Friday, 2 April 2021

മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി സമ്മര്‍ദം ചെലുത്തിയെന്ന് സന്ദീപ് നായര്‍ മൊഴി നല്‍കി- ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരു പറയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിര്‍ബന്ധിച്ചെന്ന് പ്രതി സന്ദീപ് നായരുടെ മൊഴി. കസ്റ്റഡിയിലും ജയിലിലും വച്ച് സമ്മര്‍ദം ചെലുത്തിയെന്നും സന്ദീപിന്റെ മൊഴിയില്‍ പറയുന്നു. സര്‍ക്കാരിലെ മറ്റു ഉന്നതരുടെ പേരു പറയാന്‍ സമ്മര്‍ദമുണ്ടായെന്നും മൊഴിയിലുണ്ട്. 

മുഖ്യമന്ത്രി, സ്പീക്കര്‍, കെ ടി ജലീല്‍, ബിനീഷ് കോടിയേരി എന്നിവരുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്നാണ് സന്ദീപിന്റെ മൊഴി. കസ്റ്റഡിയിലും ജയിലിലും ചോദ്യം ചെയ്തപ്പോള്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്നും സന്ദീപ് പറയുന്നു. സന്ദീപിന്റെ മൊഴി ക്രൈംബ്രാഞ്ച് വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്തു.


എന്‍ഫോഴ്‌സ്‌മെന്റ് അറിയാതെയാണ് സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. കോടതിയില്‍ നല്‍കിയ അപേക്ഷയുടെ പകര്‍പ്പ് ഇഡിയ്ക്ക് നല്‍കിയിട്ടില്ല. ഇഡിയുടെ വിശദീകരണം കേള്‍ക്കാതെയാണ് ചോദ്യം ചെയ്യാനുള്ള അനുമതി വാങ്ങിയതെന്നും കോടതിയെ ക്രൈംബ്രാഞ്ച് കബളിപ്പിച്ചുവെന്നുമാണ് ഇഡിയുടെ വാദം. ക്രൈം ബ്രാഞ്ച് നടപടി സംശയാസ്പദമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ ആരോപിക്കുന്നു.


കസ്റ്റഡിയിലുള്ളപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്ന് സന്ദീപ് നായര്‍ ജില്ലാ ജഡ്ജിക്ക് കത്ത് നല്‍കിയിരുന്നു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. 


ഇഡിക്കെതിരായ കേസുമായി ബന്ധപ്പെട്ട് സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആണ് ചോദ്യം ചെയ്തത്. ഇഡിക്കെതിരായി രണ്ട് കേസുകളാണ് എടുത്തിരുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി സമ്മര്‍ദം ചെലുത്തിയെന്ന ആരോപണമാണ് പ്രധാനമായി അന്വേഷിച്ചത്.  



SHARE THIS

Author:

0 التعليقات: