Wednesday, 7 April 2021

കത്തി താഴെ വെക്കാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജനാധിപത്യം പറയാന്‍ അവകാശമില്ല: എസ് എസ് എഫ്

 


രാഷ്ട്രീയ വൈരം മറ്റൊരു കൊലക്കു കൂടി കാരണമായിരിക്കുന്നു. പ്രസ്ഥാന കുടുംബാംഗമായിരുന്നു കൊല്ലപ്പെട്ട മന്‍സൂര്‍. നിസ്സാര തര്‍ക്കങ്ങള്‍ പോലും കൊലപാതകത്തിന് കാരണമാകുന്നുവെങ്കില്‍, അണികളെ ആ രൂപത്തില്‍ പരിശീലിപ്പിച്ചെടുക്കുന്ന രാഷ്ട്രീയ സംഘങ്ങള്‍ക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. കൊലപാതകികളും, ഗൂഢാലോചന നടത്തിയവരും തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം. അതുകൊണ്ട് മാത്രം നീതി നടപ്പിലായി എന്ന് കരുതാന്‍ ന്യായമില്ല.കാരണമിതൊരു സാമൂഹിക ദുരന്തമാണ്. സമൂഹമൊന്നാകെയാണ് അരുംകൊല രാഷ്ട്രീയത്തിന്റെ കെടുതികള്‍ അനുഭവിക്കേണ്ടി വരുന്നത്. കൊലപാതക സംസ്‌കാരം അവസാനിക്കുകയാണ് ശാശ്വത പരിഹാരം. കേരളത്തിന്റെ രാഷ്ട്രീയ സാക്ഷരതയും, പ്രബുദ്ധതയും അവകാശ വാദങ്ങള്‍ക്കപ്പുറത്തൊന്നുമല്ലെന്നാണ് ഇടക്കിടെയുള്ള കൊലപാതകങ്ങള്‍ തെളിയിക്കുന്നത്. രാഷ്ട്രീയ കൊലകള്‍ക്ക് നേത്യത്വം നല്‍കുന്ന ന്നവര്‍ക്കെങ്ങിനെയാണ് ജനാധിപത്യം വളര്‍ ത്താന്‍ കഴിയുക. ജനാധിപത്യ കക്ഷികള്‍ക്കെങ്ങിനെയാണ് അവരെ ഉള്‍കൊള്ളാന്‍ കഴിയുക. കുടുംബങ്ങളുടെ കണ്ണുനീര്‍ കാണാന്‍ കഴിയാത്ത ഈ കാപാലികരെ കേരളം മുഴുവന്‍ തള്ളി കളയുക. കേരളം എന്ത് വികസനം നേടിയെന്ന് പറഞ്ഞാലും കഠാര രാഷ്ട്രീയം അവസാനിക്കുന്നതുവരെ നേടിയ പുരോഗതിയൊന്നും പ്രസക്തമല്ല. കേരളീയരെ മറ്റുള്ളവര്‍ക്കുമുന്നില്‍ അപഹാസ്യരാക്കുന്ന കൊലപാതകരാഷ്ട്രീയം അവസാനിക്കണം. രാഷ്ട്രീയ കക്ഷികള്‍ കത്തി താഴെ വെക്കണം.



SHARE THIS

Author:

0 التعليقات: