തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തിലായതിനെ തുടര്‍ന്ന് പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍ പ്രചാരണത്തിനെത്തില്ല. പകരം പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി നേമത്ത് എത്തും. ഞായറാഴ്ച വൈകിട്ടോടെയായിരിക്കും രാഹുല്‍ തിരുവനന്തപുരത്ത് എത്തുക. കോവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടായതിനാല്‍ സ്വയം നിരീക്ഷണത്തില്‍ പോവുകയാണെന്നും അടുത്ത മൂന്നുദിവസത്തെ പ്രചരണ പരിപാടികള്‍ റദ്ദുചെയ്യുകയാണെന്നുമാണ് പ്രിയങ്ക വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്.
ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രിയങ്ക സ്വയം നിരീക്ഷണത്തില്‍ പോവുകയായിരുന്നു. കൊവിഡ് പരിശോധനയില്‍ നെഗറ്റീവാണെങ്കിലും മൂന്ന് നാല് ദിവസം താന്‍ നിരീക്ഷണത്തിലായിരിക്കുമെന്ന് ദൃശ്യസന്ദേശത്തിലൂടെ പ്രിയങ്ക ഗാന്ധി അറിയിച്ചു. ഇന്ന് അസമിലും തുടര്‍ന്ന് തമിഴ്‌നാട്ടിലും പ്രചാരണം നടത്താന്‍ ഉദ്ദേശിച്ചിരുന്ന പ്രിയങ്ക ഗാന്ധി നാളെ വൈകിട്ടോടെ തിരുവനന്തപുരത്തെത്താനായിരുന്നു തീരുമാനിച്ചിരുന്നത്. കൊട്ടിക്കലാശ ദിവസം നേമം, കഴക്കൂട്ടം മണ്ഡലങ്ങളില്‍ പ്രചാരണം നടത്താനായിരുന്നു പദ്ധതി.
നേരത്തെ കേരളത്തിലെത്തിയപ്പോള്‍ നേമത്ത് പ്രചാരണം നടത്താത്തതില്‍ സ്ഥാനാര്‍ഥി കെ.മുരളീധരന്‍ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് നേമത്ത് എത്തുമെന്ന് പ്രിയങ്ക അറിയിച്ചത്.

0 التعليقات: