ന്യൂഡൽഹി:അസമിൽ ബി.ജെ.പി നേതാവിന്‍റെ വാഹനത്തിൽനിന്ന് വോട്ടുയന്ത്രം പിടികൂടിയ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രണ്ടാംഘട്ട നിയമസഭ വോട്ടെടുപ്പ് നടന്ന വ്യാഴാഴ്ച രാത്രിയാണ് പാതാർകണ്ടി ബി.ജെ.പി എം.എൽ.എയും സ്ഥാനാർഥിയുമായ കൃഷ്ണേന്ദു പാലിന്‍റെ കാറിൽനിന്ന് ഇ.വി.എം പിടികൂടിയത്. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ വൻതോതിൽ പ്രചരിച്ചിരുന്നു.
തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് കമീഷൻ ഇ.വി.എം കൈകാര്യം ചെയ്യുന്ന രീതിയെ പ്രിയങ്ക ഗാന്ധി വിമർശിച്ചു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ അന്വേഷണം നടത്തണമെന്നും ഇ.വി.എം ഉപയോഗത്തെക്കുറിച്ച് പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
'ഓരോ തവണയും സ്വകാര്യവാഹനങ്ങളിൽ ഇ.വി.എം കൊണ്ടുപോകുന്ന തെരഞ്ഞെടുപ്പ് വിഡിയോ പുറത്തുവരും. എന്നാൽ അതിൽ പൊതുവായ കാര്യങ്ങൾ ചിലതുണ്ടാകും. 1. വാഹനങ്ങൾ ബി.ജെ.പി സ്ഥാനാർഥിയുടെയോ അവരുടെ അനുയായികളുടേതോ ആകും 2. വിഡിയോകൾ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കി അന്വേഷണങ്ങൾ വഴിതെറ്റിക്കും 3. വിഡിയോ പുറത്തുവിട്ടവരുടെ തോൽവി ഭയമാണ് ഇതെല്ലാമെന്ന് വരുത്തിതീർക്കാൻ ബി.ജെ.പി മീഡിയ മെഷിനറികളെ ഉപയോഗിക്കും. യാഥാർഥ്യം എന്താണെന്നാൽ വളരെയധികം സംഭവങ്ങൾ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നതുതന്നെ' -പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു

0 التعليقات: