9400397681
മുപ്പതാം വയസ്സില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വ്യക്തിത്വമാണ് താജുശരീഅഃ ഷിറിയ എം അലിക്കുഞ്ഞി മുസ്ലിയാര്‍.1965 ലാണ് താജു ശരീഅ സമസ്തയിലെത്തുന്നത്.
രൂപീകരണത്തിന്റെ കാലഘട്ടം മുതല്‍ ജില്ലയില്‍ പ്രചാരം നേടിയ സമസ്ത മുശാവറ അംഗമായിരുന്ന കാഞ്ഞങ്ങാട് അബൂബക്കര്‍ ഹാജിയുടെ വിയോഗത്തെ തുടര്‍ന്നാണ് അലിക്കുഞ്ഞി ഉസ്താദ് സമസ്തയില്‍ എത്തുന്നത്.അബൂബക്കര്‍ ഹാജിയുടെ ജാമാതാവായ അലിക്കുഞ്ഞി മുസ്ലിയാരെ സമസ്തയില്‍ എടുക്കണമെന്ന അഭിപ്രായം സമസ്ത ആലിമീങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന് വരികയും കമ്മറ്റി അംഗീകാരം നല്‍കുകയും ചെയ്തതോടെ ഉസ്താദ് മുശാവറയിലെത്തി.പ്രായം കുറഞ്ഞ മുശാവറ അംഗമായിരുന്നു ഉസ്താദ്.
അലിക്കുഞ്ഞി ഉസ്താദിനെ കൂടാതെ കാസര്‍കോട് ഖാസിയായിരുന്ന അവറാന്‍ മുസ്ലിയാര്‍ മാത്രമാണ് അന്ന് കാസര്‍കോട് ജില്ലയില്‍ നിന്ന് മുശാവറയില്‍ ഉണ്ടായിരുന്നത്.
ചുരുക്കത്തില്‍ 56 വര്‍ഷത്തെ മുശാവറ അംഗമെന്ന ഖ്യാതിയും ഉസ്താദിനുണ്ട്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രചരണ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു ഉസ്താദ്. അവിഭക്ക സമസ്ത കണ്ണൂര്‍ ജില്ലാ ഘടകം രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ന്ന് വന്നപ്പോള്‍ അതിനെ കുറിച്ച് പഠിക്കാനും നോമിനേറ്റ് അംഗങ്ങളായ 40 പേരുടെ വിവരങ്ങള്‍ തയ്യാറാക്കി നല്‍കാന്‍ ചുമതലപ്പെടുത്തിയത് അലിക്കുഞ്ഞി ഉസ്താദിനെയും ഇബ്‌നു ഖുതുബി എന്നറിയപ്പെട്ടിരുന്ന സി എച്ച് അബ്ദുറഹ്മാന്‍ മുസ്ലിയാരെയുമാണ്.
1989 ല്‍ സമസ്തയില്‍ ഉണ്ടായ ഭിന്നിപ്പില്‍ ഇറങ്ങി വന്നവരില്‍ അലിഖിതനായ വ്യക്തിത്വമാണ് താജു ശരീഅ.
സമസ്തയുടെ സ്ഥാപിത ലക്ഷ്യത്തില്‍ നിന്ന് ചിലര്‍ പ്രസ്ഥാനത്തെ വ്യതിചലിപ്പിക്കുന്ന സ്ഥിതിവിശേഷം സംജാതമായപ്പോള്‍ മുശാവറ യോഗത്തില്‍ നടന്ന വാഗ്വാദം ചൂട് പിടിച്ചപ്പോള്‍ ആരും അറിയാതെ ആദ്യമായി ഇറങ്ങി വന്ന പണ്ഡിതനാണ് താജുശ്ശരീഅ:.
വാഗ്വാദങ്ങള്‍ക്കൊടുവില്‍ താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ ഇറങ്ങി വന്ന പതിനൊന്ന് പേരുടെ പട്ടികയില്‍ താജു ശരീഅ ഉള്‍പ്പെട്ടില്ല.
പ്രസിദ്ധമായ സമസ്ത ചരിത്രങ്ങള്‍ക്ക് അനുഭവസ്ഥനായ പണ്ഡിതനാണ് അലിക്കുഞ്ഞി ഉസ്താദ്.
ഗുരുവും മാര്‍ഗ്ഗദര്‍ശിയുമായ ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്ലിയാരുടെ പ്രിയപ്പെട്ട ശിഷ്യന്മാരില്‍ ഒരാളാണെങ്കിലും സമസ്തയുടെ ഭിന്നിപ്പ് പശ്ചാതലത്തില്‍ ശംസുല്‍ ഉലമയുടെ നിലപാടിനോട് പൊരുത്തപ്പെടാന്‍ താജുശ്ശരി അക്ക് സാധിച്ചില്ല.
തന്റെ നിലപാടിനൊപ്പം നില്‍ക്കാത്തതില്‍ ശംസുല്‍ ഉലമക്ക് അലിക്കുഞ്ഞി ഉസ്താദിനോട് വിദ്വേഷവുമുണ്ടായില്ല. മുമ്പും ശേഷവും ഗുരുശിഷ്യ സ്‌നേഹത്തിന് യാതൊരു കുറവുമുണ്ടായില്ലെന്നതാണ് വസ്തുത.
*ശംസുല്‍ ഉലമക്ക് തന്റെ ശിഷ്യനായ അലിക്കുഞ്ഞി ഉസ്താദിനോട് ഉണ്ടായിരുന്ന അസൂയാര്‍ഹമായ സ്‌നേഹം അനിര്‍വചനീയമായിരുന്നു.*
കാഞ്ഞങ്ങാട് ബല്ലാകടപ്പുറത്ത് ദര്‍സ് നടത്തിയിരുന്ന കാലം. പള്ളിയുടെ നിര്‍മ്മാണം കഴിഞ്ഞ് ഉദ്ഘാടനത്തിനായ് ശംസുല്‍ ഉലമയെ ക്ഷണിച്ചിരുന്നെങ്കിലും കമ്മറ്റിക്കാര്‍ക്ക് ഉറപ്പ് കൊടുത്തില്ല.ശംസുല്‍ ഉലമയുടെ കാര്യത്തില്‍ ഉറച്ച തീരുമാനം കിട്ടാതെ വന്നപ്പോള്‍ മുദരിസായ അലിക്കുഞ്ഞി ഉസ്താദിനോട് ഭാരവാഹികള്‍ സങ്കടം പറഞ്ഞു.
ശംസുല്‍ ഉലമയെ ഞാന്‍ കൊണ്ട് വരാമെന്ന് ഉസ്താദ് കമ്മറ്റിയെ അറിയിച്ചെങ്കിലും കാര്യം ഉറപ്പിക്കാന്‍ അവര്‍ക്ക് ഭയം. ഒടുവില്‍ ശംസുല്‍ ഉലമയെ ക്ഷണിക്കാന്‍ കോഴിക്കോട് വെള്ളിമാട്കുന്നിലെ വീട്ടിലെത്തി.
അകത്ത് റൂമില്‍ കിടക്കുകയായിരുന്ന ശംസുല്‍ ഉലമയോട് ഉറക്കം സലാം പറഞ്ഞു.
'ആരാണെന്ന ശംസുല്‍ ഉലമയുടെ ഗര്‍ജ്ജിക്കുന്ന സ്വരത്തിന് മുന്നില്‍ ഭയചിത്തരായ അവര്‍ പതുക്കെ കാര്യം പറഞ്ഞു.''
കാഞ്ഞങ്ങാട് നിന്നുള്ളവരാണെന്നറിഞ്ഞപ്പോള്‍ തന്നെ ശംസുല്‍ ഉലമക്ക് കാര്യം പിടികിട്ടി.
ഉടനെ ശംസുല്‍ ഉലമ പറഞ്ഞു '' പള്ളി ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ വന്നവരായിക്കും അല്ലെ '?..
അതെ എന്ന് ആഗതര്‍...
ഞാന്‍ വരുന്നില്ല... സുഖം പോരെന്ന് ശംസുല്‍ ഉലമയും.
പോയവര്‍ മുഖത്തോട് മുഖംനോക്കി നില്‍ക്കുമ്പോള്‍ താജുശ്ശരീഅ പറഞ്ഞു ' ഉസ്താദേ, ഞാന്‍ അലിക്കുഞ്ഞിയാണ്,.
ഹൊ... അലി കുഞ്ഞിയോ...?
എന്ന് പറഞ്ഞ് ആഗതരോട്
അകത്ത് കയറാന്‍ പറഞ്ഞു.
ശേഷം പള്ളി ഉദ്ഘാടനത്തിന്റെ കാര്യം സംസാരിച്ചു.ശംസുല്‍ ഉലമ വരാമെന്ന് ഏല്‍ക്കയും പരിപാടിയില്‍ സംബന്ധിക്കുകയും ചെയ്തു.
പ്രസംഗത്തിനിടയില്‍ ശംസുല്‍ ഉലമ പറഞ്ഞു ' ഞാന്‍ വരാമെന്ന് വിചാരിച്ചതല്ല, എനിക്കത്ര സുഖം പോരാ... പക്ഷെ അലിക്കുഞ്ഞി വന്ന് വിളിച്ചാല്‍ എനിക്ക് വരാതിരിക്കാന്‍ കഴിയില്ല.'
പ്രസ്തുത കാര്യത്തെ കുറിച്ച് അന്വേഷിച്ച സി കെ കെ മാണിയൂരിനോട് ശംസുല്‍ ഉലമ ഇങ്ങനെ പറഞ്ഞത്രെ 'അലി കുഞ്ഞി മുസ്ലിയാര്‍ എന്റെ സ്വന്തം ആളാണെടോ... പിന്നെ എങ്ങനെയാ അദ്ദേഹം വിളിച്ചാല്‍ പോകാതിരിക്കുക. '?
കുട്ടിക്കാലം തൊട്ട് ദീനീ ചിട്ടയിലും സൂക്ഷ്മതയിലുമായിരുന്നു ഉസ്താദിന്റെ ജീവിതം.ഗുരുനാഥരുടെ പൊരുത്തവും പ്രാര്‍ത്ഥനയുമാണ് അവിടുത്തെ വിജയത്തിന്റെ നിദാനം.
1935 മാര്‍ച്ച് 4 ചൊവ്വാഴ്ചയാണ് ജനനം. കാസര്‍കോട് ജില്ലയിലെ കുമ്പളക്കടുത്ത ഷിറിയ ഒളയമാണ് ജന്മനാട്.അബ്ദുറഹ്മാന്‍ ഹാജിയാണ് പിതാവ്. മര്‍യംബിയാണ് മാതാവ്.
കുലീനമായ മുക്രി കുടുംബമായിരുന്നു അവരുടെത്. പിതാവിന്റെ ആറ് സഹോദരന്മാരും പിതാമഹന്‍ കുഞ്ഞഹമ്മദ് എന്നവരും അവരുടെ പിതാവ് ഫഖ്‌റുദ്ധീന്‍ എന്നവരും മുക്രിമാരായിരുന്നു.
മുട്ടം ജുമാ മസ്ജിദില്‍ മുക്രിയായി സേവനം മൂസ മുകിയുടെയും അവരുടെ ഭാര്യ ഖദീജ ഹജ്ജുമ്മയുടെയും കീഴിലാണ് പ്രാഥമിക ഖുര്‍ആന്‍ പoനം.മരപ്പലകയില്‍ ചേടി മണ്ണ് തേച്ച് തലണലില്‍ വെച്ച് ഉണക്കി എടുക്കും. അതില്‍ എഴുതിയാണ് അക്ഷരങ്ങള്‍ പഠിച്ചിരുന്നത്. അക്ഷരങ്ങള്‍ എഴുതാനും കൂട്ടി വായിക്കാനും പഠിച്ചതിന് ശേഷമാണ് ഖുര്‍ആന്‍ പഠിപ്പിച്ചിരുന്നതെന്ന് ഉസ്താദ് പറഞ്ഞിരുന്നു.
ഒളയം മുഹ്യദ്ധീന്‍ മുസ്ലിയാരില്‍ നിന്നാണ് ദര്‍സ് കിതാബ് തുടങ്ങുന്നത്. ഒളയം പള്ളിയില്‍ നിന്ന് പത്ത് കിതാബ്, മീസാന്‍, സഞ്ചാന്‍, അവാമില്‍, തഖ്വീമുല്ലി സാന്‍ തുടങ്ങിയ പ്രാഥമിക കിതാബുകള്‍ അദ്ദേഹത്തില്‍ നിന്നും പഠിച്ചെടുത്തു. പിന്നീട് എടക്കാട് ഉസ്താദെന്ന കുഞ്ഞഹമദ് കുട്ടി മുസ്ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. എടക്കാട് ഉസ്താദിന്റെ ദര്‍സില്‍ എത്തിയ അലിക്കുഞ്ഞി ഉസ്താദിനോട് മൂപ്പര്‍ ചോദിച്ചു ' മോനെ നീ എന്തിനാണ് ഓതാന്‍ വരുന്നത്?'
നിക്കറിയില്ല, ബാപ്പ പറഞ്ഞയച്ചത് കൊണ്ടാണ് വരുന്നതെന്ന് അലിക്കുഞ്ഞി ഉസ്താദ് മറുപടി പറഞ്ഞപ്പോള്‍ ഗുരുവായ എടക്കാട് മൂപ്പര്‍ തിരുത്തി ' അങ്ങനെ പറയാന്‍ പാടില്ല, നാഥനായ അല്ലാഹുവിനെ അറിയാനാണ് ഞാന്‍ പഠിക്കാന്‍ വന്നതെന്ന് പറയണമെന്ന് പറഞ്ഞ ഓര്‍മകള്‍ അന്ത്യം വരെ താജുശരീഅ മറന്നില്ല.
എടക്കാട് ഉസ്താദിന്റെ കീഴില്‍ നിന്ന് പരപ്പനങ്ങാടിയിലേക്കായിരുന്നു യാത്ര. പ്രഗല്‍ഭ പണ്ഡിതനും അല്‍ ബയാന്‍ മാസികയുടെ പത്രാധിപനുമായിരുന്ന കാടേരി അബുല്‍ കമാല്‍ മുസ്ലിയാര്‍ ആയിരുന്നു അവിടെ മുദരിസ്.ഒരു വര്‍ഷം അവിടെ പഠിച്ചു.
1952 ല്‍ പൊസോട്ട് ജുമുഅത്ത് പള്ളിയില്‍ പൈവളിഗെ മുഹമ്മദ് ഹാജി ഉസ്താദിന്റെ ദര്‍സില്‍ ചേര്‍ന്നു.1953 മുതല്‍ പഠനത്തിനായി തളിപ്പറമ്പ് ഖുവ്വത്തില്‍ പോയി. ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്ലിയാരായിരുന്നു ഗുരു.പ്രസ്തുത ദര്‍സില്‍ നിന്നാണ് ഇ.കെ ഹസന്‍ മുസ്ലിയാരെയും മടവൂര്‍ സി എം വലിയുല്ലാഹിയുടെയും ശിഷ്യത്വം ലഭിച്ചത്.
ഇരുവരും ശംസുല്‍ ഉലമയുടെ ദര്‍സിലെ സീനിയര്‍ വിദ്യാര്‍ത്ഥികളായിരുന്നതിനാല്‍ ജൂനിയറായ അലിക്കുഞ്ഞി ഉസ്താദിന് ചൊല്ലിക്കൊടുക്കാന്‍ അവരെ ഏല്‍പ്പിക്കുകയായിരുന്നു.
ഖുവ്വത്തിലെ പoനത്തിന് ശേഷം ഒളയത്ത് ജോലിയില്‍ താല്‍ക്കാലിക സേവനത്തില്‍ പ്രവേശിച്ചു. ആദ്യ ഖുത്ബ നിര്‍വഹിച്ചതും ഒളയത്തായിരുന്നു. കുമ്പള ഖാസി മുഹമ്മദ് മുസ്ലിയാരുടെ സാന്നിധ്യത്തിലായിരുന്നു ഖുത്ബ നിര്‍വ്വഹിച്ചത്. ജുമുഅ നിസ്‌കാര ശേഷം ഖാസി പറഞ്ഞു ' ഖുതുബ ശരിയായിട്ടുണ്ട്'. നാട്ടുകാര്‍ക്കിടയില്‍ കുടുംബത്തിന് അഭിമാന പട്ടം നേടിക്കൊടുത്ത അലിക്കുഞ്ഞി ഉസ്താദിന് ജ്യേഷ്ഠ സഹോദരന്റെ വക വാച്ചും സമ്മാനമായി ലഭിച്ചു.
അതിന് ശേഷം കുമ്പോലില്‍ കാഞ്ഞങ്ങാട് അബൂബക്കര്‍ മുസ്ലിയാരുടെ കീഴില്‍ ഒരു വര്‍ഷം പഠിക്കുകയും ശേഷം പരപ്പനങ്ങാടിയില്‍ കോട്ടുമല അബൂബക്കര്‍ മുസ്ലിയാരുടെ ദര്‍സില്‍ വിദ്യാര്‍ത്ഥി ജീവിതം തുടര്‍ന്നു.1956 മുതല്‍ 62 വരെയുള്ള സപ്തവര്‍ഷം കോട്ടുമല ഉസ്താദിന്റെ തണലിലായിരുന്നു പoനം. താജുശ്ശരീഅ അലിക്കുഞ്ഞി ഉസ്താദിന്റെ പ്രധാന ഗുരുവും കോട്ടുമല അബൂബക്കര്‍ മുസ്ലിയാരാണ്.
1962 ല്‍ ദയൂബന്ദ് ദാറുല്‍ ഉലൂമിലേക്ക് പുറപ്പെട്ടു. ദൗറത്തുല്‍ ഹദീസ് പഠനം കഴിഞ്ഞ് സേവന രംഗത്തിറങ്ങി.
കുമ്പോല്‍ പള്ളിയിലാണ് സേവനത്തിന് തുടക്കം.8 വര്‍ഷത്തെ കുമ്പോലിലെ സേവനത്തിന് ശേഷം ചെറുവത്തൂര്‍ കടാങ്കോടില്‍ നിന്നു.12 വര്‍ഷം അവിടെ തുടര്‍ന്നു. ശേഷം പൂച്ചക്കാട്, ഉപ്പിനങ്ങാടി, കാഞ്ഞങ്ങാട് ബല്ലാകടപ്പുറം, ഷിറിയ ലത്വീഫിയ്യ, പള്ളിപ്പുഴ, പൊയ്യത്ത്‌ബൈല്‍ എന്നിവിടങ്ങളില്‍ സേവനം ചെയതു.
1961 ലാണ് ആദ്യ ഹജ്ജ് യാത്ര. പ്രസ്തുത യാത്രയില്‍ കഅബക്കകത്ത് കടക്കാന്‍ സൗഭാഗ്യം ഉണ്ടായി.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍, ഷിറിയ ലത്വീഫിയ്യ പ്രസിഡണ്ട്, പൊയ്യത്ത് ബൈയില്‍ ഖാസി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരുമ്പോഴാണ് വഫാത്ത്.
1964ലാണ് വിവാഹം.കാഞ്ഞങ്ങാട് അബൂബക്കര്‍ മുസ്ലിയാരുടെ മകള്‍ മര്‍യം ആണ് ഭാര്യ.
സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഉമര്‍ കുഞ്ഞിക്കോയ തങ്ങള്‍, ബേക്കല്‍ ഇബ്‌റാഹിം മുസ്ലിയാര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, സയ്യിദ് എം എസ് തങ്ങള്‍ മാസ്തിക്കുണ്ട്, ചെര്‍ക്കള അഹ്മദ് മുസ്ലിയാര്‍, വലിയുല്ലാഹി കാക്കൂ ഉമര്‍ ഫൈസി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, അബ്ദുല്‍ മജീദ് ഫൈസി ചെര്‍ക്കള തുടങ്ങിയവര്‍ പ്രധാന ശിഷ്യന്മാരാണ്.

0 التعليقات: