഎഫിനെയും എന്‍ഡിഎയേയും മാത്രമല്ല, മൂന്നാമത്തെ ശക്തിയായി കേന്ദ്ര അന്വേഷണ ഏജന്‍സികളെയും എല്‍ഡിഎഫ് നേരിടുകയാണ്. ഇഡി, സിബിഐ, കസ്റ്റംസ് തുടങ്ങിയ ഏജന്‍സികളെ ഉപയോഗിച്ച് മോഡിയും അമിത് ഷായും എല്‍ഡിഎഫ് സര്‍ക്കാരിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് നടത്തുന്നത്. ചില സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളെ വരുതിയിലാക്കാനും ഭീഷണി ഉയര്‍ത്തുന്നു. കേസ് ഭയന്ന് അവര്‍ പിന്നീട് ബിജെപിയായി മാറുകയാണ്. എന്നാല്‍ കേരളത്തില്‍ ഈ ഭീഷണി വിലപ്പോവില്ലെന്നവര്‍ മനസ്സിലാക്കണം-ചാത്തമംഗലം, കുറ്റ്യാടി, നാദാപുരം എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് പ്രചാരണയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ബദലും മുന്നോട്ട് വെയ്ക്കാനില്ലാത്ത യുഡിഎഫ് കള്ളം പറഞ്ഞും ദുഷ്പ്രചാരണം നടത്തിയും വൃത്തികെട്ട അടവുകള്‍ പയറ്റുകയാണ്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഈ വാദങ്ങള്‍ ഏറ്റുപിടിക്കുന്നു. പ്രളയം, ഓഖി, നിപ, കോവിഡ് തുടങ്ങി പ്രതിസന്ധികാലത്ത് യുഡിഎഫ് ബിജെപിയ്‌ക്കൊപ്പം എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുകയായിരുന്നു. സര്‍ക്കാര്‍ എന്ത് ചെയ്തു എന്ന് ഈ നാട്ടിലെ ജനങ്ങള്‍ക്കറിയാം. പ്രതിസന്ധി കാലത്ത് സര്‍ക്കാര്‍ നടപ്പാക്കിയ കാര്യങ്ങളെല്ലാം അവരുടെ അനുഭവങ്ങളാണ്. അതുകൊണ്ട് ഈ ആരോപണങ്ങളൊന്നും ഫലം കാണില്ല.
ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയം കേരളം മാത്രമല്ല, രാജ്യത്തെ പോരാടുന്ന ജനതയാകെ ആഗ്രഹിക്കുന്നു. കോവിഡ് ദുരിതത്തിനൊപ്പം കുത്തകകളെ സഹായിച്ചുകൊണ്ട് കര്‍ഷകരെയും തൊഴിലാളികളെയും ദുരിതത്തിലാക്കുന്ന നിയമങ്ങളാണ് കേന്ദ്രം നടപ്പാക്കിയത്. ഭരണഘടന, മതേതര മൂല്യങ്ങള്‍ എന്നിവ തകര്‍ക്കുന്നതിനൊപ്പം ജനജീവിതം പ്രയാസകരമാക്കി പെട്രോളിന്റെയും പാചക വാതകത്തിന്റെയും വിലയും അടിക്കടി കൂട്ടുന്നു. കര്‍ഷകരുള്‍പ്പെടെ പല ഭാഗത്തും ഇപ്പോഴും പ്രതിഷേധത്തിലാണ്. ഇതില്‍നിന്ന് വ്യത്യസ്തമായി റേഷനും കിറ്റും സൗജന്യ ചികിത്സയുമെല്ലാം നല്‍കി ജനങ്ങള്‍ക്കൊപ്പമായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍. സിഎഎ വിഷയത്തിലുള്‍പ്പെടെ നീതിയുടെ ഭാഗത്ത് നില്‍ക്കുന്ന എല്‍ഡിഎഫിന്റെ വിജയം പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയുമാണ് നാട് ഉറ്റുനോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

0 التعليقات: